| Thursday, 1st October 2026, 2:27 pm

ഇന്നായിരുന്നെങ്കില്‍ കണ്ണുംപൂട്ടി 2000 കോടി; പതിനാറാം വാര്‍ഷികത്തില്‍ എന്തിരനെ അനുസ്മരിച്ച് സിനിമാ പേജുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് ഇന്ത്യയിലെ പ്രധാന താരങ്ങളെല്ലാം. കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിക്കുന്ന ചിത്രങ്ങള്‍ വമ്പന്‍ തുക മുടക്കി പ്രൊമോഷന്‍ നടത്തിയാണ് രാജ്യത്തൊട്ടാകെയുള്ള പ്രേക്ഷകരിലേക്കെത്തിക്കാറുള്ളത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാഹുബലി മുതലാണ് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളെന്ന ടേം സിനിമാലോകത്ത് സുപരിചിതമായി തുടങ്ങിയത്.

എന്തിരന്‍. Photo: X.com

എന്നാല്‍ ഇതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമാ ലോകത്ത് പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ ചിത്രമായിരുന്നു രജിനികാന്ത് നായകനായി 2010 ഒക്ടോബര്‍ ഒന്നിന് പുറത്തിറങ്ങിയ എന്തിരന്‍. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രം സയന്‍സ്-ഫിക്ഷന്‍ ഴോണറില്‍ റോബോട്ടുകളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. ചിത്രം പുറത്തിറങ്ങിയതിന്റെ പതിനാറാം വാര്‍ഷികത്തില്‍ എന്തിരനുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ നിറയുന്നത്.

ഇന്നാണെങ്കില്‍ മിനിമം 2000 കോടി ക്ലബ്ബിലെങ്കിലും ഇടം പിടിക്കേണ്ട ചിത്രമായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പലരും എന്തിരനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. സമീപകാലത്ത് പുറത്തിറങ്ങിയ പല മുന്‍നിര ചിത്രങ്ങളെക്കാള്‍ ഗ്രാഫിക്‌സില്‍ എന്തിരന്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നും ചിത്രത്തിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

150 കോടി രൂപയ്ക്കടുത്ത് ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും 300 കോടിയ്ക്കടുത്ത് നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രജിനികാന്തിന്റെ ഇരട്ട റോളിനും ഐശ്വര്യ റായിയുടെ പ്രകടനത്തിനുമൊപ്പം ഷങ്കര്‍ എന്ന സംവിധായകന്റെ വിഷനും മികച്ച പിന്നണി പ്രവര്‍ത്തകരും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് മറ്റൊരു പൊന്‍തൂവലായിരുന്നു ലഭിച്ചത്.

എന്തിരന്‍. Photo: X.com

എന്തിരനെ വെല്ലുന്ന മറ്റൊരു സയന്‍സ്-ഫിക്ഷന്‍ ചിത്രം തമിഴില്‍ നിന്നോ ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നോ പുറത്തിറങ്ങിയിട്ടില്ലെന്നും കാണാം. സംവിധായകന്‍ ഷങ്കറിന് തന്നെ ഇത്തരത്തില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ സ്വീക്വലായ 2.0 യുമായി ഷങ്കര്‍ 2018ല്‍ തിയേറ്ററുകളിലെത്തിയിരുന്നെങ്കിലും ആദ്യഭാഗത്തോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2വും ഗെയിം ചേഞ്ചറും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

Content Highlight: 16 Years of Rajinikanth starrer Enthiran movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more