| Sunday, 28th September 2025, 8:59 pm

'മലര്‍വാടി'യെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അദ്ദേഹത്തിന്റെ മുഖം; ആ മുഖത്താണ് ആദ്യ ഷോട്ടിനായി ക്യാമറ വെച്ചത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലര്‍വാടിയി ആര്‍ട്‌സ് ക്ലബില്‍ തുടങ്ങി ഇന്ന് കരം വരെ എത്തി നില്‍ക്കുകയാണ് വിനീത് ശ്രീനിവാസന്റെ സിനിമാ കരിയര്‍. മലര്‍വാടി സംവിധാനം ചെയ്തിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ വിനീത് പങ്കുവെക്കുന്നു.

മലര്‍വാടി ആര്‍ട്‌സ് ക്ലബിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം തന്റെ മനസിലേക്ക് വരുന്നത് ജഗതി ശ്രീകുമാറിന്റെ മുഖമാണെന്ന് അദ്ദേഹം പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘ആ മുഖത്താണ് ആദ്യ സിനിമയുടെ ആദ്യ ഷോട്ടിനായി ക്യാമറ വച്ചത്. ഡേറ്റ് ചോദിച്ച് ഒരു താരത്തിനെ കാണാന്‍ പോവുന്നതും അദ്ദേഹത്തെയാണ്. ലൊക്കേഷനില്‍ വരുമ്പോള്‍ അമ്പിളിച്ചേട്ടനെന്നും അല്ലാത്തപ്പോള്‍ ജഗതിയങ്കിള്‍ എന്നുമാണു വിളിച്ചു ശീലിച്ചത്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ കരം സിനിമയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിശാഖും താനും നിര്‍മാണത്തില്‍ പങ്കാളികളായതുകൊണ്ട് ടെന്‍ഷന്‍ വീതിച്ചെടുത്തുവെന്ന് വിനീത് പറയുന്നു. ഒരൊറ്റ ദിവസം മാത്രമേ കേരളത്തില്‍ ഷൂട്ട് ചെയ്തിട്ടുള്ളവെന്നും അഞ്ചു ദിവസം ഉത്തരേന്ത്യയിലും. ബാക്കി മുഴുവനും ജോര്‍ജിയയിലും അസര്‍ ബൈജാനിലും റഷ്യയിലുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുമ്പ് നിര്‍മിച്ച സിനിമകളെല്ലാം നാട്ടിലായിരുന്നു ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ കുറച്ച് ടഫ് ആയിരുന്നു. പണ്ട് ജേക്കബിന്റെ സ്വര്‍ഗരാജ്യം ദുബായിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ കേരളത്തിന്റെ തുടര്‍ച്ചയായിട്ടാണ് തോന്നിയത്. എവിടെയും മലയാളികള്‍. പക്ഷേ കരം ഷൂട്ട് ചെയ്യാന്‍ പോയത് യൂറോപ്പിലേക്കാണല്ലോ. അവിടെ മറ്റൊരു ശൈലിയാണ്. 12 മണിക്കൂറില്‍ കൂടുതല്‍ ക്രൂ ജോലിചെയ്യില്ല. ഞായറാഴ്ച അവധിയാണ്. തീരുന്നത് വരെ ഷൂട്ട് ചെയ്യുക എന്ന രീതിയൊന്നും നടക്കില്ല,’ വിനീത് പറയുന്നു.

Content highlight: 15 years after directing Malarvadi, Vineeth shares his memories of the film

We use cookies to give you the best possible experience. Learn more