| Friday, 26th June 2026, 6:48 pm

16 വയസെന്ന് പറഞ്ഞിട്ടും ജയിലിലടച്ചു; നോയിഡ സമരത്തിനെതിരായ കേസില്‍ രണ്ട് മാസം തടവില്‍ കഴിഞ്ഞ് 16 കാരന്‍

സിജൊ

നോയിഡ: തനിക്ക് 16 വയസാണെന്ന് പറഞ്ഞിട്ടും മുതിര്‍ന്നവര്‍ക്കൊപ്പം രണ്ട് മാസം തടവിലിട്ടതായി നോയിഡ സമരത്തിനെതിരായ കേസില്‍ രണ്ട് മാസത്തോളം തടവില്‍ കഴിഞ്ഞ കൗമാരക്കാരന്‍. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് 16 വയസ്സുകാരന്‍ ഈ കാര്യം വെളിപ്പെടുത്തിയത്.

നോയിഡ തൊഴിലാളി സമരത്തിനെതിരെ യു.പിയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് 16 വയസ്സുള്ള കുട്ടി ജയിലിലായത്. കുട്ടിക്ക് 19 വയസാണെന്ന് അറസ്റ്റിന്റെ സമയത്ത് പറഞ്ഞതായി പിന്നീട് പൊലീസ് അവകാശപ്പെടുകയും ചെയ്തിരുന്നു.

കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വാദം കുടുംബാംഗങ്ങളും അഭിഭാഷകനും ആദ്യം തന്നെ നിഷേധിച്ചിരുന്നു. 16 വയസ് മാത്രമാണ് തനിക്കെന്ന് പല തവണ പൊലീസിനോട് പറഞ്ഞിട്ടും തന്നെ മുതിര്‍ന്നവര്‍ക്കൊപ്പം ജയിലിലേക്ക് മാറ്റുകയായിരുന്നെന്ന് ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ കുട്ടി പറഞ്ഞു.

തടവിലായ കുട്ടിക്ക് 16 വയസ് മാത്രമാണുള്ളതെന്ന് ഈ മാസം 16ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോയിഡ സമരത്തിനിടെ ഏപ്രില്‍ 14നായിരുന്നു കുട്ടി അറസ്റ്റിലായത്. ഗ്രേറ്റര്‍ നോയിഡയിലെ കസാന ജയിലില്‍ പ്രായപൂര്‍ത്തിയായ തടവുകാരെപ്പോലെ കണക്കാക്കിയാണ് 16 കാരനെ തടവിലിട്ടതെന്നും ദ വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ വയര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെട്ടിരുന്നു. മനുഷ്യാവവകാശ കമ്മീഷന്‍ ഇടപെടലിന് ശേഷം പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നേരെ സമ്മര്‍ദമുള്ളതായി 16 കാരന്റെ കുടുംബം അറിയിച്ചതായി ഈ മാസം 21ന് ദ വയര്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിന് പിറകെയാണ് കുട്ടിക്ക് 19 വയസാണെന്ന് അറസ്റ്റിന്റെ സമയത്ത് പറഞ്ഞെന്ന് അവകാശപ്പെട്ടുകൊണ്ട് പൊലീസ് ഒരു പ്രസ്താവന ഇറക്കിയത്.

ഒരു ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പൊലീസിന്റെ പ്രസ്താവനയ്‌ക്കൊപ്പം ചേര്‍ത്തിരുന്നു. ദിനേശ് എന്ന 19 വയസ്സുകാരന്റെ പേരിലുള്ളതാണ് ആധാര്‍ കാര്‍ഡ്. 2007 ജനുവരി ഒന്നാണ് ആ ആധാര്‍ കാര്‍ഡില്‍ ജനന തീയ്യതി കാണിച്ചിരിക്കുന്നത്. എന്നാല്‍ ദ വയര്‍ പുറത്തുവിട്ട അഭിമുഖത്തിന്റെ വീഡിയോയില്‍ 2010 ജനുവരി ഒന്ന് കുട്ടിയുടെ ജനന തീയതിയായി ചേര്‍ത്തിട്ടുള്ള മറ്റൊരു ആധാര്‍ കാര്‍ഡാണ് കാണിക്കുന്നത്.

നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഈ കുട്ടി ജോലി ചെയ്തിരുന്നതെന്നും അവിടെ ജോലിക്ക് ചേരുന്ന സമയത്ത് നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പാണ് തങ്ങള്‍ ഹാജരാക്കുന്നതെന്നും പൊലീസ് അവരുടെ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിന് ശേഷമുള്ള പൊലീസിന്റെ പ്രസ്താവനയില്‍ 19 വയസ്സാണ് രേഖപ്പെടുത്തിയതെങ്കില്‍ അറസ്റ്റിന്റെ സമയത്തെ വൈദ്യ പരിശോധനയുടെ രേഖകളില്‍ കുട്ടിക്ക് 18 വയസ്സെന്നായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദ വയര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏപ്രില്‍ 14ന് അറസ്റ്റിലായ കേസില്‍ മേയ് 29ന് കുട്ടിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ 45000 രൂപയുടെ ജാമ്യത്തുക അടക്കാന്‍ കഴിയാത്തതിനാല്‍ മൂന്നാഴ്ച കൂടി ജയിലില്‍ കഴിയുകയായിരുന്നു. കുട്ടിക്ക്
പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് ജൂണ്‍ 12ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരുന്നു. ജുവനൈല്‍ ഹോമില്‍ ആറ് ദിവസം കഴിഞ്ഞ ശേഷം ഈ മാസം 18നാണ് കുട്ടി പുറത്തിറങ്ങി.

ജൂണ്‍ 19നായിരുന്നു സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. ഈ വിഷയത്തില്‍ ഉത്തര്‍ പ്രദേശ് പൊലീസ് മേധാവിക്കും ജയില്‍ ഡയരക്ടര്‍ ജനറല്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് ആയക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചക്കകം സംഭവത്തില്‍ റിപ്പോര്‍ട്ടയക്കാനും നോട്ടീസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: 16 year old boy jailed for nearly 2 months in case against Noida worker Strike- The Wire reports

   
സിജൊ

Latest Stories

We use cookies to give you the best possible experience. Learn more