| Friday, 20th November 2026, 9:50 pm

ഫലസ്തീന്‍ സ്വയം നിര്‍ണ്ണയാവകാശത്തെ അനുകൂലിച്ച് 162 രാജ്യങ്ങള്‍; പ്രമേയത്തിന് അംഗീകാരം നല്‍കി യു.എന്‍

റെന്വര്‍ പി

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതു സഭ കമ്മിറ്റി വ്യാഴാഴ്ച അംഗീകരിച്ചു. 162 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എട്ട് രാജ്യങ്ങള്‍ എതിര്‍ക്കുകയും എട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

മനുഷ്യാവകാശങ്ങളും മാനുഷിക വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ജനറല്‍ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയാണ്, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം വീണ്ടും ഉറപ്പിച്ച് പ്രഖ്യാപിക്കുന്നതിനുള്ള ഈ വാര്‍ഷിക പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്തിയത്. ഇസ്രഈല്‍ അധിനിവേശത്തില്‍ നിന്ന് മുക്തമായി, സ്വന്തം ഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതാണ് പ്രമേയം.

സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശം നിരുപാധികമാണ്. അത് ഉപേക്ഷിക്കാനോ, ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനോ അല്ലെങ്കില്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിക്കൊടുക്കാനോ പാടില്ലാത്തതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഇസ്രഈലും അമേരിക്ക, അര്‍ജന്റീന, പരാഗ്വേ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂ ഗിനിയ, പലാവു എന്നീ രാജ്യങ്ങളുമാണ് പ്രമേയത്തെ എതിര്‍ത്തത്. യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളും, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഫലസ്തീന്‍ സ്വയം നിര്‍ണയാവകാശത്തിനുള്ള പ്രമേയത്തെ പിന്തുണച്ചു.

ഫലസ്തീന്‍ പ്രദേശങ്ങളിലുള്ള ഇസ്രഈലിന്റെ തുടര്‍ച്ചയായ അധിനിവേശം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) ഉപദേശക അഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശ വിനിയോഗത്തിന് ഈ അധിനിവേശം ഒരു തടസ്സമാണെന്ന് വിശേഷിപ്പിച്ച കോടതി, അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഐക്യരാഷ്ട്രസഭ പ്രമേയത്തിന് അംഗീകാരം നല്‍കിയതിനെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇസ്രഈലിന്റെ അധിനിവേശം അവസാനിപ്പിക്കാനും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിനായുള്ള സാധ്യതകള്‍ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി സന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ അവകാശം പ്രയോഗിക്കാന്‍ ഫലസ്തീനികളെ അനിശ്ചിതമായി കാത്തിരിക്കാന്‍ നിര്‍ബന്ധിതരാക്കരുതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിനും പ്രസക്തമായ യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കുന്നതും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ ഒരു പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതും ഈ സ്വയം നിര്‍ണയാവകാശത്തില്‍ നിന്ന് ഒഴിവാക്കാനാകാത്ത ഘടകമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇസ്രഈയലി കുടിയേറ്റ വ്യാപനം, അധിനിവേശം, നിര്‍ബന്ധിത കുടിയിറക്കല്‍, കുടിയേറ്റക്കാരുടെ അക്രമം, ഭൂമി പിടിച്ചെടുക്കല്‍ എന്നിവ ഫലസ്തീനികളുടെ അവകാശങ്ങള്‍ വിനിയോഗിക്കാനുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുന്നു. അത് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രാദേശിക, രാഷ്ട്രീയ അടിത്തറകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളില്‍ ഫലസ്തീന്‍ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനപ്പുറം അന്താരാഷ്ട്ര സമൂഹം അവ നടപ്പിലാക്കുന്നതിലും സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രഈല്‍ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനൊപ്പം, ഫലസ്തീന്‍ പ്രദേശം, സംസ്ഥാന സ്ഥാപനങ്ങള്‍, ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കണമെന്നും മന്ത്രാലയം രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Content Highlight: 162 countries back Palestinians’ right to self-determination at UN

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more