| Friday, 2nd January 2026, 7:28 am

16 വയസുകാരനായ മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; അമ്മയെ ബാങ്ക് ജോലിയില്‍ നിന്നും സി.പി.ഐ.എം പിരിച്ചുവിട്ടതായി ആരോപണം

രാഗേന്ദു. പി.ആര്‍

ഇടുക്കി: 16 വയസുകാരനായ മകന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് അമ്മയെ ബാങ്ക് ജോലിയില്‍ നിന്ന് സി.പി.ഐ.എം ഭരണസമിതി പിരിച്ചുവിട്ടതായി ആരോപണം. ഇടുക്കിയിലെ കാരിക്കോട് സഹകരണ ബാങ്കിലാണ് സംഭവം.

സ്വീപ്പര്‍ നിസ ഷിയാസിനെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. നിസയെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് നടപടിയെന്ന് നിസ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി കാരിക്കോട് സഹകരണ ബാങ്കിലാണ് നിസ ജോലി ചെയ്യുന്നത്. മാസം 5000 രൂപയാണ് ശമ്പളം. താത്കാലിക ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ട നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ബാങ്കിലെ ജോലി.

തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ മത്സരിച്ച യു.ഡി.എഫിന്റെ വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടിയാണ് നിസയുടെ മകന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ സി.പി.ഐ.എമ്മിന്റെ സ്വാധീന മേഖലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിഷ്ണു വിജയിച്ചതോടെ സി.പി.ഐ.എമ്മിനുള്ളില്‍ അതൃപ്തി ഉണ്ടായി. ഇതിനുപിന്നാലെയാണ് സി.പി.ഐ.എം നടപടി എടുത്തത്.

‘മകന്‍ എതിര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഭരണസമിതി എന്നോട് സംസാരിച്ചിരുന്നു. തുടര്‍ന്ന് ഞാന്‍ മകനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. അതേ ചൊല്ലിയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ മാസം 28ന്, 31 വരെ വന്നാല്‍ മതിയെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെ ഏരിയ സെക്രട്ടറിയെ കണ്ടു. ശേഷം ഒന്നാം തീയതി മുതല്‍ ജോലിയില്‍ പ്രവേശിച്ചോളൂ എന്ന് പറഞ്ഞു, പ്രസിഡന്റിനെ കാര്യം അറിയിച്ചു. എന്നാല്‍ ഒന്നിന് ജോലിക്കെത്തിയപ്പോള്‍ ഇനി വരേണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്,’ നിസ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ജോലിയില്‍ തൃപ്തി ഇല്ലാത്തതിനാലാണ് നിസയെ പിരിച്ചുവിട്ടതെന്നാണ് ഭരണസമിതി നല്‍കുന്ന വിശദീകരണം.

Content Highlight: 16-year-old son worked for UDF candidate; CPI(M) sacks mother from bank job

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more