| Wednesday, 23rd September 2026, 1:57 pm

പത്ത് മാസത്തിനിടയില്‍ കമ്മീഷന്‍ നടപടികളെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എതിര്‍ത്തത് 14 തവണ

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: എസ്.ഐ.ആര്‍ തുടങ്ങിയതിനുശേഷം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ത്തന്നെ വിഷയത്തില്‍ എതിര്‍പ്പുകളുയര്‍ന്നതായി കണ്ടെത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ 14 തവണ എസ്.ഐ.ആര്‍ നടപടികളെ ഔദ്യോഗിക റെക്കോര്‍ഡില്‍ എതിര്‍ത്തതായി കണ്ടെത്തിയത്.

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും പേരുകള്‍ നീക്കം ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് അവര്‍ പരാതിപ്പെട്ടത്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിലുള്ള നടപടികളെ അനധികൃതവും നിയമവിരുദ്ധവും എന്ന് കമ്മീഷണര്‍മാര്‍ വിളിച്ചു എന്ന് റിപ്പോര്‍ട്ടിലുണ്ട്.

വോട്ടര്‍ രജിസ്‌ട്രേഷനും പേരുനീക്കലിനും പുറമെ എസ്.ഐ.ആര്‍ പ്രക്രിയയില്‍ വോട്ടര്‍മാരെ പുനസ്ഥാപിക്കുന്ന ഉത്തരവുകള്‍ക്കെതിരെയുള്ള അപ്പീലുകള്‍ സമര്‍പ്പിക്കല്‍, വോട്ടര്‍ പട്ടികയുടെ കസ്റ്റഡി, സുരക്ഷ എന്നിവയിലെല്ലാം എതിര്‍പ്പുകള്‍ രേഖപ്പെടുത്തിയിരുന്നു. ഈ എതിര്‍പ്പുകളുടെ പകര്‍പ്പുകള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മീഷണര്‍മാരുടെ രേഖാമൂലമുള്ള ഉപദേശത്തിന് വിരുദ്ധമായി ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും ആ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്നും ഇത്തരത്തില്‍ രേഖാമൂലമുള്ള ഒരു എതിര്‍പ്പില്‍ സുഖ്ബീര്‍ സിങ് സന്ധു അവകാശപ്പെട്ടു.

അടുത്തിടെ ജോലിയിലെ മാറ്റങ്ങളെ സംബന്ധിച്ച് വിവേക് ജോഷിയും സുഖ്ബീര്‍ സിങ് സന്ധുവും കാബിനറ്റ് സെക്രട്ടറിയ്ക്ക് വെവ്വേറെ കത്തെഴുതിയിരുന്നു. അതിനെത്തുടര്‍ന്ന് ഇലക്ടൊടറല്‍ റോളില്‍ ഇവരുടെ അനുവാദമില്ലാതെ ഒരു അധിക സുരക്ഷാഘട്ടം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന അധികൃതരെ മറികടന്ന് വോട്ടര്‍ ഡാറ്റാബേസ് ആക്‌സസ് ദല്‍ഹിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെയും എതിര്‍ത്തിട്ടുണ്ട്. വോട്ടര്‍ സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാന്‍ കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

കമ്മീഷന്‍ നടപടികളെക്കുറിച്ച് കമ്മീഷനുള്ളില്‍ തന്നെ എതിരഭിപ്രായം ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ എതിര്‍പ്പുകള്‍ നേരിടുന്ന എസ്.ഐ.ആര്‍ നടപടികളുടെ ആധികാരികതയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നതാണ്.

എന്നാല്‍ എസ്.ഐ.ആറില്‍ സ്വീകരിച്ച തീരുമാനങ്ങളെല്ലാം ഏകകണ്‌ഠേന ഉള്ളതായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ട് പ്രതികരിച്ചിട്ടുണ്ട്.

ഭരണത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പാവയായി ഉപയോഗിക്കുകയാണെന്നും വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: 14 times in 10 months, two Election Commissioners objected on record poll panel steps.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more