| Sunday, 27th July 2025, 9:58 pm

മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പദ്ധതിയുടെ പണം പറ്റുന്നത് 14,000 പുരുഷന്മാര്‍; സര്‍ക്കാരിന് നഷ്ടം 1,640 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: സത്രീകളെ ലക്ഷ്യം വെച്ചുള്ള മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന്റെ ലഡ്കി ബഹന്‍ പദ്ധതിയിലൂടെ അനധികൃതമായി ആയിരക്കണക്കിന് പുരുഷന്മാര്‍ പണം കൈക്കലാക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വനിതാ-ശിശു വികസന വകുപ്പ് (ഡബ്ല്യു.സി.ഡി) നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്.

 പദ്ധതി പ്രകാരം 14,000ത്തിലധികം പുരുഷന്മാര്‍ അനധികൃതമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടിയതായി ഓഡിറ്റില്‍ കണ്ടെത്തി.

ഇത്തരത്തില്‍ 14,298 പുരുഷന്മാര്‍ക്ക് 21.44 കോടി രൂപ കൈപ്പറ്റിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2024ലാണ് ബി.ജെ.പി കക്ഷിയായിട്ടുള്ള മഹായുതി സഖ്യം ലഡ്കി ബഹന്‍ പദ്ധതി പ്രഖ്യാപിച്ചത്.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശിവസേനയുടെയും എന്‍.സി.പിയുടെയും പിന്തുണയോടെ സംസ്ഥാനത്ത് രൂപീകൃതമായ മഹായുതി സഖ്യത്തെ വീണ്ടും അധികാരത്തില്‍ വരാന്‍ ഈ പദ്ധതി സഹായിച്ചു. ഈ പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ 21 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ ധനസഹായമായി നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

പദ്ധതി നടപ്പിലാക്കി പത്തു മാസത്തിന് ശേഷമാണ് ക്രമക്കേട് പുറത്തുവരുന്നത്. ലഡ്കി ബഹിന്‍ പദ്ധതി പാവപ്പെട്ട സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയതാണെന്നും നിലവില്‍ നടന്ന തട്ടിപ്പ് ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.

‘ദരിദ്ര സ്ത്രീകളെ സഹായിക്കുന്നതിനാണ് ലഡ്കി ബഹിന്‍ പദ്ധതി ആരംഭിച്ചത്. പുരുഷന്മാര്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ ഒരു കാരണവുമില്ല. അവര്‍ക്ക് നല്‍കുന്ന പണം ഞങ്ങള്‍ തിരിച്ചുപിടിക്കും. അവര്‍ സഹകരിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും’ അജിത്ത് പവാറിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അര്‍ഹതയില്ലാത്ത നിരവധി പേര്‍ പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ കയറിക്കൂടിയതിലൂടെ
ആദ്യ വര്‍ഷത്തില്‍ തന്നെ 1,640 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നു. സ്ത്രീകളുടെ പേരില്‍ ആയിരക്കണക്കിന് വ്യാജ എന്റോള്‍മെന്റുകളാണ് നടന്നത്.

ഒരു കുടുംബത്തിന് പരമാവധി രണ്ട് സ്ത്രീകള്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ അനുവദിക്കൂ എന്ന് പദ്ധതിയില്‍ നിബന്ധനയുണ്ട്. എന്നിട്ടും, 7.97 ലക്ഷത്തിലധികം സ്ത്രീകള്‍ ഒരേ കുടുംബത്തില്‍ നിന്ന് മൂന്നാം അംഗങ്ങളായി ചേര്‍ന്നിട്ടുണ്ടെന്ന് ഡബ്ല്യു.സി.ഡി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: 14000 men receive money under Ladki Bahin scheme  for women

We use cookies to give you the best possible experience. Learn more