അബുജ: നൈജീരിയയിൽ നിന്നും അക്രമിസംഘം തട്ടികൊണ്ടുപോയ കത്തോലിക്കാ സ്കൂളിലെ കുട്ടികളിൽ 130 പേരെക്കൂടി മോചിപ്പിച്ചെന്ന് റിപ്പോർട്ട്.
സൈനിക ഇന്റലിജൻസിന്റെ പ്രവർത്തനത്തെ തുടർന്നാണ് കുട്ടികളെ മോചിപ്പിക്കാനായതെന്നും മോചിതരായ കുട്ടികൾ തിങ്കളാഴ്ച മിന്നയിൽ എത്തിയെന്നും നൈജീരിയൻ സർക്കാർ അറിയിച്ചു.
നവംബർ 21 നായിരുന്നു നൈജീരിയയിലെ പാപ്പിരി ഗ്രാമത്തിലെ സെന്റ് മേരീസ് കാത്തലിക് ബോർഡിങ് സ്കൂളിൽ നിന്നും 315 വിദ്യാർത്ഥികളെയും ജീവനക്കാരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരിൽ 10 വയസുപോലും പ്രായമാകാത്ത കുട്ടികളുമുണ്ടെന്നാണ് വിവരം.
‘അക്രമികൾ തട്ടികൊണ്ടുപോയ കുട്ടികളിൽ 130 പേരെക്കൂടി ഇപ്പോൾ വിട്ടയച്ചു. അവർ തിങ്കളാഴ്ച മിന്നയിൽ എത്തി. സൈനിക ഇന്റലിജൻസിന്റെ നിയന്ത്രിത പ്രവർത്തനത്തെ തുടർന്നാണ് സ്കൂൾ കുട്ടികളുടെ മോചനം,’ നൈജീരിയൻ സർക്കാർ പറഞ്ഞു.
230 വിദ്യാർത്ഥികളാണ് ഇപ്പോൾ മോചിതരായതെന്നും സർക്കാർ കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടുപോകൽ നടത്തിയത് ഏത് സംഘമാണെന്നോ എങ്ങനെ മോചിപ്പിച്ചെന്നോ സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഈ മാസം 10 ന് നൂറോളം വിദ്യാർത്ഥികളെ വിട്ടയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണ സമയത്ത് അമ്പതോളം കുട്ടികൾ രക്ഷപ്പെട്ടിരുന്നെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചിരുന്നു.
നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവിന്റെ പ്രസ്താവനയിൽ ഇപ്പോഴും തടവിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ കൂടുതലുണ്ടന്നാണ് റിപ്പോർട്ട്.
പശ്ചിമാഫ്രിക്കൻ രാജ്യത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് വംശഹത്യയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ആരോപണത്തിന് പിന്നാലെ അമേരിക്കയിൽ നിന്നും നയതന്ത്ര ആക്രമണം നേരിടുന്നതിനിടെയാണ് നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടുപോകലുകൾ ഉണ്ടായത്.
അമേരിക്കയിലും യൂറോപ്പിലും ക്രിസ്ത്യൻ വലതുപക്ഷം വളരെക്കാലമായി ഉപയോഗിച്ചുവരുന്ന ചട്ടക്കൂടിനെ നൈജീരിയൻ സർക്കാരും സ്വതന്ത്ര വിശകലന വിദഗ്ധരും നിരസിച്ചിരുന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നവംബറിൽ നടന്ന കൂട്ട തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങൾ ഇതിനകം തന്നെ മോശമായിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Content Highlight: 130 more children kidnapped by gangs in Nigeria released: Nigerian government