കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 31 പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍ നേപ്പാളില്‍ നിന്നുള്ള 93 പേരെയും 105 ഇന്ത്യക്കാരടക്കം 291 വിദേശികളെയും കാണാതായതായെന്ന് അധികൃതര്‍ അറിയിച്ചു. ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച ഭോട്ടെ കോശി നദിയില്‍ ബുധനാഴ്ച രാവിലെയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. റസുവ, നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
384 ടൂറിസ്റ്റുകളെ പ്രളയത്തില്‍ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതില്‍ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉള്‍പ്പെടുന്നതായും ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കാരാണ് കാണാതായ വിദേശികളില്‍ കൂടുതലും. ഈ 105 ഇന്ത്യക്കാരില്‍ മലയാളികളുണ്ടോ എന്ന് അറിയില്ല.
105 പേര്‍ക്ക് പുറമെ 37 പ്രവാസി ഇന്ത്യക്കാരെയും കാണാതായതായും ടൂറിസം ബോര്‍ഡ് പറയുന്നു. അതേസമയം പ്രളയം ബാധിച്ച ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. +977 985 131 6807, +977 970 910 7500 എന്നീ നമ്പറുകളില്‍ ഹെല്‍പ് ലൈനുമായി ബന്ധപ്പെടാം.
ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുപാളികളും പാറകളും ഒഴുകിയെത്തിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിദേശകാര്യ മന്ത്രി ഷിസിര്‍ കനാല്‍ പറഞ്ഞിരുന്നു.’രാവിലെ 8.37 നാണ് ഭൂകമ്പമുണ്ടായത്. അതിന്റെ ഫലമായി ഒരു വലിയ മണ്ണിടിച്ചില്‍ ഉണ്ടാവുകയും നദിയിലെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തു. അതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് പ്രഥാമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.
വെള്ളപ്പൊക്കത്തിന് കാരണം റസുവയില്‍ പ്രാദേശികമായി പെയ്ത മഴയല്ലെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. പക്ഷേ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ഇന്ത്യയോടും ചൈനയോടും അഭ്യര്‍ത്ഥിച്ചതായി നേപ്പാള്‍ സര്‍ക്കാരിന്റെ വക്താവ് സസ്മിത് പൊഖാരലിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മണ്ണിടിച്ചില്‍ ഷിഗാറ്റ്‌സെ മേഖലയിലേക്കുള്ള റോഡ്, വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധങ്ങള്‍ എന്നിവയെ ബാധിച്ചു എന്ന് ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേപ്പാള്‍ അതിര്‍ത്തിയോട് ചചേര്‍ന്ന ചൈനീസ് ഗ്രാമങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവിട്ടതായും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രളയത്തില്‍ പെട്ട 88 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാള്‍ സേനാ വക്താവ് രാജാ റാം ബാസ്‌നെറ്റ്. മൈലുങ് ഗ്രാമത്തില്‍ നിന്ന് 115 പേരെ കൂടി രക്ഷപ്പെടുത്താന്‍ സൈന്യം ശ്രമിക്കുന്നുണ്ടെന്നും ബാസ്നെറ്റ് പറഞ്ഞു. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 15 ഹെലികോപ്റ്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ബി.ബി.സിയോട് സംസാരിക്കവെ പറഞ്ഞു.
Content Highlight: 105 Indians among 384 missing after Nepal flash floods