ഗസ: ഇസ്രഈലിന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് ഖാന്‍ യൂനിസ് സ്വദേശിയും 13 വയസുകാരനുമായ മുഹമ്മദ് അഹമ്മദ് കമല്‍ സര്‍ഹാന്‍. മെയ് 19ന് നടന്ന ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് തന്റെ പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് സര്‍ഹാന്‍.
മെയ് 19 രാവിലെ ആറ് മണിയോടെ ഇസ്രഈല്‍ സൈന്യം തന്റെ വീട്ടില്‍ റെയ്ഡിനെത്തിയെന്നും സൈനിക പരിശീലനം നേടിയ നായയെക്കൊണ്ട് സൈന്യം തന്റെ മാതാവിനെ കടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സര്‍ഹാന്‍ പറയുന്നു. മിഡില്‍ ഈസ്റ്റ് ഐയോട് സംസാരിക്കുന്നതിനിടെയാണ് സര്‍ഹാന്‍ താന്‍ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്.
റെയ്ഡ് ആരംഭിച്ച സമയം താനും അമ്മയും സഹോദരങ്ങളായ യൂസഫ് (രണ്ട്), ജൂഡ് (ഒമ്പത്), മഹ്‌മൂദ് (10), വെയ്ല്‍ (11) എന്നിവര്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു. ഈ സമയം അച്ഛന്‍ കുളിമുറിയിലായിരുന്നു. അടുക്കളയും കുളിമുറിയും ഉള്‍പ്പെടുന്ന ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു തന്റെ വീടെന്നും സര്‍ഹാന്‍ പറഞ്ഞു.
അമ്മയെ ആക്രമിക്കാനെത്തിയ നായയെ താന്‍ തടഞ്ഞുവെന്നും തുടര്‍ന്ന് അമ്മയെ സൈനികര്‍ ചേര്‍ന്ന് വലിച്ചിഴച്ച് ചുമരില്‍ തലകൊണ്ട് ഇടിപ്പിച്ചുവെന്നും സര്‍ഹാന്‍ പറഞ്ഞു. പിന്നീട് അമ്മയെ അവര്‍ സൈനിക വ്യൂഹത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഇതിനിടെ വെടിയേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന അച്ഛനെ കണ്ടു. പിന്നാലെ വെയ്ല്‍ ബോധം നഷ്ടപ്പെട്ട് കിടക്കുന്നതാണ് കണ്ടതെന്നും സര്‍ഹാന്‍ പറഞ്ഞു.
തുടര്‍ന്ന് സൈനികര്‍ അമ്മയെയും തന്നെയും സൈനിക വാഹനത്തില്‍ കിടത്തി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇതിനിടെ ഒരു സൈനികനോട് താന്‍ ചോദിച്ചു, എന്തിനാണ് ഈ ക്രൂരതയെന്ന്? മറുപടിയായി ലഭിച്ചത്, നീയാണോ നിന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത്. അതേ എന്ന് താന്‍ ഉത്തരം നല്‍കി. എന്നാല്‍ അതുകൊണ്ട് തന്നെയാണ് നിന്നെ തട്ടിക്കൊണ്ടുപോകുന്നതെന്ന് സൈനികന്‍ പറഞ്ഞതായും സര്‍ഹാന്‍ ഓര്‍മിച്ചു.
പിന്നീട് വെടിയൊച്ചകളും ടാങ്കറുകളുടെ ശബ്ദങ്ങളും മാത്രമുള്ള ഗസയിലെ ഒരു വിദൂര സ്ഥലത്തേക്കാണ് തങ്ങളെ കൊണ്ടുപോയത്. ശേഷം അമ്മയെ അവര്‍ മറ്റൊരു റൂമിലേക്ക് മാറ്റി. പിന്നാലെ താന്‍ കേട്ടത് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അമ്മയുടെ നിലവിളിയാണ്.
ഒടുവില്‍ സൈനികര്‍ തന്നെ പുറത്തിറക്കി. സ്ട്രീറ്റ് രണ്ടിന് സമീപത്ത് നിന്ന് 400 മീറ്ററോളം നടക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. നടന്നു, ഇതിനിടെ രണ്ട് തവണ തന്റെ അമ്മാവനായ ഇസ്‌ലാമിനെ കാണാന്‍ കഴിഞ്ഞു. എന്നാല്‍ സംസാരിക്കാനായി സൈനികര്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ഹാന്‍ എം.എം.ഐയോട് പ്രതികരിച്ചു.
അതേസമയം സര്‍ഹാന്റെ അമ്മ ഇപ്പോള്‍ എവിടെയാണെന്നോ ആരോഗ്യ സ്ഥിതി എങ്ങനെയാണെന്നോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. കൂടാതെ ഇസ്രഈല്‍ സൈന്യത്തിനെതിരായ പോരാട്ടത്തിനൊടുവില്‍ സര്‍ഹാന്‍ മരണപ്പെട്ടതായി അല്‍-നാസര്‍ സലാഹ് അല്‍-ദിന്‍ ബ്രിഗേഡുകള്‍ പ്രസ്താവനയിറക്കിയതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: 13-year-old Muhammad Ahmed Kamal Sarhan exposes Israel’s atrocities