| Friday, 25th September 2026, 12:59 pm

2022നു ശേഷം പാര്‍ട്ടി മാറിയത് 111 സിറ്റിങ് എം.എല്‍.എമാരും എം.പിമാരും: ജനാധിപത്യത്തിനുമേല്‍ പണവും പദവിയും ഭരിക്കുന്നെന്ന് എ.ഡി.ആര്‍ റിപ്പോര്‍ട്ട്

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: 2022ന് ശേഷം തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ലയനം വഴിയോ കൂറുമാറ്റം വഴിയോ പാര്‍ട്ടി മാറിയത് 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 111 ജനപ്രതിനിധികള്‍.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ പഠനം അനുസരിച്ച് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 33 എം.പിമാരും 78 എം.എല്‍.എമാരും മറ്റ് പാര്‍ട്ടികളിലേക്ക് കൂറുമാറി.

പണത്തോടും അധികാരത്തോടുമുള്ള അടങ്ങാത്ത ആര്‍ത്തി രാഷ്ട്രീയക്കാരുടെ മറുകണ്ടം ചാടല്‍ സാധാരണവിഷയമാക്കിത്തീര്‍ത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഗാ ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുടെ (എന്‍.ഡി.പി.പി) യുടെ 32 എം.എല്‍.എമാര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ (എന്‍.ഡി.എഫ്) ലയിച്ചതാണ് കൂട്ടത്തിലെ വലിയ കൂറുമാറ്റം. ഇതൊഴിച്ചുനിര്‍ത്തിയാല്‍ കൂറുമാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബി.ജെ.പിയാണ്. മറ്റുപാര്‍ട്ടികളില്‍ നിന്നും 29 ജനപ്രതിനിധികളെ ബി.ജെ.പിയിലേക്ക് എത്തിച്ചിട്ടുണ്ട്.

19 പേര്‍ കോണ്‍ഗ്രസില്‍ നിന്നും 20 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി. തെലങ്കാനയുിലെ 9 ബി.ആര്‍.എസ് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് ലയിച്ചിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടിയുടെ ഏഴ് രാജ്യസഭാ എം.പിമാരും എന്‍.സി.പിയുടെ ഏഴ് എം.എല്‍.എ മാരും ശിവ്‌സേന(യു.ബി.ടി.)യില്‍ നിന്നും ആറ് എം.പിമാരും കൂറുമാറിയിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ നാഗാലാന്റ്(32), വെസ്റ്റ് ബംഗാള്‍(20) എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ കൂറുമാറിയിരിക്കുന്നത്.

ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ എന്ന ജനാധിപത്യത്തിന്റെ പ്രധാന തത്വം രാഷ്ട്രീയക്കാരുടെ സ്വകാര്യതാത്പര്യങ്ങള്‍ക്കുമേല്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ്.

എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ധാര്‍മികവും നൈതികവുമായ മൂല്യങ്ങള്‍ക്കുണ്ടായ തകര്‍ച്ച ഈ അടിസ്ഥാനതത്വത്തെ വികലമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂറുമാറ്റത്തിനുള്ള പ്രധാനകാരണങ്ങളില്‍ പണവും പദവിയും മൂല്യത്തകര്‍ച്ചയും മാത്രമല്ല പറഞ്ഞിരിക്കുന്നത്. കാര്യക്ഷമരും സത്യസന്ധരും വിശ്വാസയോഗ്യരുമായ നേതാക്കളുടെ കുറവ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച നിയമങ്ങളുടെ അഭാവം, പത്താം ഷെഡ്യൂളില്‍ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നീണ്ട നിയമനടപടികള്‍ തുടങ്ങിയവയും കാരണങ്ങളുടെ പട്ടികയിലുണ്ട്.

കൂറുമാറ്റം തടയാനും ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള എ.ഡി.ആറിന്റെ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പത്താം ഷെഡ്യൂളിന്റെ ഭേദഗതി, കൂറുമാറ്റം നടത്തുന്നവരെ പദവികളില്‍നിന്നും മാറ്റിനിര്‍ത്തുന്നതിനുള്ള നിയമം, രാഷ്ട്രീയ പാര്‍ട്ടികളെ പബ്ലിക് അതോറിറ്റികളായി പ്രഖ്യാപിക്കുക, അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നിയമനിര്‍മാണം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനുള്ള വ്യവസ്ഥകള്‍ രൂപീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ടിലുണ്ട്.

Content Highlight: 111 sitting MPs and MLAs switched parties through mergers, defections since 2022, finds ADR

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more