ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കുടുംബവാഴ്ചയുടെ തെളിവുകള്‍ പുറത്ത്. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ബന്ധുക്കളുടെ കമ്പനികള്‍ക്കായി 384 കോടി രൂപയുടെ 146 തൊഴില്‍ കരാറുകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.
ടെന്‍ഡറുകള്‍ അട്ടിമറിച്ച് പേമ ഖണ്ഡുവിന്റെ ഭാര്യ സെറിങ് ഡോള്‍മ, സഹോദരന്‍ താഷ് ഖണ്ഡു, അദ്ദേഹത്തിന്റെ ഭാര്യ നിമ ഡ്രെമ എന്നിവരുടെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് കോടികളുടെ കരാറുകള്‍ നല്‍കിയിരിക്കുന്നത്.
16.83 കോടി രൂപയുടെ 59 കരാറുകള്‍ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ നേരിട്ട് നല്‍കിയതാണ്. ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാനുള്ള പരിധി 50 ലക്ഷമാണ് അരുണാചല്‍ പ്രദേശില്‍. എന്നാല്‍ പേമ ഖണ്ഡുവിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ ടെന്‍ഡറുകളില്‍ പലതും 50 ലക്ഷമെന്ന പരിധി മറികടക്കുന്നതാണ്. പതിനൊന്ന് കരാറുകളെങ്കിലും ഈ പരിധി മറികടന്നതായി സത്യാവാങ് മൂലത്തില്‍ പറയുന്നു. തവാങ് ജില്ലയിലെ സ്ഥാപനങ്ങളുടെ മാത്രം കണക്കാണിത്.
ടെന്‍ഡര്‍ സമ്പ്രദായങ്ങളിലെ അട്ടിമറി ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീം കോടതി സത്യവാങ്മൂലം നല്‍കാന്‍ അരുണാചല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 18ന് പുറപ്പെടുവിച്ച ഈ ഉത്തരവിനെ തുടര്‍ന്നാണ് ബി.ജെ.പി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
2012 മുതല്‍ 2023 വരെയുള്ള കരാറുകളെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ടെന്‍ഡറുകളുടെ വിശദാംശങ്ങള്‍ നിരീക്ഷിച്ച കോടതി, കണക്കുകള്‍ തന്നെ സ്വയം സംസാരിക്കുന്നതാണെന്ന് പ്രതികരിച്ചു. ഈ യാദൃശ്ചികത ശ്രദ്ധേയമാണെന്നും കോടതി നിരീക്ഷിച്ചു.
തവാങ് ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകളിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അനുവദിച്ച ടെന്‍ഡറുകളുടെ വിവരങ്ങള്‍ ചേര്‍ത്ത് സമഗ്രമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മറ്റ് പ്രദേശങ്ങളിലും അട്ടിമറി നടന്നിട്ടുണ്ടാകുമെന്ന് സേവ് മോണ്‍ റീജിയന്‍ ഫെഡറേഷന്‍ എന്ന മോണ്‍പെ സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടന അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.
സുപ്രീം കോടതിയിലെ രണ്ടംഗ ബെഞ്ച് കേസ് അടുത്തവര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കും.
അതേസമയം, ഖണ്ഡുവിന്റെ കുടുംബത്തിനായി കരാറുകള്‍ നല്‍കിയെന്ന ആരോപണം നിഷേധിച്ച് അരുണാചല്‍ സര്‍ക്കാര്‍ രംഗത്തെത്തി. സംസ്ഥാനത്തെ പരമ്പരാഗത ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായാണ് തദ്ദേശീയരായവര്‍ക്ക് കരാറുകള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Content Highlight: 146 contracts worth Rs 384 crore; All to Arunachal CM Pema Khandu’s family