| Sunday, 27th September 2026, 1:12 pm

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച 12 കാരനായ മുസ്‌ലിം ബാലന് മര്‍ദനം; യു.പിയില്‍ പള്ളിക്കും വീടിനും നേരെ കല്ലേറ്

നിഷാന. വി.വി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സിഗരറ്റ് വാങ്ങി നല്‍കാത്തതിന്റെ പേരില്‍ 12 വയസുകാരന് ക്രൂരമര്‍ദനം. ജാഗരണ്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് 12 വയസുള്ള മുസ്‌ലിം ബാലന് മര്‍ദനമേറ്റത്.

കുട്ടി സിഗരറ്റ് വാങ്ങിനല്‍കാന്‍ വിസമ്മതിച്ചോടെ ജയ്ശ്രീ റാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. ലഖ്‌നൗവിലെ ബഡി കാളി മന്ദിര്‍ ചോക്ക് പ്രദേശത്താണ് ദാരുണ സംഭവം നടക്കുന്നത്.

എന്നാല്‍ ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തിയെങ്കിലും 200 ഓളം വരുന്ന ഭക്തര്‍ കുട്ടിയെ പിന്തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നുവെന്നും അബ്ദുള്ളയുടെ മാതാപിതാക്കള്‍ പറയുന്നു. ഈ സംഘം കുട്ടിയുടെ വീടിന് നേരെയും വീടിനടുത്തുള്ള ഒരു പള്ളിക്ക് നേരെയും വ്യാപകമായി കല്ലെറിഞ്ഞതായും കുടുംബാഗങ്ങള്‍ പറയുന്നു.

ഇതേസമയം ജോലി കഴിഞ്ഞ് വരികയായിരുന്ന കുട്ടിയുടെ അമ്മാവന് നേരെയും സംഘം ആക്രമണം നടത്തി. റോഡില്‍ വെച്ച് അദ്ദേഹത്തെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഫിയാന് ആശുപത്രിയില്‍ വെച്ച് എട്ട് തുന്നലുകള്‍ ഇടേണ്ടി വന്നു. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്.

എന്നാല്‍ പ്രദേശത്ത് തങ്ങള്‍ മാത്രമാണ് ഏക മുസ്‌ലിം കുടുംബമെന്നും അയല്‍ക്കാരുമായി വളരെ സൗഹൃദപരമായാണ് ജീവിക്കുന്നതെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഷങ്ങളായി പ്രദേശത്ത് യാതൊരുവിധത്തിലുമുള്ള വര്‍ഗീയ സംഘര്‍ഷങ്ങളുമില്ലെന്നും അതിനാല്‍ തന്നെ അക്രമണം നടത്തിയത് ഈ പ്രദേശത്തുള്ളവരായിരിക്കിരിക്കില്ലെന്നും പുറത്ത് നിന്നുള്ളവരാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അടുത്തിടെ പള്ളി നിലനില്‍ക്കുന്നത് പൊളിച്ച് കളഞ്ഞ ക്ഷേത്രത്തിന്റെ മുകളിലാണെന്ന് ആരോപിച്ച് പുറത്ത് നിന്നുള്ള ചിലര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായും തങ്ങളെ അവിടെ നിന്ന് ഒഴിപ്പിക്കാന്‍ നിരന്തരം ഭീഷണിയും സമ്മര്‍ദങ്ങളും ഉണ്ടായിരുന്നതായും ഇര്‍ഫാന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആഷിഷ്, വികാസ്, അന്‍ഷു, മോഹിത്, ആനന്ദ്, ഉമങ് എന്നിവരുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെയും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഈ സംഭവം പ്രദേശത്ത് കനത്ത ആശങ്കയും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്.

Content Highlight: 12-year-old Muslim boy beaten for refusing to chant ‘Jai Shri Ram’; mosque and house pelted with stones in UP.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more