ജയ്പൂര്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരുന്നതില്‍ ആശങ്ക പങ്കുവെച്ച് രാജസ്ഥാന്‍ ഹൈക്കോടതി. തടയാനാവാത്ത വിധത്തില്‍ അതിവേഗം സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.
രാജസ്ഥാന്‍ സര്‍ക്കാര്‍ ഉടനെ തന്നെ ഒരു സൈബര്‍ ക്രൈം കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (14C) മാതൃകയില്‍ സൈബര്‍ ക്രൈം കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കാനാണ് കോടതിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് നിലവില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനും അന്വേഷിക്കാനും നടപടികളെടുക്കാനും ശരിയായ സംവിധാനമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
റൈഡിങ് ആപ്പുകള്‍ക്കും സെക്കന്‍ ഹാന്‍ഡ് വസ്തുക്കളുടെ ഓണ്‍ലൈന്‍ വില്‍പനയുമായി ബന്ധപ്പെട്ടും രാജസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ ഹൈക്കോടതി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നീക്കം.
സംസ്ഥാനത്ത് ഒരാള്‍ക്ക് നാലാമത്തെ സിം അനുവദിക്കുന്നതിന് മുമ്പ് പരിശോധന നിര്‍ബന്ധമാക്കണം. എല്ലാ ഗിഗ് തൊഴിലാളികളും ഡിജി സൈബറില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് അടുത്തവര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ ഐ.ഡി കാര്‍ഡും പ്രത്യേക യൂണിഫോമും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഒപ്പം, റൈഡ് ബുക്കിങ് ആപ്പുകളില്‍ കുറഞ്ഞത് 15 ശതമാനം വനിതാ ഡ്രൈവര്‍മാരുണ്ടെന്ന് ഉറപ്പാക്കണം, സെക്കന്‍ ഹാന്‍ഡ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ വില്‍പനയും വാങ്ങലും നിയന്ത്രിക്കണം, ഒമ്പതാം ക്ലാസ് വരെയുള്ള അഥവാ 16 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാനായി എസ്.ഒ.പി രൂപീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.
നിര്‍ജ്ജീവമായ ബാങ്ക് അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കണം. കെ.വൈ.സി വീണ്ടും നടത്തണമെന്നും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
രാജസ്ഥാന്‍ സര്‍ക്കാരിന് പുറമെ സംസ്ഥാനത്തെ ബാങ്കുകള്‍, ധനകാര്യ. സ്ഥാപനങ്ങള്‍, ഇ-കൊമേഴ്‌സ് കമ്പനികള്‍, ഗിഗ് തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി 35ഓളം നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.
ഈ വര്‍ഷം ജനുവരിയില്‍ പൊലീസെന്ന് വിശ്വസിപ്പിച്ച് എണ്‍പതു വയസുള്ള ദമ്പതികളില്‍ നിന്നും 2.02 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.
ജസ്റ്റിസ് രവി ചിരാനിയയാണ് കേസ് പരിഗണിച്ചത്. കേസില്‍ ജോധ്പൂര്‍ ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
Content Highlight: 15% female drivers mandatory in ride booking apps: Rajasthan High Court