| Thursday, 20th August 2026, 11:22 am

രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും; ലിവിങ് ടുഗെതറിനെക്കുറിച്ച് അനാർക്കലി മരക്കാർ

അജ്മല്‍ കെ

ലിവിങ് ടുഗെതർ റിലേഷനിലാണെന്ന കാര്യം മാതാപിതാക്കൾക്ക് അറിയാമെന്നും ഏകദേശം അഞ്ച് വർഷമായി പങ്കാളിക്കൊപ്പം ഒരുമിച്ചാണ് ജീവിക്കുന്നതെന്നും നടി അനാർക്കലി മരക്കാർ. തുടക്കത്തിൽ കുടുംബത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടെന്നും ഇപ്പോൾ എല്ലാവരും അതിനെ അംഗീകരിക്കുന്നുണ്ടെന്നും അനാർക്കലി പറഞ്ഞു. ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ ലിവിങ് ടുഗെതർ ആണെന്ന് എന്റെ പേരന്റ്സിന് ഒക്കെ അറിയാം. ആദ്യം ഒക്കെ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നെ അത് അംഗീകരിച്ചു. വേറെ വഴി ഇല്ലല്ലോ. പിന്നെ നമ്മൾ ഒരുമിച്ച് ജീവിക്കുന്നതിൽ എല്ലാവരും ഒക്കെയാണ്. ഇപ്പോൾ അഞ്ച് വർഷത്തോളമായി നമ്മൾ ഒരുമിച്ച് ജീവിക്കുന്നു,’അനാർക്കലി മരക്കാർ പറഞ്ഞു.

അനാർക്കലി മരക്കാർ.Photo: Screengrab/ Orginals/ Youtube.com

തന്റെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ എപ്പോഴും ശ്രദ്ധിക്കാറില്ലെന്നും അനാർക്കലി വ്യക്തമാക്കി. എന്നാൽ തനിക്ക് തന്നെ സംശയമുള്ള കാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം ചിലപ്പോൾ തന്നെ സ്വാധീനിക്കാറുണ്ടെന്നും താരം പറഞ്ഞു.

‘ചില കാര്യങ്ങളിൽ ഞാൻ ഒരുപാട് ശ്രദ്ധിക്കുന്ന ആളാണ്. ആളുകൾ എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതും കാര്യമാക്കും. പക്ഷേ ചില കാര്യങ്ങളിൽ ഞാൻ സീറോ ആണ്. എനിക്ക് ബോധ്യമുള്ള കാര്യത്തിൽ ഞാൻ ഭയങ്കര കോൺഫിഡന്റാണ്. ആ കാര്യത്തിൽ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ നമുക്ക് തന്നെ സംശയമുള്ള ചില കാര്യങ്ങളുണ്ടല്ലോ, ഇത് ശരിയാണോ അല്ലയോ എന്നൊക്കെയുള്ളത്. അതിൽ എന്തെങ്കിലും ആളുകൾ അഭിപ്രായം പറഞ്ഞാൽ എനിക്ക് ടെൻഷൻ ആകും,’ താരം കൂട്ടിച്ചേർത്തു.

ലിവിങ് ടുഗെതറിനൊപ്പം വിവാഹം കഴിക്കാനും താൽപര്യമുണ്ടെന്ന് അനാർക്കലി പറയുന്നു. എന്നാൽ അതിനുള്ള ശരിയായ സമയമായിട്ടില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. സാമ്പത്തിക സ്ഥിരതയ്ക്കൊപ്പം ഇരുവരും സ്വന്തമായി ഒരു ഐഡന്റിറ്റി വളർത്തിയെടുക്കേണ്ടതുണ്ടെന്നും അതിന് ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ആലോചിക്കുകയെന്നും അനാർക്കലി വ്യക്തമാക്കി.

‘ലിവിങ് ടുഗെതർ ആണെങ്കിലും കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്. അതിന് സമയം ആയിട്ടില്ല എന്നേയുള്ളൂ. നമ്മൾ രണ്ടുപേരും ആ ഒരു സ്ഥലത്ത് എത്തിയിട്ടില്ല. പ്രധാനമായും ഫിനാൻഷ്യൽ സ്റ്റെബിലിറ്റി വേണം. പിന്നെ നമ്മൾ ഒരു ഐഡന്റിറ്റി വളർത്തുക എന്നൊരു പരിപാടിയുണ്ടല്ലോ. ഞങ്ങൾ രണ്ടുപേർക്കും അതാണ് വേണ്ടത്. എന്നിട്ട് ഒരു കല്യാണം നടത്തണം,’അനാർക്കലി പറഞ്ഞു.

വലിയ രീതിയിലുള്ള വിവാഹത്തോട് തനിക്ക് പ്രത്യേക താൽപര്യമില്ലെന്നും അനാർക്കലി പറഞ്ഞു. എന്നാൽ ആരെങ്കിലും വിവാഹം സ്പോൺസർ ചെയ്യുകയാണെങ്കിൽ വലിയ ആഘോഷത്തോടെ വിവാഹം നടത്താൻ താൽപര്യമുണ്ടെന്നും താരം തമാശയായി കൂട്ടിച്ചേർത്തു.

‘ഒരു വലിയ കല്യാണം ഒന്നും ഉണ്ടാവില്ല. ആരെങ്കിലും സ്പോൺസർ ഒക്കെ ചെയ്യുകയാണെങ്കിൽ നോക്കാം. നെറ്റ്ഫ്ലിക്സ് ഒക്കെ എന്റെ കല്യാണം ഏറ്റെടുക്കുകയാണെങ്കിൽ ഒരു വലിയ കല്യാണം കഴിക്കാൻ എനിക്ക് നല്ല താൽപര്യമുണ്ട്. അല്ലെങ്കിൽ ഒരു കല്യാണത്തിനോ അങ്ങനെയുള്ള ഒരു പരിപാടിക്കോ കൂടുതൽ പൈസ ഇറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിൽ ഒരു കാര്യവുമില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്,’താരം പറഞ്ഞു.

അനാർക്കലി മരക്കാർ.Photo: Screengrab/ Yutube

അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കുമെന്നും അനാർക്കലി പറയുന്നു. വിവാഹം കഴിഞ്ഞാലും നമുക്കിടയിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് താരത്തിന്റെ നിലപാട്.

‘ഒരു രണ്ട് വർഷത്തിനുള്ളിൽ ഒക്കെ കല്യാണം ഉണ്ടാകും. അതിന് വലിയ വ്യത്യാസമൊന്നുമില്ല. ഇപ്പോഴും നമ്മൾ ഒരുമിച്ചാണല്ലോ ജീവിക്കുന്നത്. ചെറിയ ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ അതിനുള്ളൂ. അതുകൊണ്ട് കല്യാണത്തിന് അടിസ്ഥാനപരമായി വലിയ കാര്യമൊന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്,’അനാർക്കലി വ്യക്തമാക്കി.

Content Highlight: Anarkali Marikar opens up about her marriage

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more