ന്യൂദൽഹി: ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ പതിമൂന്നും ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. അസമിലെ ബൈർണിഹത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
സ്വിസ് എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യു എയറിന്റെ 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ടിലാണിത് പറയുന്നത്. ഇത് പ്രകാരം, ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരം ദൽഹിയാണെന്നും പറയുന്നു. അതേസമയം, 2024 ൽ ലോകത്തിലെ ഏറ്റവും മലിനമായ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ സ്ഥാനം പിടിച്ചു.
ബൈർനിഹാത്ത്, മുള്ളൻപൂർ (പഞ്ചാബ്), ഫരീദാബാദ്, ലോണി, ന്യൂദൽഹി, ഗുരുഗ്രാം, ഗംഗാനഗർ, ഗ്രേറ്റർ നോയിഡ, ഭിവാദി, മുസാഫർനഗർ, ഹനുമാൻഗഡ്, നോയിഡ എന്നിവയാണ് മലിനമായ മറ്റ് 13 നഗരങ്ങൾ. മൊത്തത്തിൽ, ഇന്ത്യയിലെ 35 ശതമാനം നഗരങ്ങളിലും വാർഷിക PM2.5 ലെവൽ പരിധിയായ ക്യുബിക് മീറ്ററിന് 5 മൈക്രോഗ്രാമിന്റെ 10 മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ വായു മലിനീകരണം ഗുരുതരമായ ആരോഗ്യ ഭീഷണിയായി തുടരുന്നുവെന്നും ഇത് ആയുർദൈർഘ്യം ഏകദേശം 5.2 വർഷം കുറയ്ക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് പഠനമനുസരിച്ച്, 2009 മുതൽ 2019 വരെ മലിനീകരണം മൂലം ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1.5 ദശലക്ഷം മരണങ്ങൾക്ക് ഉണ്ടാകുന്നുണ്ട്.
2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള വായു മലിനീകരണത്തിന്റെ ചെറിയ കണികകളെയാണ് PM2.5 എന്ന് വിളിക്കുന്നത്. ഇവ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും പ്രവേശിച്ച് ശ്വസന പ്രശ്നങ്ങൾ, ഹൃദ്രോഗം, കാൻസർ എന്നിവയിലേക്ക് നയിച്ചേക്കാം. വാഹനങ്ങളുടെ പുക, വ്യവസായശാലയിൽ നിന്ന് പുറത്ത് വിടുന്ന പുക, മരം അല്ലെങ്കിൽ മാലിന്യങ്ങൾ കത്തിക്കൽ എന്നിവ മൂലമാണ് ഈ കണികകൾ ഉണ്ടാകുന്നത്.
നഗരങ്ങളിലെ മലിനീകരണ തോത് കുറക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് പറഞ്ഞു. ‘മലിനീകരണ നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടത് നിർണായകമാണ്. വ്യവസായങ്ങളും നിർമാണ സ്ഥലങ്ങളും കുറുക്കുവഴികൾ സ്വീകരിക്കുന്നതിനുപകരം നിയന്ത്രണങ്ങൾ പാലിക്കുകയും മലിനീകരണം കുറയ്ക്കുന്നതിന് ഉപകരണങ്ങൾ സ്ഥാപിക്കുകയും വേണം,’ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറൽ പറഞ്ഞു.
Content Highlight: 13 out of the world’s 20 most polluted cities are in India. Delhi not top of the list