| Friday, 22nd August 2025, 8:42 pm

ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 12 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌ജിങ്‌: ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് 12 പേർ മരിച്ചെന്ന് റിപ്പോർട്ട്. അപകടത്തിൽ നാല് പേരെ കാണാതായി. ചൈനയിലെ യെല്ലോ റിവറിന് കുറുകെ നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടം നടക്കുമ്പോൾ പതിനഞ്ച് തൊഴിലാളികളും ഒരു പ്രൊജക്ട് മാനേജരും സ്ഥലത്തുണ്ടായിരുന്നുവെന്ന് പീപ്പിൾസ് ഡെയ്‌ലി പത്രത്തെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ചൈനയിലെ സിചുവാൻ-ക്വിങ്കായ് റെയിൽവേയുടെ ക്വിങ്കായ് ഭാഗത്തുള്ള ജിയാൻഷ യെല്ലോ റിവർ പാലത്തിലെ സ്റ്റീൽ സ്ട്രാൻഡ് ടെൻഷനിംഗ് പ്രവർത്തനത്തിനിടെ ഉണ്ടായ വിള്ളലിനെ തുടർന്നാണ് അപകടം സംഭവിച്ചത്. 108 മീറ്റർ നീളമുള്ള സ്റ്റീൽ ബീം മെയിൻ ആർച്ച് റിബൺ തകർന്നുവീണതാണ് വിള്ളലിന് കാരണമെന്ന് സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 91 വാഹനങ്ങൾ, 27 ബോട്ടുകൾ, ഒരു ഹെലികോപ്റ്റർ, അഞ്ച് റോബോട്ടുകൾ, 806 ഉദ്യോഗസ്ഥർ എന്നിവരെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ തെക്കൻ ചൈനീസ് നഗരമായ ഷെൻ‌ഷെനിൽ റെയിൽ‌വേയുടെ നിർമാണ സ്ഥലത്ത് സമാനരീതിയിൽ അപകടം നടന്നിരുന്നു. അന്ന് 13 പേരെ കാണാതായെന്നും അവരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങളുടെ അഭാവം കാരണം ചൈനയിൽ ഇത്തരത്തിൽ വ്യാവസായിക അപകടങ്ങൾ പതിവായി സംഭവിക്കുന്നുവെന്ന് ആരോപണമുണ്ട്.

Content Highlight: 12 dead after bridge under construction collapses in China

We use cookies to give you the best possible experience. Learn more