| Saturday, 26th September 2026, 5:02 pm

Dool In Depth-ജനാധിപത്യത്തിനുമേല്‍ പറക്കുന്ന പണവും പദവിയും: എ.ഡി.ആര്‍ റിപ്പോര്‍ട്ട് പറയുന്നത്

ദേവിക ജയചന്ദ്രന്‍

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ പാര്‍ട്ടിവിട്ട് എതിര്‍ചേരിയിലേക്ക് പോയത് 111 പേരാണ്. കൂറുമാറ്റം നമ്മുടെ രാജ്യത്ത് സാധാരണസംഭവമായി മാറുമ്പോള്‍ എന്തുകൊണ്ട് ഇത് ജനാധിപത്യവിരുദ്ധമാകുന്നു എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

ജനങ്ങളുടെ രാഷ്ട്രീയതീരുമാനങ്ങളെ പ്രതിനിധാനം ചെയ്യുകയും തെരഞ്ഞെടുപ്പുഫലത്തിനുശേഷം ജനവിധിയെ ഭരണരംഗത്തേക്ക് എത്തിക്കുകയും ചെയ്യുന്നത് രാഷ്ട്രീയപാര്‍ട്ടികളാണ്. ഒരു വ്യക്തി മാത്രമല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, മറിച്ച് ഒരു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആശയവും നിലപാടുകളും കൂടിയാണ്.

തെരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധി വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടാനുള്ള തീരുമാനമെടുക്കുമ്പോള്‍ അവിടെ ജനങ്ങളുടെ തീരുമാനത്തിനുമേല്‍ അധികാരത്തിലേക്കുള്ള ഒരു പ്രവേശനമാര്‍ഗമായി മാത്രം തെരഞ്ഞെടുപ്പ് മാറുകയാണ്.

ജനവിധിയോടുള്ള പ്രതിനിധിയുടെ പ്രതിബദ്ധതയുടെ പ്രസക്തി അവിടെ ഇല്ലാതാവുകയാണ്.

എ.ഡി.ആറിന്റെ റിപ്പോര്‍ട്ട് ജനപ്രതിനിധികളുടെ കൂറുമാറ്റം, കാരണങ്ങള്‍, അത് ജനവിധിയെ എങ്ങനെ ബാധിക്കുന്നു, എങ്ങനെ ഈ പ്രശ്‌നത്തെ നേരിടാം തുടങ്ങിയവ പരിശോധിക്കുകയാണ്.

ഷെഡ്യൂള്‍ 10

കൂറുമാറ്റ നിരോധനം, അതുവഴിയുള്ള അയോഗ്യത തുടങ്ങിയവ പരാമര്‍ശിക്കപ്പെടുന്നത് ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ്. 1985ല്‍ 85ാം ഭരണഘടനാഭേദഗതിയിലൂടെയാണ് പത്താം ഷെഡ്യൂള്‍ ഭരണഘടനയില്‍ ചേര്‍ക്കുന്നത്

കൂറുമാറ്റനിരോധനനിയമപ്രകാരം താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധി അയോഗ്യനാകുന്നതാണ്.

1. അയാള്‍ സ്വമേധയാ ആ രാഷ്ട്രീയപാര്‍ട്ടിയിലെ അംഗത്വം ഉപേക്ഷിക്കുകയാണെങ്കില്‍
2.താന്‍ അംഗമായ രാഷ്ട്രീയ പാര്‍ട്ടിയോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആ പാര്‍ട്ടി അധികാരപ്പെടുത്തിയ വ്യക്തിയോ അതോറിറ്റിയോ നല്‍കുന്ന നിര്‍ദ്ദേശത്തിന് വിരുദ്ധമായി സഭയില്‍ വോട്ട് ചെയ്യുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുക. അപ്രകാരം ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ലാതിരിക്കുകയും, കൂടാതെ വോട്ട് ചെയ്തതോ വിട്ടുനിന്നതോ ആയ തീയതി മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയോ വ്യക്തിയോ അതോറിറ്റിയോ ആ നടപടിയെ സാധൂകരിക്കാതിരിക്കുകയും ചെയ്യുക.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് ഏത് പാര്‍ട്ടിയിലാണോ ഒരാള്‍ക്ക് അംഗത്വമുള്ളത്, അയാള്‍ ആ രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്‍പ്പെട്ടതായി കണക്കാക്കും. മറ്റ് സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥാനം ഏറ്റെടുക്കുന്ന ദിവസം മുതല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണോ അംഗമാകുന്നത്, ആ പാര്‍ട്ടിയില്‍പ്പെട്ട അംഗമായി കണക്കാക്കും. തെരഞ്ഞെടുക്കപ്പെടുന്ന അംഗം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് മാറുന്ന സാഹചര്യത്തില്‍ കൂറുമാറ്റനിരോധനപ്രകാരം അയോഗ്യനാവുന്നതാണ്.

