| Tuesday, 16th December 2025, 1:46 pm

ലേലത്തില്‍ മലയാളികള്‍ തകര്‍ക്കും; ഒന്നല്ല, രണ്ടല്ല എണ്ണം പറഞ്ഞ 11 പേര്‍

ഫസീഹ പി.സി.

വലിയ ആവേശത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്‍ 2025 മെഗാ ലേലത്തിനായി കാത്തിരിക്കുന്നത്. മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ലേലത്തിന് ദുബായിയില്‍ അരങ്ങുണരും. പത്ത് ടീമുകള്‍ 77 സ്ലോട്ടുകള്‍ക്കായി ഏറ്റവും കൂടുതല്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ പണമെറിയും.

എല്ലാ ടീമുകള്‍ക്കുമായി ഓക്ഷന്‍ പേഴ്‌സിലുള്ളത് 237.55 കോടിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ വര്‍ഷത്തെ ലേലത്തിലെ സമ്പന്നര്‍. മുന്‍ ചാമ്പ്യന്മാരുടെ കൈയില്‍ 64.3 കോടിയാണുള്ളത്. അവര്‍ക്ക് ഈ പണമുപയോഗിച്ച് 13 താരങ്ങളെ ടീമിനൊപ്പം എത്തിക്കാന്‍ സാധിക്കും.

2024ലെ ഐ.പി.എൽ കപ്പുമായി കെ.കെ.ആർ ടീം. Photo: KKR Vibe/x.com

ദുബായിയില്‍ ഇന്നത്തെ ‘പാവങ്ങള്‍’ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ്. അവരുടെ കൈയില്‍ ആകെയുള്ളത് അഞ്ച് സ്ലോട്ടും 2.75 കോടിയുമാണ്. എന്നാല്‍ പഞ്ചാബ് കിങ്സിനാണ് ഏറ്റവും കുറവ് സ്ലോട്ടുകള്‍ അവശേഷിക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണർഅപ്പായ പഞ്ചാബ് നാല് താരങ്ങളെ മാത്രമേ ടീമിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, അവരുടെ കൈവശം 11.50 കോടി രൂപയുണ്ട്.

ലേലത്തിനായി റജിസ്റ്റര്‍ ചെയ്ത 1390 താരങ്ങളില്‍ 350 പേര് മാത്രമാണ് ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 16 ക്യാപ്പ്ഡ് ഇന്ത്യന്‍ താരങ്ങളും 96 വിദേശ ക്യാപ്പ്ഡ് താരങ്ങളുമാണ്. അണ്‍ ക്യാപ്പ്ഡായ 14 വിദേശ താരങ്ങളുള്ളപ്പോള്‍ 224 അണ്‍ ക്യാപ്പ്ഡായ ഇന്ത്യന്‍ താരങ്ങളുമാണുള്ളത്.

ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റില്‍ 11 മലയാളി താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ കെ.എം. ആസിഫിനാണ് കൂടുതല്‍ അടിസ്ഥാന വിലയുള്ളത്. താരം 40 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്. മലയാളി പേസ് ബൗളര്‍ മുമ്പ് ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്.

സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനൊപ്പം കെ.എം.ആസിഫ് . Photo: KM Asif/instagram.com

ചെന്നൈ സൂപ്പര്‍ കിങ്സിനും (സി.എസ്.കെ ) രാജസ്ഥാന്‍ റോയല്‍സിനുമായാണ് (ആര്‍.ആര്‍) ആസിഫ് ടൂര്‍ണമെന്റില്‍ ഇറങ്ങിയത്. 2018ലും 2021ലും സി.എസ്.ക്ക് വേണ്ടി കളിച്ച താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2023ലാണ് രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലെത്തിയത്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി താരം മൂന്ന് വിക്കറ്റും ആ സീസണില്‍ തന്റെ അക്കൗണ്ടിലെത്തിച്ചിരുന്നു. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയിലെ മികവാണ് ആസിഫിനെ വീണ്ടും ലേലത്തിന്റെ ചുരുക്ക പട്ടികയില്‍ എത്തിച്ചത്.

വിഘ്‌നേശ് പുത്തൂർ. Photo: Johns/x.com

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിനായി അരങ്ങേറി മികച്ച പ്രകടനം പുറത്തെടുത്ത വിഘ്നേശ് പുത്തൂരാണ് ലേലത്തിലെ മറ്റൊരു മലയാളി. അഞ്ച് മത്സരങ്ങളില്‍ മുന്‍ ചാമ്പ്യമാര്‍ക്കായി ഇറങ്ങിയ താരം ആറ് വിക്കറ്റുകള്‍ തന്റെ കീശയില്‍ എത്തിച്ചത്. ഈ പ്രകടനത്തിന്റെ മികവില്‍ താരത്തെ മുംബൈ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു. ഈ വര്‍ഷത്തെ താരത്തിന്റെ അടിസ്ഥാന വില 30 ലക്ഷമാണ്.

ആസിഫിനും വിഘ്നേശിനും പുറമെ ഈഡന്‍ ആപ്പിള്‍ ടോം, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായര്‍, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദീന്‍ എന്നിവരും ലിസ്റ്റിലുണ്ട്. ഇവര്‍ക്കെല്ലാം 30 ലക്ഷമാണ് അടിസ്ഥാന വില. ഇതില്‍ കേരള ടീമില്‍ ഒരു മത്സരം പോലും കളിക്കാത്ത ജിക്കുവാണ് സര്‍പ്രൈസ് എന്‍ട്രി. താരം കഴിഞ്ഞ സീസണില്‍ എം.ഐയുടെ നെറ്റ്‌സില്‍ പന്തെറിഞ്ഞിരുന്നു.

ഇവര്‍ക്കൊപ്പം തന്നെ രണ്ട് മറുനാടന്‍ മലയാളികളും പട്ടികയിലുണ്ട്. തമിഴ്‌നാട് താരമായ സന്ദീപ് വാരിയരും ഹൈദരാബാദി മലയാളിയായ ആരോണ്‍ വര്‍ഗീസുമാണ് ഈ രണ്ട് പേര്‍.

Content Highlight: 11 Kerala players are in Indian Premier League 2025 mini auction list including Vignesh Puthur and KM Asif

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more