| Sunday, 13th September 2026, 12:27 pm

12 മണിക്കൂർ ജോലി ഭാരം: നീതി തേടി സൂറത്ത് കളക്ടറേറ്റിലേക്ക് ടെക്സ്റ്റൈൽ തൊഴിലാളികളുടെ മാർച്ച്

ശ്രീലക്ഷ്മി പി.പി

സൂറത്ത്: ദിവസേനയുള്ള 12 മണിക്കൂർ ജോലിഭാരം കുറച്ച് 8 മണിക്കൂറാക്കുക, ഞായറാഴ്ച തോറും അവധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സൂറത്തിലെ നൂറുകണക്കിന് ടെക്സ്റ്റൈൽ തൊഴിലാളികൾ വീണ്ടും പ്രതിഷേധത്തിലേക്ക്.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ തൊഴിലാളികൾ ശനിയാഴ്ച സൂറത്ത് ജില്ലാ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന എംബ്രോയ്ഡറി ഫാക്ടറി ഉടമകളുടെ ഉറപ്പിനെ തുടർന്ന് ജോലിയിൽ തിരിച്ചെത്തിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ വീണ്ടും സമരവുമായെത്തിയത്.

ഇപ്പോഴും ഇടവേളകളില്ലാതെ കഠിനമായ ജോലി ചെയ്യേണ്ടിവരികയാണെന്ന് അവർ പരാതിപ്പെടുന്നു. ഇതിനിടെ, പ്രതിഷേധ സ്ഥലത്ത് തൊഴിലാളികളുടെ ചിത്രങ്ങളെടുത്ത പൊലീസ് നടപടിയെ ചിലർ ചോദ്യം ചെയ്തത് നേരിയ സംഘർഷത്തിന് കാരണമായി. ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് ഡി.സി.പി രാജ്ദീപ്സിൻഹ് നകും മുന്നറിയിപ്പ് നൽകി.

രണ്ടാമത്തെ ശനിയാഴ്ചയായതിനാൽ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരില്ലാതിരുന്നതിനെ തുടർന്ന് പൊലീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ തൊഴിലാളികൾ താത്കാലികമായി പിരിഞ്ഞുപോയി.

തൊഴിലാളികളുടെ ആവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ജന്മഭൂമി ഭാരത് മജ്ദൂർ യൂണിയൻ പ്രസിഡന്റ് അജയ് ദുബെ പൊലീസിന് നിവേദനം കൈമാറി. ഓരോ മാസവും ഏഴാം തീയതിക്ക് മുൻപ് ശമ്പളം നൽകുക, തൊഴിൽ നിയമങ്ങൾ കർശനമാക്കുക എന്നിവയും നിവേദനത്തിലുണ്ട്.

സൂറത്തിലെ തുണി വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന 18 ലക്ഷത്തോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ കടുത്ത ചൂഷണമാണ് നേരിടുന്നതെന്നും പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ഒരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ലെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. അടുത്ത ഒരു പ്രവൃത്തി ദിനത്തിൽ ജില്ലാ കളക്ടറെ നേരിൽ കണ്ട് പുതിയ നിവേദനം നൽകുമെന്ന് യൂണിയൻ നേതൃത്വം അറിയിച്ചു.

സെപ്റ്റംബർ 30-നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമാധാനപരമായ ധർണ ആരംഭിക്കുമെന്ന് സമരക്കാരുടെ പ്രതിനിധിയായ അരവിന്ദ് രാജ് വിശ്വകർമ മുന്നറിയിപ്പ് നൽകി.

അതേസമയം, ഫാക്ടറി ഉടമകൾ തൊഴിലാളികളുടെ ആവശ്യങ്ങളിൽ പൂർണമായി വഴങ്ങിയിട്ടില്ല. ശമ്പളം കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെങ്കിലും പ്രവൃത്തി സമയത്തിലും ഞായറാഴ്ച അവധിയിലുമുള്ള ചർച്ചകൾ തുടരുകയാണെന്ന് വേദാന്ത് ഇക്കോ പാർക്കിലെ യൂണിറ്റ് ഉടമ വിശാൽ ഗോതി വ്യക്തമാക്കി.

നിലവിൽ വൈദ്യുതി നിയന്ത്രണങ്ങൾ കാരണം വ്യാഴാഴ്ച തോറും അവധി നൽകുന്നുണ്ടെന്നും, ഞായറാഴ്ച കൂടി അവധിയാക്കിയാൽ ഉൽപ്പാദനത്തെയും ബിസിനസിനെയും അത് ഗുരുതരമായി ബാധിക്കുമെന്നുമാണ് ഉടമകളുടെ വാദം.

ഓഗസ്റ്റ് 16-ന് അമ്രോളിയിലെ വേദാന്ത വ്യവസായ മേഖലയിൽ തുടങ്ങിയ പ്രക്ഷോഭം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ജനി ഇൻഡസ്ട്രീസ്, കതർഗാം, സച്ചിൻ ജി.ഐ.ഡി.സി, പിപോഡാര, കഡോദര തുടങ്ങി സൂറത്തിന്റെ വിവിധ വ്യാവസായിക മേഖലകളിലേക്ക് പടർന്നുപിടിച്ചിരുന്നു.

അന്ന് വ്യാപകമായി പണിമുടക്ക് നടക്കുകയും 300-ഓളം ഫാക്ടറികൾ തൊഴിലാളികൾ അടപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങളിലും കല്ലേറിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലുമടക്കം അമ്രോളി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അഞ്ഞൂറോളം തൊഴിലാളികൾക്കെതിരെ വേറെയും കേസെടുത്തിട്ടുണ്ട്.

Content Highlight:12-hour work burden: Textile workers march to Surat Collectorate seeking justice.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more