എന്നാല്‍ പത്താം ഷെഡ്യൂളിലെ നാലാം ഖണ്ഡികയില്‍ പ്രത്യേക സാഹചര്യം പരാമര്‍ശിക്കുന്നുണ്ട്. ഒരു പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം ഒരുമിച്ച് കൂറുമാറുകയാണെങ്കില്‍ അത് ലയനമായി കണക്കാക്കുകയും അയോഗ്യരാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നു.

ഇത് കൂട്ടമായ കൂറുമാറ്റത്തെ സംരക്ഷിക്കുകയും ഷെഡ്യൂള്‍ പത്ത് പ്രകാരമുള്ള അയോഗ്യത ഒഴിവാക്കാനുള്ള പഴുതായി ഉപയോഗിക്കുകയും ചെയ്യുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നത്

എ.ഡി.ആറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ ലോക്‌സഭ, രാജ്യസഭ, നിയമസഭകളിലെ 111 തെരഞ്ഞെടുത്ത പ്രതിനിധികളാണ് പാര്‍ട്ടി മാറിയത്. കൂറുമാറ്റത്തിന്റെ സ്വഭാവം അനുസരിച്ച് ഇവരെ നാലുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. സഭയില്‍ നിന്നും രാജി വെക്കാതെയുള്ള വ്യക്തിഗതമായ കൂറുമാറ്റം
2. കൂട്ടത്തോടെയുള്ള കൂറുമാറ്റം/ലയനം
3. സഭാംഗത്വം രാജിവെച്ച ശേഷം പാര്‍ട്ടി മാറി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍
4. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് പത്താം ഷെഡ്യൂളിന് കീഴില്‍ അയോഗ്യരാക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍

111 പേരില്‍ ആരെല്ലാം?

കഴിഞ്ഞ 4 വര്‍ഷത്തില്‍ രാജ്യത്ത് ആകെ കൂറുമാറിയ സഭാംഗങ്ങളുടെ എണ്ണം 111 ആണ്. അതില്‍ 26 രാജ്യസഭാംഗങ്ങളും 7 ലോക്‌സഭാംഗങ്ങളും 78 നിയമസഭാംഗങ്ങളും വരും.

കൂറുമാറിയ 78 നിയമസഭാംഗങ്ങളില്‍ 70 പേര്‍ തെരഞ്ഞെടുത്ത ശേഷം പാര്‍ട്ടി മാറിയവരും 8 പേര്‍ പാര്‍ട്ടി മാറിയതിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചവരുമാണ്.

നാഗാലാന്‍ഡിലെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയിലെ(എന്‍.ഡി.പി.പി.) 32 എം.എല്‍.എമാര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതാണ് കൂട്ടത്തിലെ വലിയ ലയനം. 60 അംഗ നിയമസഭയില്‍ പ്രതിപക്ഷം ഇല്ലാതെയാക്കി എന്‍.ഡി.പി.പി മാസങ്ങള്‍ക്കുമുമ്പ് എന്‍.ഡി.എഫ്- ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നിരുന്നു.

പല പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയത് 29 പേരാണ്. ഇതില്‍ രാജ്യസഭയിലെ 7 ആം ആദ്മി പാര്‍ട്ടി എം.പിമാരും വിവിധ സംസ്ഥാനങ്ങളിലെ 22 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്നു.

മഹാരാഷ്ട്രയില്‍ ശിവ്‌സേന(യു.ബി.ടി)യുടെ 6 എം.പിമാര്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവ്‌സേനയില്‍ ചേര്‍ന്നു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട 20 എം.പിമാര്‍ എന്‍.ഡി.എയുടെ ഭാഗമായ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍(എന്‍.സി.പി.ഐ)യില്‍ ചേര്‍ന്നു.

