ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദേശീയ ഷൂട്ടിങ് കോച്ചിനെതിരെ കേസ്.
അങ്കുഷ് ഭരതരാജിനെതിരെയാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കോച്ചിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
17 വയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ മാസം ഫരീദാബാദിലെ ഹോട്ടലില്‍ പ്രകടനം വിശകലനം ചെയ്യാന്‍ എന്ന പേരില്‍ വിളിച്ച് വരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് ഹരിയാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍.ആര്‍.എ.ഐ) ദേശീയ തല ഷൂട്ടിങ് പരിശീലകനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
‘ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പരിശീലകനെ എല്ലാ ചുമതലകളില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നു. പുതിയ നിയമനങ്ങളൊന്നും നല്‍കില്ല’ എന്‍.ആര്‍.എ.ഐ സെക്രട്ടറി ജനല്‍ പവന്‍ കുമാര്‍ സിങ് പറഞ്ഞു.
കായികതാരത്തിന്റെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു ഹരിയാന പൊലീസ് കേസെടുത്തത്.
കുറ്റകൃത്യം നടന്ന സമയത്ത് താരത്തിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6, ഭാരതീയ നിയമ സംഹിതയിലെ സെക്ഷന്‍ 351(2) എന്നിവ പ്രകാരമാണ് ചൊവ്വാഴ്ച്ച ഫരീദാബാദിലെ എന്‍.ഐ.ടി വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഡിസംബര്‍ 16ന് ന്യൂദല്‍ഹിയിലെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് അക്കാദമിയില്‍ നടന്ന ദേശീയതല ഷൂട്ടിങ് മത്സരത്തിന് ശേഷമാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
മത്സര ശേഷം പ്രതി ഫരീദാബാദിലെ സൂരജ്കുണ്ടിലുള്ളൊരു ഹോട്ടലിലേക്ക് താരത്തെ പ്രകടനം വിശകലനം ചെയ്യാനെന്ന വ്യാജേന് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് മുറിയിലേക്ക് കൊണ്ട് പോയെന്നും എതിര്‍പ്പ് വകവെക്കാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ദ്രോഹിക്കുമെന്നും കോച്ച് താരത്തെ ഭീഷണിപ്പെടുത്തിയതായും കുടുബം പറയുന്നു.
പിന്നീട് കുടുംബത്തെ താരം വിവരം അറിയിക്കുകയായിരുന്നു.
Content Highlight: 17-year-old national shooting star raped; Case filed against coach; suspension