ന്യൂദല്‍ഹി: രാജ്യത്തെ ആറ് ആഭ്യന്തര വിമാനക്കമ്പനികളിലായി 13,989 പൈലറ്റുമാരെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലുമായി യഥാക്രമം 6,350, 1,592 പൈലറ്റുമാരെ നിയമിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്.
തിങ്കളാഴ്ച നടന്ന രാജ്യസഭാ സമ്മേളനത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഡിഗോയില്‍ 5085 കോക്പിറ്റ് ക്രൂവുമുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ആകാശയില്‍ 466 പൈലറ്റുമാരുണ്ടെന്നും സ്പൈസ് ജെറ്റില്‍ ഇത് 385 ആണെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, സര്‍ക്കാരിന് കീഴിലുള്ള അലയന്‍സ് എയര്‍ 111 പൈലറ്റുമാരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
വിമാനക്കമ്പനികള്‍ വിദേശ പൈലറ്റുമാരെ നിയമിക്കുന്നതിന് പിന്നിലെ യുക്തി കണക്കിലെടുത്ത് പൈലറ്റുമാരുടെ നിയമനത്തില്‍ ഒരു പ്രത്യേക റേറ്റിങ് നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
2025ല്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ രണ്ട് എഫ്.ടി.ഒ (പറക്കല്‍ പരിശീലന സംഘടന)കള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 62 ബേസുകളിലായി 40 എഫ്.ടി.ഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഹോള്‍ പറഞ്ഞു.
ഇക്കാര്യങ്ങളില്‍ വ്യോമയാന മന്ത്രാലയം നിലവില്‍ ഇടപെടുന്നില്ല. എന്നാല്‍ ഇന്ത്യ അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയിലെ അംഗമായതിനാല്‍ ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍ പതിവായി ഫ്‌ലൈയിങ് പരിശീലനങ്ങളുടെ ഗുണനിലവാരം വിലയിരുത്താറുണ്ടെന്നും മന്ത്രി അറിയിച്ചു.
‘ഇന്‍ഡിഗോയുടെ ആഭ്യന്തര പ്രശ്‌നം മൂലമാണ് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടന്നതും. സ്ഥിതിഗതികള്‍ ഗൗരവതരമായി തന്നെയാണ് കാണുന്നത്. കര്‍ശന നടപടികള്‍ ഉണ്ടാകും,’ കേന്ദ്ര വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു പറഞ്ഞു.
അഞ്ച് പുതിയ വിമാനക്കമ്പനികള്‍ കൂടി രാജ്യത്തുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഈ മേഖലയില്‍ കൂടുതല്‍ ആളുകളെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും നായിഡു വ്യക്തമാക്കി.
Content Highlight: 13,989 pilots have been emplyoed in six domestic airlines in India: Minister of State for Aviation