കൂറുമാറിയ 111 പേരില്‍ 81പേര്‍ എന്‍.പി.എഫ്, ബി.ജെ.പി, എന്‍.സി.പി.ഐ എന്നീ പാര്‍ട്ടികളിലേക്കാണ് മാറിയത്. ആകെ മാറിയവരുടെ 73% വരും ഇത്.

കോണ്‍ഗ്രസില്‍ മറ്റുപാര്‍ട്ടികളിലേക്ക് പോയ നിയമസഭാംഗങ്ങള്‍ പത്തൊമ്പത് പേരാണ്. ഗോവയില്‍ 9 എം.എല്‍.എമാരും ഗുജറാത്തില്‍ നാല് എം.എല്‍.എമാരും മധ്യപ്രദേശില്‍ ഒരു എം.എല്‍.എയും കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തി. മേഘാലയയില്‍ മൂന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ നിന്നിം എന്‍.പി.പിയിലേക്ക് കൂടുമാറി.

തെലങ്കാനയില്‍ 9 ബി.ആര്‍.എസ് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് മാറി.

ആയാ റാം ഗയാ റാം

അയോഗ്യത വകവെക്കാതെയും പഴുതുകള്‍ ഉപയോഗിച്ചും അതിനെല്ലാം ഉപരി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെയും വിശ്വാസമേല്‍പ്പിച്ച ജനങ്ങളെയും മറന്ന് പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികളെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ’ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം ജനപ്രതിനിധികള്‍ മറക്കുന്നു. രാഷ്ട്രീയക്കാരുടെ സ്വകാര്യതാത്പര്യങ്ങള്‍ക്കുമുകളിലാണ് ജനാധിപത്യത്തില്‍ പൗരന്മാരുടെ താത്പര്യം.

എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ധാര്‍മികവും നൈതികവുമായ മൂല്യങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ച ഈ തത്വത്തെ വികലമാക്കുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം കൂറുമാറ്റങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങള്‍

1.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അഭാവം

2.പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തി

3. പണവും കയ്യൂക്കുമുള്ളവരുടെ ശൃംഖലകള്‍

4.അധികാരത്തിന്റെ പ്രലോഭനം

5.കാര്യപ്രാപ്തിയുള്ളവരും വിശ്വാസയോഗ്യരുമായ നേതാക്കളുടെ അഭാവം

6. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച നിയമങ്ങളുടെ അഭാവം

7. പത്താം ഷെഡ്യൂള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ തീരുമാനമെടുക്കുന്ന അതോറ്റിയായി സ്പീക്കര്‍/ചെയര്‍പേഴ്‌സണ്‍ പ്രവര്‍ത്തിക്കുന്നതിലുള്ള ആശങ്ക. ഇവര്‍ സാധാരണയായി ഭരണകക്ഷിയിലുള്ളവരാകും.

8.അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നീണ്ട നടപടികള്‍

ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായ നീതി, സ്വാതന്ത്യം, വിശ്വാസ്യത, സമത്വം, ആത്മാര്‍ത്ഥത എന്നിവയെല്ലാം നഷ്ടപ്പെടാതിരിക്കാന്‍ കൂറുമാറ്റത്തിന് വഴിയൊരുക്കുന്ന പഴുതുകള്‍ അടക്കേണ്ടതുണ്ട്.

എ.ഡി.ആര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

1. പത്താം ഷെഡ്യൂളിന്റെ ഭേദഗതി: അയോഗ്യരാക്കാനുള്ള തീരുമാനം സഭാധ്യക്ഷനില്‍ നിന്നും രാഷ്ട്രപതിയിലേക്ക് മാറ്റുക, കൂറുമാറിയവര്‍ അയോഗ്യരായിക്കഴിഞ്ഞാല്‍ സഭയുടെ കാലാവധി കഴിയാതെ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുക, ഒരു സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂറുമാറി വോട്ട് ചെയ്യുന്ന അംഗത്തിന്റെ വോട്ട് അസാധുവായി കണക്കാക്കണം.

2. രാഷ്ട്രീയ പാര്‍ട്ടികളെ പബ്ലിക് അതോറിറ്റികളായി പ്രഖ്യാപിക്കുക: 2005ലെ വിവരാവകാശ നിയമത്തിന്റെ കീഴിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവന്ന് സുതാര്യത ഉറപ്പുവരുത്തുക.

