| Saturday, 21st June 2025, 8:43 am

കര്‍ണാടകയില്‍ ഐ.ടി മേഖലയില്‍ 12 മണിക്കൂര്‍ ജോലിസമയം; പ്രതിഷേധിച്ച് തൊഴിലാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: 12 മണിക്കൂര്‍ ജോലിസമയമെന്ന കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബെംഗളൂരുവില്‍ പ്രതിഷേധം. ഗ്ലോബല്‍ ടെക് പാര്‍ക്കിന് മുന്നില്‍ കര്‍ണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് ഐ.ടി മേഖലയില്‍ പ്രതിഷേധം നടത്തിയത്.

സമയം വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും നടപടി തൊഴിലാളി വിരുദ്ധവും ഫലപ്രദമല്ലാത്തതുമാണെന്നും പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാന്‍ തൊഴിലാളികള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

നൂറുകണക്കിന് ജീവനക്കാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഗ്ലോബല്‍ ടെക് പാര്‍ക്കിന് പുറമെ വൈറ്റ് ഫീല്‍ഡിലെ ഐ.ടി സ്ഥാപനങ്ങള്‍ക്ക് മുന്നിലും പ്രതിഷേധം ഉണ്ടായിരുന്നു.

ജീവനക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചതിന് പിന്നാലെ കൂടുതല്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാകും ജോലി സമയം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മാറ്റം വരുത്തുകയുള്ളൂവെന്നും പുതിയ നിയമം നടപ്പിലാക്കുകയുള്ളൂവെന്നും കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ചയാണ് തൊഴില്‍ വകുപ്പ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യോഗത്തില്‍ സമയ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചത്. കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ (കെ.എസ്.സി.ഇ.എ) മാറ്റം വരുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി.

ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂര്‍ ജോലിയാണ് ഒരു വര്‍ക്കിങ്‌ഡേയില്‍ ഉണ്ടാവുക. ഇത് നിലവിലെ പരമാവധി ദൈനംദിന ജോലി സമയം 10 മണിക്കൂറില്‍ നിന്നാണ് 12ലേക്ക് വര്‍ദ്ധിപ്പിക്കുന്നത്.

അതേസമയം 12 മണിക്കൂറായി സമയം നിശ്ചയിച്ചാല്‍ പല തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും യൂണിയന്‍ പറയുന്നു. കാരണം നിലവിലുള്ള മൂന്ന് ഷിഫ്റ്റില്‍ നിന്ന് രണ്ട് എന്ന നിലയിലേക്ക് മാറുമെന്നും മൂന്നിലൊന്ന് തൊഴിലാളികളെ പിരിച്ച് വിടാനുള്ള കാരണമാകുമെന്നും കെ.ഐ.ടി.യു പറഞ്ഞു.

ഐ.ടി മേഖലയില്‍ അമിതമായ ജോലി സമ്മര്‍ദം മൂലമുള്ള മരണങ്ങളും ആത്മഹത്യകളും സാധാരണമാണെന്നും ജോലി സമയം വര്‍ധിപ്പിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും യൂണിയന്‍ പറയുന്നു.

Content Highlight: 12-hour working hours in IT sector in Karnataka; Workers protest

We use cookies to give you the best possible experience. Learn more