കാരക്കാസ്: അമേരിക്കൻ ഭരണക്കൂടം തങ്ങളുടെ സൈന്യത്തെ ഉപയോഗിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും പങ്കാളി സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയിട്ട് ഇന്നേക്ക് നൂറുദിവസം പിന്നിടുന്നു.
ജനുവരി മൂന്നിനായിരുന്നു അമേരിക്കൻ സൈന്യം കാരക്കസിലെ പ്രസിഡന്റിന്റെ വസതിയിൽ നിന്നും ഇരുവരെയും തട്ടികൊണ്ട് പോയത്. നിലവിൽ അമേരിക്കയിലെ അതീവ സുരക്ഷയുള്ള തടവറയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
മഡൂറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെന്റ്ഡെൽസി റോഡ്രിഗസാണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.
ലാറ്റിനമേരിക്കയിൽ ആധിപത്യം ഉറപ്പിക്കുന്നതിനും ക്രൂഡ് ഓയിൽ ഊറ്റിയെടുക്കുന്നതിനും വേണ്ടിയായിരുന്നു അമേരിക്കയിലേക്കുള്ള ലഹരിക്കടത്താരോപിച്ച് ട്രംപ് ഭരണകൂടം മഡുറോയെ തട്ടികൊണ്ടുപോയത് .
ഒരു പരമാധികാര രാജ്യമായ വെനസ്വേലയ്ക്ക് മുകളിലുള്ള അമേരിക്കൻ കൈകടത്തലിനെ അന്താരാഷ്ട നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ലോക രാജ്യങ്ങൾ അപലപിച്ചുകൊണ്ട് പറഞ്ഞിരുന്നു.
വെനസ്വേലയിലെ ഭരണം പ്രതിസന്ധിയിലാക്കിയ ശേഷം അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങൾ ഇപ്പോൾ ക്യൂബയിലേക്കും പടർന്നിരിക്കുകയാണ്.
ക്യൂബയിലേക്ക് അവശ്യ വസ്തുക്കളുമായിവരുന്ന കപ്പലുകളെ തടഞ്ഞുവച്ചുകൊണ്ട് ക്യൂബയ്ക്കുമേൽ കടുത്ത ഉപരോധം തീർത്തിരിക്കുകയാണ് അമേരിക്ക.
ക്യൂബയ്ക്ക് നിരന്തരം സഹായം എത്തിച്ചിരുന്ന വെനസ്വേലയെ ട്രംപ് വരുതിയിലാക്കിയതോടെ ക്യൂബ കൂടുതൽ പ്രതിസന്ധിയിലാവുകയായിരുന്നു.
ക്യൂബയ്ക്ക് സഹായമെത്തിക്കുന്ന രാജ്യങ്ങൾക്ക് അമേരിക്ക പകരച്ചുങ്കം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണികളെയെല്ലാം മറികടന്ന് മെക്സിക്കോയും റഷ്യയും ക്യൂബയിലേക്ക് സഹായങ്ങൾ എത്തിച്ചിരുന്നു.
ട്രംപിന്റെ സാമ്രാജ്യത്വ മോഹങ്ങളുടെ തുടർച്ചയിൽ വന്ന അമേരിക്കയുടെ ഇറാൻ ആക്രമണം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
അതേസമയം മഡുറോയെ ഉടൻ മോചിപ്പിക്കണമെന്നും അമേരിക്ക രാജ്യത്തുനിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് വെനസ്വേലയിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
Content Highlight: 100 days since the US kidnapped Maduro