3. രാഷ്ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാനായി നിയമനിര്‍മാണം: നിയമനിര്‍മാണം വഴി പൗരന്മാര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളെ ചോദ്യം ചെയ്യാനും അവയെ ഓഡിറ്റ് ചെയ്യാനും സാധിക്കും. പാര്‍ട്ടികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക, പാര്‍ട്ടി ഭരണഘടനയ്ക്ക് അംഗീകാരം നല്‍കല്‍, പാര്‍ട്ടി ഘടകങ്ങളുടെ വിവിധ തലങ്ങളിലുള്ള തെരഞ്ഞെടുപ്പ്, രജിസ്‌ട്രേഷനും രജിസ്‌ട്രേഷന്‍ റദ്ദാക്കലിനുമുള്ള വ്യവസ്ഥകള്‍, കണക്കുകള്‍ സൂക്ഷിക്കല്‍, സംഘടനാപരമായ പദവികളില്‍ സ്ത്രീകള്‍ക്കുള്ള പ്രാതിനിധ്യം എന്നിവ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നു.

4. തെരഞ്ഞെടുപ്പിന് 3 മാസം മുമ്പായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക, ഒരു പ്രത്യേക പാര്‍ട്ടിയില്‍ ചേരുന്നതിനോ പാര്‍ട്ടി മാറുന്നതിനോ ഉള്ള കൃത്യമായ കാരണങ്ങള്‍,തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുക, അതിന്റെ ഉറവിടം എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുക. ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.

6. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തരജനാധിപത്യം ഉറപ്പാക്കുന്നതിന് വ്യവസ്ഥകള്‍ കൊണ്ടുവരിക. സ്ഥാനാര്‍ത്ഥി നിര്‍ണയം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, സാമ്പത്തിക സുതാര്യത, ശക്തമായ സംഘടനാപരമായ അച്ചടക്കം എന്നിവ നടപ്പിലാക്കുന്നതിന് വ്യവസ്ഥകള്‍ നടപ്പിലാക്കുക.
7.സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം.

8. സ്ഥാനാര്‍ത്ഥികളുടെ സ്വത്തുവിവരം കൃത്യമായി പരിശോധിക്കുക. പാര്‍ട്ടി മാറ്റത്തിനുശേഷം ആസ്തി കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

9. എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കല്‍. കേസില്‍ നിന്ന് ഒഴിവാക്കല്‍ എന്ന ലക്ഷ്യത്തോടെ മാത്രം രാഷ്ട്രീയക്കാര്‍ പാര്‍ട്ടി മാറുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

10. തെരഞ്ഞെടുക്കപ്പെട്ട എം.പിമാരും എം.എല്‍.എമാരും തങ്ങളുടെ മണ്ഡലത്തില്‍ ഒരു വര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങളും അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതികളും ഉള്‍ക്കൊള്ളുന്ന വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കുക. ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

11. ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് (ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ വിജയിക്കുന്ന) രീതിയ്ക്ക് പകരം രേഖപ്പെടുത്തിയ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്നവരേ ജയിക്കൂ എന്ന മാര്‍ഗം സ്വീകരിക്കുക.

12. ഒന്നിലധികം മണ്ഡലങ്ങളില്‍ ഒരു സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവരിക.

13.അര്‍ഹതയില്ലാത്തവരും സത്യസന്ധരല്ലാത്തവരും അഴിമതിക്കാരുമായ സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള നികുതിയിളവ് റദ്ദാക്കുക.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്

1999ല്‍ അഹ്‌മദാബാദ് ഐ.ഐ.എമ്മിലെ ഒരു കൂട്ടം പ്രൊഫസര്‍മാര്‍ ചേര്‍ന്നാരംഭിച്ചതാണ് ദി അസോസിയേഷന്‍ ഓഫ് പബ്ലിക് റിഫോംസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ക്രിമിനല്‍, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംഘടന 1999ല്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2002ലും 2003ലും സുപ്രീംകോടതി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് ക്രിമിനല്‍, സാമ്പത്തിക വിദ്യാഭ്യാസ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കി.രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നത ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് നിരീക്ഷണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംഘടന നടത്തുന്നു.

Content Highlight:111 sitting MPs and MLAs switched parties through mergers, defections since 2022, finds ADR

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more