| Friday, 14th June 2019, 9:28 am

മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സി.ഒ.ടി നസീറിന്റെ രഹസ്യമൊഴിയെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നസീറിന്റെ രഹസ്യമൊഴിയെടുക്കും. മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് രഹസ്യമൊഴിയെടുക്കുന്നത്. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

നേരത്തെ മൂന്ന് തവണ നസീറിന്റെ മൊഴി എടുത്തിരുന്നു.എ.എന്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ടു തവണ പോലീസ് രേഖപ്പെടുത്തിയില്ല എന്നു നസീര്‍ നേരത്തെ ആരോപിച്ചിരുന്നു.തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു.

മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മൂലമുള്ള വിരോധമാണ് അക്രമി സംഘത്തിന് തന്നോടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.
സംഭവത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

We use cookies to give you the best possible experience. Learn more