മധുര: തമിഴ്നാട്ടില്‍ ശരീരഭാരം കുറയ്ക്കാന്‍ യുട്യൂബില്‍ കണ്ട മരുന്ന് കഴിച്ച 19കാരി മരിച്ചു. മീനമ്പല്‍പുരം സ്വദേശിയായ കലയരശിയാണ് മരിച്ചത്. മധുരയിലാണ് സംഭവം.
ജനുവരി 16നാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചത്. പിന്നാലെ അടുത്ത ദിവസം പെണ്‍കുട്ടിക്ക് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വൈകുന്നേരത്തോടെ ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, മരണം സംഭവിച്ചു.
ആശുപത്രിയില്‍ എത്തുമ്പോള്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നുവെന്ന് ഗവണ്‍മെന്റ് രാജാജി ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എം. സുരേഷ് കുമാര്‍ പറഞ്ഞു.
തടി കുറയ്ക്കാനായി ബോറോക്‌സിനാണ് പെണ്‍കുട്ടി കഴിച്ചത്. വീടിന് സമീപത്തുള്ള കടയില്‍ നിന്നാണ് കലയരസി മരുന്ന് വാങ്ങിയത്. എന്നാല്‍ എത്ര അളവിലാണ് പെണ്‍കുട്ടി ഈ മരുന്ന് കഴിച്ചതെന്ന് വ്യക്തമല്ല. അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ ഡോസ് ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്.
മുടികൊഴിച്ചില്‍ നിര്‍ത്താനും ശരീരഭാരം കുറയ്ക്കാനും വെളുക്കാനും ശാസ്ത്രീയമല്ലാത്ത പല രീതിയുമാണ് സോഷ്യല്‍ മീഡിയയിലെ പല ഇന്‍ഫ്‌ളുവന്‍സര്‍മാരും പങ്കുവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയുടെ മരണത്തില്‍ കലയരശിയുടെ പിതാവ് വേല്‍മുരുഗന്‍ പൊലീസില്‍ പരാതി നല്‍കി. സെല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസെടുത്തതായാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: 19-year-old girl dies tragically after taking weight loss medicine she saw on YouTube; case registered in Madurai