| Friday, 24th April 2026, 7:45 am

ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത് 14 ഇന്ത്യൻ ചരക്കുകപ്പലുകൾ; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

മുഹമ്മദ് നബീല്‍

ന്യൂദൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെ 14 ചരക്കുകപ്പലുകൾ കുടുങ്ങി കിടക്കുന്നുന്നതായി വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് റൺധീർ ജയ്‌സ്വാൾ തന്റെ പ്രതിവാര പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കഴിഞ്ഞ ആഴ്ചകളിൽ ഹോർമുസ് കടലിടുക്കിൽ നിന്നും 10 ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ട്. 14 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫിൽ കുടുങ്ങികിടപ്പുണ്ട്,’ അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ ജീവനക്കാരുള്ള രണ്ട് വിദേശ കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായതായും ജയ്‌സ്വാൾ അറിയിച്ചു.

ജീവനക്കാർ സുരക്ഷിതരാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ കപ്പലുകൾ അല്ലാത്തതിനാൽ ഇവയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പരിമിതമാണെന്നും വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇറാനുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

‘ബാക്കിയുള്ള കപ്പലുകൾ ഇന്ത്യയിലേക്ക് എത്തിക്കാനായി ഇറാൻ സർക്കാരുമായുള്ള നമ്മുടെ ചർച്ചകൾ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്,’ റൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വിദേശ കപ്പലുകൾക്ക് നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിൽ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു.

‘ഇന്ത്യൻ പതാകയുള്ള കപ്പലുകളെ ഇതൊന്നും ബാധിച്ചിട്ടില്ലെങ്കിലും, ഈ മേഖലയിലെ വിദേശ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്,’ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി മുകേഷ് മംഗൾ പറഞ്ഞു.

വിദേശ കപ്പലുകൾക്കുനേരെയുണ്ടായ വെടിവെയ്പ്പിൽ ഇന്ത്യൻ നാവികർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: 14 Indian cargo ships stuck in Hormuz; Ministry of External Affairs clarifies

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more