| Saturday, 12th September 2009, 1:32 pm

ഭക്ഷണവും ഉറക്കവും ആരോഗ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൃത്യമായ ജീവിത ചര്യകളിലൂടെ നല്ല ആരോഗ്യം നേടാമെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ജീവിത ചര്യകളില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. തിരക്കു പിടിച്ച നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സമയം ഉറക്കത്തിനു മാററി വെക്കാനില്ല എന്നുള്ള യാഥാര്‍ത്ഥ്യം മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിററിയില്‍ നടത്തിയ പഠനപ്രകാരം ദിവസവും നാലു മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ മററുള്ളവരെ അപേക്ഷിച്ച് പൊണ്ണത്തടി കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു. മാനസിക സമ്മര്‍ദ്ദം കൂടുന്നതും ഉറക്കം കുറയുന്നതും പൊണ്ണത്തടിക്കു കാരണമായിത്തീരുന്നതായി കണ്ടെത്തിയിരിക്കുന്നു.ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം. മാനസിക സമ്മര്‍ദ്ദമുള്ളവര്‍ മധുരത്തോടുള്ള അമിതാഗ്രഹം പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍.കോര്‍ട്ടിസോള്‍ എപിനെഫ്രിന്‍ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദത്തിന്റ ഫലമായി ശരീരത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുമ്പോള്‍ മധുരം കഴിക്കാന്‍ തോന്നുന്നുവെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആധുനിക കാലത്തെ ജീവിതത്തില്‍ ഭക്ഷണശീലങ്ങളില്‍ പലഹാരങ്ങളുടെയും മധുരത്തിന്റയും അളവ് കൂടുതലാണെന്ന വസ്തുതയോടൊപ്പം പഠന-ജോലി ഭാരവും കൂടുതലാണ്. മധുരവും കൊഴുപ്പും അമ്മയും കുഞ്ഞുമായതുകൊണ്ട് കൊഴുപ്പ് കലര്‍ന്ന ഭക്ഷണം മാത്രം ഒഴിവാക്കിയാല്‍ രോഗങ്ങളുടെ ക്ഷണിതാവായ പൊണ്ണത്തടിയെ അകററാനാവില്ല എന്നും തിരിച്ചറിയണം. ആഹാര നിയന്ത്രണത്തോടൊപ്പം വീട്ടിലെ ചെറിയ ജോലിയും ദിവസവും വ്യായാമവും ആരോഗ്യപരമായ ഭക്ഷണവും രീതിയും ശീലമാക്കുക.


We use cookies to give you the best possible experience. Learn more