ടെൽഅവീവ്: ഗ്രെറ്റ തെൻബർഗ് ഇസ്രഈൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ നിന്നും മോചിതയായെന്ന് റിപ്പോർട്ട്. ഗ്രെറ്റയെ ഉൾപ്പെടെ 12 പേരെയും നാട് കടത്തിയതായി ഇസ്രഈൽ സൈന്യം അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ ഫ്രാൻസിലേക്ക് സംഘത്തെ നാടുകടത്തുകയായിരുന്നുവെന്നാണ് വിവരം. ഫ്രാൻസിലേക്കുള്ള വിമാനത്തിൽ ടെൽ അവീവിൽ നിന്നും ഗ്രെറ്റയും സംഘവും പുറപ്പെട്ടതായി ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആഷ്‌ഡോഡ് തുറമുഖത്ത് എത്തിയ ആക്ടിവിസ്റ്റുകളെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് മാറ്റിയതായി തിങ്കളാഴ്ച രാത്രി ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പിന്നാലെയാണ് സംഘത്തെ നാടുകടത്തിയെന്ന അറിയിപ്പ്. ഗ്രേറ്റ വിമാനത്തിലിരിക്കുന്ന ചിത്രവും ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
ഇവരെ നാടുകടത്താനായി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈലില്‍ നിന്ന് തിരിച്ച് പോകാന്‍ വിസമ്മതിക്കുന്ന ആളുകളെ ജുഡീഷ്യല്‍ അതോറിറ്റിയുടെ മുന്നില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസയിലേക്കുള്ള സഹായഹസ്തവുമായി മാഡ്‌ലിന്‍ എന്ന കപ്പലിലാണ് 12 അംഗ സംഘം എത്തിയത്. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. അവരില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗം റിമ ഹസന്‍, അല്‍ ജസീറയിലെ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ഒമര്‍ ഫയാദ് എന്നിവരും ഉള്‍പ്പെടുന്നു.
ഗസയിലെ സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള സഹായഹസ്തവുമായി ഫ്രീഡം ഫ്‌ലോട്ടില്ലയുടെ മാഡ്‌ലിന്‍ എന്ന കപ്പല്‍ പുറപ്പെട്ടത്. ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിസിനുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്. എന്നാല്‍ ഇവരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ ഗ്രെറ്റ പുറത്ത് വിട്ട വീഡിയോയില്‍ തങ്ങളെ ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തിയിരുന്നു. ആ വീഡിയോ കാണുന്ന തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഖാക്കളോടും തന്റെയും മറ്റുള്ളവരുടേയും മോചനത്തിനായി സ്വീഡിഷ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടിരുന്നു.
Content Highlight: 12 activists including Greta Thunberg released; Israel says group deported