| Sunday, 15th June 2025, 6:50 pm

മണാലിയിലെ സിപ്‌ലൈനില്‍ നിന്നും താഴേക്ക് വീണ് 12കാരി; നില ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണാലി: മണാലിയിലെ സിപ്ലൈന്‍ കയര്‍ പൊട്ടി വീണ് വിനോദസഞ്ചാരത്തിന് വന്ന 12കാരിക്ക് സാരമായ പരിക്ക്. 12കാരി സിപ് ലൈന്‍ പൊട്ടി താഴേക്ക് വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 12കാരിയുടെ നില ഗുരുതരമാണെന്ന തലത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

കഴിഞ്ഞ ആഴ്ചയാണ് അപകടമുണ്ടായത്. എന്നാല്‍ പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് വാര്‍ത്തകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. നിലവില്‍ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് കുടുംബം പറയുന്നത്.

വിനോദസഞ്ചാരത്തിനായി മണാലിയിലെത്തിയ കുടുംബം സിപ്‌ലൈനില്‍ കയറുകയായിരുന്നു. പിന്നാലെ കുട്ടി ധരിച്ചിരുന്ന ഹാര്‍നെസ്റ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കയര്‍ പൊട്ടിയതോടെ താഴേക്ക് വീഴുകയായിരുന്നു.

പുഴയ്ക്ക് മീതെയുണ്ടായിരുന്ന സിപ് ലൈനില്‍ നിന്നുമാണ് കുട്ടി വീണത്. താഴെയുണ്ടായിരുന്ന പാറകളുടെ മുകളിലേക്കായിരുന്നു വീഴ്ച. വീഴ്ചയില്‍ ശരീരത്തില്‍ നിരവധി ഒടിവുകളുണ്ടായതാണ് വിവരം.

കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതായും നിലവിലെ ആരോഗ്യനില തൃപ്തികരമാണന്നും അവരുടെ പിതാവ് പ്രഫുല്‍ ബിജ്‌വെ പറഞ്ഞതായി ദി.ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: 12-year-old girl falls from zipline in Manali; condition critical

We use cookies to give you the best possible experience. Learn more