| Friday, 2nd January 2026, 6:46 am

2025ല്‍ ലോകത്താകമാനം 128 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; ജയിലിടക്കപ്പെട്ടത് 533 പേർ, റിപ്പോര്‍ട്ട്

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: 2025ല്‍ ലോകത്തുടനീളം 128 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്. കൊല്ലപ്പെട്ടവരില്‍ 74 പേരും പശ്ചിമേഷ്യന്‍ മാധ്യമപ്രവര്‍ത്തകരാണ്. ഗസക്കെതിരായ ഇസ്രഈല്‍ യുദ്ധത്തിനിടെയാണ് 44 ശതമാനം മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ടത്.

ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്. ഇവരുടെ കണക്ക് അനുസരിച്ച്, 2025ല്‍ ആഫ്രിക്കയില്‍ മാത്രം 18 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

ഏഷ്യ-പസഫിക്കില്‍ 15 പേരും അമേരിക്കന്‍ മേഖലയില്‍ 11 പേരും യൂറോപ്പില്‍ 10 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒമ്പത് അപകട മരണങ്ങളും ഉള്‍പ്പെടുന്നു.

‘ഇതൊരു ആഗോള പ്രതിസന്ധിയാണ്. ഒരു വര്‍ഷം 128 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്നത് വെറും സ്ഥിതിവിവര കണക്കല്ല. ജോലി ചെയ്തതിന്റെ പേരിലാണ് ഇവരെല്ലാവരും ശിക്ഷ അനുഭവിക്കേണ്ടി വന്നത്. അതൊരു ക്രൂരമായ ഓര്‍മപ്പെടുത്തലാണ്. മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം നിര്‍ണായക ഇടപെടല്‍ നടത്തണം,’ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ആന്റണി ബെല്ലാംഗര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടം നേരിടുന്ന പരാജയത്തില്‍ അപലപിച്ചുകൊണ്ടായിരുന്നു ബെല്ലാംഗറിന്റെ പ്രതികരണം.

ഇന്ത്യയില്‍ നാല് മരണങ്ങളാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘ബസ്തര്‍ ജങ്ഷന്‍’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായിരുന്ന മുകേഷ് ചന്ദ്രകാറിന്റെ കൊലപാതകമാണ് കഴിഞ്ഞ വര്‍ഷം ആദ്യമായി രേഖപ്പെടുത്തിയത്.

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ റോഡ് നിര്‍മാണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ചന്ദ്രകാര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിന് പുറമെ ജയിലിലടക്കപ്പെട്ടവരുടെ എണ്ണവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ലോകത്തുടനീളം 533 മാധ്യമപ്രവര്‍ത്തകരാണ് അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടത്. ഏഷ്യ-പസഫിക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍വാസം അനുഭവിക്കുന്നത്.

തടവില്‍ കഴിയുന്ന 277 പേരില്‍ 143 പേര്‍ ചൈനയിലും 49 പേര്‍ മ്യാന്മറിലുമാണ്. കഴിഞ്ഞ വര്‍ഷം 516 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 122 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും പറയുന്നു.

സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഓരോ വര്‍ഷവും ശരാശരി 91 കൊലപാതകങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. 1990 മുതലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 3170ത്തിലധികം മാധ്യമപ്രവര്‍ത്തകരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

Content Highlight: 128 journalists killed worldwide in 2025

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more