പാലക്കാട്: എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട നഗരസഭാ ചെയര്‍ പേഴ്‌സണെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പാലക്കാട് ജില്ലാ കമ്മറ്റി. പ്രമീള ശശിധരന്‍ രാജിവെക്കണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റിയില്‍ 18 അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം. ചെയ്ത തെറ്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏറ്റുപറയണമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രമീള ശശിധരന്‍ പങ്കെടുത്തിരുന്നില്ല. 23 അംഗങ്ങളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. പ്രമീള തെറ്റ് ഏറ്റുപറഞ്ഞില്ലെങ്കില്‍ രാജി വെക്കണമെന്നും അടുത്ത തവണ സീറ്റ് നല്‍കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇടപെടലാണ് പ്രമീള ശശിധരന്‍ സ്വീകരിച്ചതെന്നും രാഹുലിനെതിരെ സമരം ചെയ്ത് ജയിയിലായ പ്രവര്‍ത്തകരോട് പാര്‍ട്ടി എന്ത് മറുപടി പറയുമെന്നും നേതാക്കള്‍ ചോദിച്ചു. നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്കം തകരുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രമീള ശശിധരനോട് വിശദീകരണം തേടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രമീളയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത പാലക്കാട്ടെ റോഡ് ഉദ്ഘാടനത്തിന് ബി.ജെ.പി ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ പങ്കെടുത്തതാണ് വിവാദമായത്. വിഷയത്തില്‍ പ്രമീളയെ പിന്തുണച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും കൃഷ്ണകുമാര്‍ പക്ഷമുള്‍പ്പെടെയാണ് ചെയര്‍പേഴ്സണെതിരെ തിരിഞ്ഞത്.