മടിക്കേരി: കർണാടകയിലെ കുടക് ജില്ലയിൽ ദിവസവേതന തൊഴിലാളികളുടെ ഭൂസമരം നൂറാം ദിവസം പിന്നിട്ടു. കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ഏകദേശം 200 തൊഴിലാളി കുടുംബങ്ങളാണ് സമരം തുടരുന്നത്.
കുശാൽനഗർ, സോമവാർപേട്ട് താലൂക്കുകളിൽ നിന്നുള്ള ദിവസവേതന തൊഴിലാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ ടാർപോളിൻ ഷീറ്റുകൾക്ക് കീഴിലാണ് മൂന്ന് മാസത്തിലേറെയായി സമരം ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ബഹുജൻ വർക്കേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മന്നപ്പയുടെ നേതൃത്വത്തിൽ മെയ് രണ്ടിനാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
സോമവാർപേട്ട് താലൂക്കിലെ കുമ്പൂർ ഗ്രാമത്തിലുള്ള 29 ഏക്കർ സർക്കാർ ഭൂമിയാണ് സമരത്തിന്റെ കേന്ദ്രം. ഇതിൽ രണ്ട് ഏക്കർ ഭൂമി ഭവനരഹിതരായ പാവപ്പെട്ടവർക്ക് വീടിനായി നവഗ്രാമ പദ്ധതിയുടെ ഭാഗമായി നേരത്തെ മാറ്റിവെച്ചിരുന്നു. എന്നാൽ ഈ ഭൂമി ചിലർ അനധികൃതമായി കൈയേറിയെന്നാണ് തൊഴിലാളികളുടെ ആരോപണം.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കൈയേറാൻ അധികൃതർ അനുമതി നൽകിയതോടെയാണ് തെരുവിലിറങ്ങേണ്ടിവന്നതെന്ന് സമരക്കാർ പറയുന്നു. സമരം ആരംഭിച്ചതിന് പിന്നാലെ താലൂക്ക് അധികൃതരും ജനപ്രതിനിധികളും സമരസ്ഥലം സന്ദർശിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
മടിക്കേരി എം.എൽ.എ ഡോ. മന്തർ ഗൗഡ, തഹസിൽദാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സമരസ്ഥലം സന്ദർശിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ വാക്കാലുള്ള ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
നവഗ്രാമ പദ്ധതിക്കായി മാറ്റിവെച്ച ഭൂമിയിൽ കൃത്യമായ ലാൻഡ് സർവേ നടത്തി തങ്ങളുടെ അവകാശം ഉറപ്പാക്കണമെന്നും മുൻപ് നൽകിയ വാഗ്ദാനം പാലിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഭൂമിയുടെ അവകാശം ഔദ്യോഗികമായി കൈമാറുന്നതുവരെ സമരം തുടരാനാണ് തൊഴിലാളി കുടുംബങ്ങളുടെ തീരുമാനം.
Content Highlight :100-day land struggle by workers in Karnataka for their land rights.