| Sunday, 27th July 2025, 6:35 pm

സംസ്ഥാനത്തെ 100 സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കണം; കണ്ടെത്തല്‍ തദ്ദേശ വകുപ്പിന്റെ പരിശോധനയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അണ്‍ഫിറ്റായതിനാല്‍ സംസ്ഥാനത്തെ നൂറോളം സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടതുണ്ടെന്ന് തദ്ദേശ വകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഏറെ വിവാദത്തിലായിരുന്നു. ഇതും, ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവ.യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണതുമായ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് പരിശോധന.

എയ്ഡഡ് സ്‌കൂളുകളില്‍ കൂടി തദ്ദേശവകുപ്പ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നുണ്ട്. ഇത് പുരോഗമിക്കുന്നതോടെ പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ എണ്ണം കൂടിയേക്കാം.

ഇതുവരെ കണ്ടെത്തിയ കെട്ടിട്ടങ്ങള്‍ പലതും ഓടിട്ടതും 2007ല്‍ നിലവില്‍വന്ന കെട്ടിടനിര്‍മാണച്ചട്ട നിയമത്തിന് മുമ്പ് നിര്‍മിച്ചവയുമാണ്. ഇത്തരത്തില്‍ ഉപയോഗിക്കാനാകാത്ത സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതും അതിന്റെ ചെലവ് വഹിക്കേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ അതത് മാനേജ്‌മെന്റാണ് ഈ നടപടിക്രമങ്ങള്‍ പാലിക്കേണ്ടത്.

സര്‍വേ നടത്തി ചെലവുനിര്‍ണയ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ പൊളിച്ചുമാറ്റാന്‍ സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ലേലം നടത്തണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കാറുള്ളവയാണെങ്കില്‍ വിദ്യാഭ്യാസ വകുപ്പും തദ്ദേശ ഭരണസമിതിയും കലക്ടര്‍മാരും അനുമതി നല്‍കണം. പ്രാദേശിക സമ്മര്‍ദം മൂലം പലയിടത്തും സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് വൈകുന്നതായി എന്‍ജിനീയറിങ് വിഭാഗം ഉന്നതതലയോഗം വിലയിരുത്തിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ആലപ്പുഴ കാര്‍ത്തികപള്ളി ഗവര്‍ണമെന്റ് യു.പി സ്‌കൂളില്‍ മേല്‍ക്കൂര തകര്‍ന്ന് വീണത്. ശക്തമായ മഴയെ തുടര്‍ന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകരുകയായിരുന്നു.അവധി ദിവസമായതിനാലാണ് അന്ന് വന്‍ ദുരന്തമാണ് ഒഴിവായത്.

content Highlight: 100 school buildings in the state should be demolished; Local Government Department’s inspection reveals

We use cookies to give you the best possible experience. Learn more