| Thursday, 5th February 2026, 8:48 pm

നിരോധിച്ച റാറ്റ് ഹോള്‍ ഖനനം സജീവം; മേഘാലയയിലെ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 16 ജീവനുകള്‍; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

അനിത സി

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 മരണം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.

16 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. സ്‌ഫോടനം നടക്കുമ്പോള്‍ എത്രപേര്‍ ഖനിയിലുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാവാനാണ് സാധ്യതയെന്നും ഡി.ജി.പി ഐനോങ്‌റാങ് പറഞ്ഞു.

സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരില്‍ അസം സ്വദേശികളുണ്ടാകാനുള്ള സാധ്യത കുടൂതലാണെന്നും മരണപ്പെട്ടവരെ തിരിച്ചറിഞ്ഞാല്‍ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.

Photo: the hindu/web.com

പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. താങ്‌സു പ്രദേശത്തായിരുന്നു സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഖനിയാണിതെന്നണ് വിവരം.

പരിക്കേറ്റവരെ ആദ്യം സുത്‌ന ആരോഗ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഗുരുതരാവസ്ഥയിലായവരെ ഷില്ലോങ്ങിലേക്ക് മാറ്റുകയായിരുന്നെന്ന് ഈസ്റ്റ് ജയന്തിയ ഹില്‍സ് പൊലീസ് സൂപ്രണ്ട് വികാസ് കുമാര്‍ അറിയിച്ചു.

ഖനി നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന സൂചനയും അദ്ദേഹം പങ്കിട്ടു.

മേഘാലയയിലെ റാറ്റ്-ഹോള്‍ ഖനനവും മറ്റ് അശാസ്ത്രീയമായ ഖനന രീതികളും 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇത്തരം ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരിയുടെ വിപണനവും നിയന്ത്രിച്ചിരുന്നു.

3-4 അടി ഉയരത്തില്‍ മാത്രം നിര്‍മിക്കപ്പെടുന്ന ഇടുങ്ങിയ തുരങ്കങ്ങളിലൂടെ തൊഴിലാളികള്‍ കല്‍ക്കരി ഖനനം നടത്തുന്ന രീതിയാണ് റാറ്റ്-ഹോള്‍ ഖനനം.

ഒരു വ്യക്തിക്ക് മാത്രം കടന്നുപോകാന്‍ സാധിക്കുന്ന ഇത്തരം അപകട സാധ്യതകളേറെയുള്ള ഖനന രീതി സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരോധിച്ചത്.

സുപ്രീം കോടതിയും ഇക്കാര്യം ശരിവെച്ചിരുന്നു. എന്നാല്‍, മേഘാലയയിലുള്‍പ്പടെ നിയമവിരുദ്ധമായി ഇത്തരത്തിലുള്ള അശാസ്ത്രീയവും സുരക്ഷാ ഭീഷണികളേറെയുള്ളതുമായ ഖനനം തുടരുന്നുണ്ടെന്നാണ് അപകടങ്ങള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Banned rat hole mining active; 16 lives lost in explosion in Meghalaya; many trapped

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more