തേനി: തമിഴ് നാട്ടിലെ തേനി ജില്ലയിലെ തെക്കംപെട്ടി സബ് ജയിലില്‍ നിന്ന് തിങ്കളാഴ്ച 17-ഓളം റിമാന്‍ഡ് തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രക്ഷപ്പെട്ട തടവുകാര്‍ക്കായി കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും തടവുകാര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തടവുകാരില്‍ ഒരാള്‍ അപസ്മാരം വന്നതുപോലെ അഭിനയിച്ച് ജയില്‍ ഉദ്യോഗസ്ഥനെ അടുത്തേക്ക് വരുത്തി ആക്രമിക്കുകയും രക്ഷപ്പെടുകയുമായിരുന്നെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ, ജയിലിലുണ്ടായിരുന്ന മറ്റ് ചില തടവുകാരെ മധുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായാണ് വിവരം.
ലിംഗം, രാജ സിങ്കന്തര്‍, കറുപ്പസാമി, സിലംബരശന്‍, തിരുപ്പതി, മാഞ്ചി സുന്ദരം, ശബരി, പൊന്‍ മുത്തു, നിജന്ത്, കാര്‍ത്തിക് രാജ, മുഗിലന്‍, സെല്‍വ, തരുണ്‍, രാജ്കുമാര്, പ്രവീണ്‍, മുത്തു ഇളങ്കോ, രാജുവീന് എന്നീ തടവുകാരാണ് രക്ഷപ്പെട്ടത്. വിവിധ ആക്രമണ കേസുകളുമായി ബന്ധപ്പെട്ടാണ് ഇവര്‍ തേനി ജയിലില്‍ കഴിയുകയായിരുന്നു.
മധുര, ദിണ്ഡിഗല്‍ എന്നിവിടങ്ങളിലെ പോലീസ് സൂപ്രണ്ടുമാര്‍ക്ക് വിവരം നല്‍കുകയും, തടവുകാരെ പിടികൂടുന്നതിനായി വിവിധ പോലീസ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. തേനിയിലും അയല്‍ ജില്ലകളിലുമുള്ള ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തിലെ ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് തേനി.
രക്ഷപ്പെട്ട തടവുകാരില്‍ ഭൂരിഭാഗവും മധുരയില്‍ നിന്നുള്ളവരാണ് ജയില്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. രാമനാഥപുരം, സേലം, വില്ലുപുരം ജില്ലകളില്‍ നിന്നുള്ളവരും രക്ഷപ്പെട്ട തടവുകാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ തങ്ങളുടെ ജന്മനാടുകളിലേക്ക് എത്താന്‍ ശ്രമിച്ചാല്‍ പിടികൂടുന്നതിനായി മധുരയിലെ പ്രാദേശിക പോലീസ് അതീവ ജാഗ്രതയിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴ് നാട് സൗത്ത് സോണ്‍ ഐ.ജി.പി വിജയേന്ദ്ര ബിദാരി സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരച്ചിലിനിടെ രക്ഷപ്പെട്ട തടവുകാരില്‍ നാല് പേരെ പിടികൂടിയതായി ഐ.ജി.പി അറിയിച്ചു.
രക്ഷപ്പെട്ടവരില്‍ പ്രവീണ്‍ കുമാര്‍ എന്നയാളെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.
കൂടാതെ മൂന്ന് പേരെ കൂടി പോലീസ് സംഘം പിടികൂടിയെന്നും ഐ.ജി.പി അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി 17 പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1995ന് ശേഷം തമിഴ്നാട്ടില്‍ നടക്കുന്ന ഏറ്റവും വലിയ ജയില്‍ ചാട്ടങ്ങളിലൊന്നാണിത്.
1995ല്‍ വെല്ലൂരിലെ തടങ്കല്‍ കേന്ദ്രത്തില്‍ല്‍ നിന്ന് എല്‍.ടി.ടി.ഇ ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 43 പേര് രക്ഷപ്പെട്ടിരുന്നു. 47 മീറ്റര്‍ നീളമുള്ള തുരങ്കത്തിലൂടെയായിരുന്നു അവര്‍ അന്ന് രക്ഷപ്പെട്ടത്.
Content Highlight: 17 remand prisoners escape from a sub-jail in Theni district; combing operations lead to arrest of four persons: IGP