| Friday, 6th April 2018, 9:11 pm

12 കാരിക്ക് നേരെ പീഡനശ്രമം; രക്ഷപ്പെടാന്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 12 വയസുകാരി നാലാം നിലയിലെ ടെറസില്‍ നിന്ന് താഴേക്ക് ചാടി. മുംബൈയിലെ പാല്‍ഗര്‍ ജില്ലയിലെ അള്‍കാപുരിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബാലിക ചികിത്സയിലാണ്.

ഏപ്രില്‍ 3നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. 35 വയസിനടുത്ത് പ്രായമുള്ളയാളാണ് അക്രമിയെന്നാണ് സൂചന. രാവിലെ 11 മണിക്ക് ഒരു അഡ്രസ് അന്വേഷിച്ച് ഇയാള്‍ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. സ്ഥലം കാണിച്ച് തരാന്‍ ആവശ്യപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ കെട്ടിടത്തിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി ടെറസിലേക്ക് ഓടിക്കയറിയത്.

ഇയാള്‍ ടെറസിലേക്ക് പിന്തുടര്‍ന്നെത്തിയതോടെ പരിഭ്രാന്തയായ കുട്ടി താഴേക്ക് എടുത്ത് ചാടുകയായിരുന്നു. പെണ്‍കുട്ടി താഴേക്ക് ചാടുന്നത് കണ്ടപ്പോള്‍ തന്നെ താഴെയുള്ളവര്‍ കാന്‍വാസ് വലിച്ച് പിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

“ഞാന്‍ താഴെ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു ചെരുപ്പ് താഴേക്ക് വീണത്. മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി ചാടാനൊരുങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ ഞങ്ങള്‍ തുണി വലിച്ച് പിടിച്ചു” – ദൃക്‌സാക്ഷികള്‍ പറഞ്ഞു.


Read Also: കോഴിക്കോട്ട് യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍


തുലിഞ്ച് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

“ആരോ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി താഴേക്ക് ചാടിയതെന്ന് സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. കുട്ടി ഗുരുതരാവസ്ഥയിലാണ്. അജ്ഞാതനായ ആള്‍ക്കെതിരെ ഞങ്ങള്‍ പോക്‌സോ നിയമവും 354 പ്രകാരവും കേസെടുത്തിട്ടുണ്ട്.” – ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

Latest Stories

We use cookies to give you the best possible experience. Learn more