“നെരുപ്പ് ഡാ” എഴുതിയത് 20 മിനിറ്റുകൊണ്ട്
ചിത്രത്തിലെ സൂപ്പര്‍ഗാനം “നെരുപ്പ് ഡാ” തരംഗമായി കഴിഞ്ഞു. എന്നാല്‍ രജനി ആരാധകര്‍ ഏറ്റെടുത്ത ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത് വെറും 20 മിനിറ്റെടുത്താണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
എസ്.പി ബാലസുബ്രഹ്മണ്യനില്ലാത്ത രജനികാന്തിന്റെ ആല്‍ബം
1992ല്‍ “പാണ്ഡ്യന്‍” എന്ന ചിത്രം പുറത്തിറങ്ങിയശേഷം ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യന്‍ മിക്കവാറും എല്ലാ രജനി ചിത്രങ്ങള്‍ക്കും വേണ്ടി പാടിയിട്ടുണ്ട്. 24 വര്‍ഷത്തിനുശേഷം എസ്.പി ബാലസുബ്രഹ്മണ്യന്‍ ഭാഗമാകാത്ത രജനി ചിത്രമാണ് കബാലി.
രണ്ടു ദശാബ്ദത്തിനുശേഷം പുതിയൊരു ടീമുമായി രജനി
ചലച്ചിത്ര രംഗത്ത് നിലയുറപ്പിച്ചവരുമായാണ് മിക്കവാറും ചിത്രങ്ങളില്‍ രജനി പ്രവര്‍ത്തിച്ചത്. അത് ഡയറക്ടറായാലും സംഗീത സംവിധായകരായാലും, ക്യാമറാമാന്‍മാരായാലും നടീനടന്മാരായാലും. പക്ഷെ കബാലിയില്‍ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരില്‍ മിക്കയാളുകളും പുതുമുഖങ്ങളും അനുഭവപരിചയം കുറഞ്ഞവരുമാണ്.
ഈ ചിത്രമൊരു സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍നാച്യുറല്‍ ചിത്രമായേനെ
ഡയറക്ടര്‍ പാ രഞ്ജിത്ത് രജനികാന്തിനെ സമീപിച്ചത് രണ്ടു തിരക്കഥകളുമായാണ്. ഒന്ന് ഒരു ഗാങ്സ്റ്ററെക്കുറിച്ചും മറ്റൊന്ന് ഒരു സയന്‍സ് ഫിക്ഷന്‍ സൂപ്പര്‍നാച്യുറല്‍ ഡ്രാമയും. രജനി തെരഞ്ഞെടുത്തത് ആദ്യത്തെ സ്‌ക്രിപ്റ്റാണ്. അല്ലായിരുന്നെങ്കില്‍ മറ്റൊരു ചിത്രമായേനെ തിയ്യേറ്ററുകളിലെത്തുന്നത്.
കബാലിക്ക് നന്ദി പറയേണ്ടത് സൗന്ദര്യ രജനീകാന്തിനോടാണ്
പ രഞ്ജിത്തിന്റെ “മദ്രാസ്” എന്ന ചിത്രം രജനിയെ ഏറെ ആകര്‍ഷിച്ചിരുന്നു. രജനികാന്തിന്റെ മകള്‍ സൗന്ദര്യ പാ രഞ്ജിത്തിനെ സന്ദര്‍ശിക്കുകയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. രഞ്ജിത്തിന് വളരെയധികം ആവേശമായി. മൂന്നാമത്തെ ചിത്രം രജനികാന്തിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഒരു ഡോണിന്റെ യഥാര്‍ത്ഥ കഥ
കബാലിയുടെ ഷൂട്ടിങ് ആരംഭിച്ചതുമുതല്‍ ആളുകളില്‍ നിന്നുയര്‍ന്ന ചോദ്യമാണ് ഇത് ഒരു യഥാര്‍ത്ഥ ഡോണിന്റെ കഥയാണോ എന്നത്. ചെന്നൈയിലെ മൈലാപ്പൂരിലുള്ള കബാലീശ്വരന്‍ എന്ന ഗാങ്സ്റ്ററുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രജനി ചിത്രമെന്നാണ് പറയുന്നത്.
ആദ്യ പതിനഞ്ചുമിനിറ്റിനുശേഷമാണ് ചിത്രത്തില്‍ രജനി എത്തുന്നത്
തലൈവരുടെ ആരാധകരെ ഇതു വിഷമിപ്പിച്ചേക്കാം. ചിത്രം തുടങ്ങിയ പതിനഞ്ചുമിനിറ്റിനുശേഷമാണ് രജനിയുടെ കഥാപാത്രമെത്തുന്നത്. ഇത്തരത്തിലുള്ള രണ്ടാമത്തെ രജനി ചിത്രമാണിത്. ആദ്യത്തേത് 1991ലെ “ദളപതി” എന്ന ചിത്രമായിരുന്നു.
മലയ് ഭാഷയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രം
ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ മലേഷ്യയില്‍ ചിത്രീകരിച്ചതിനാല്‍ ചിത്രം മലയ് ഭാഷയില്‍ റിലീസ് ചെയ്യാന്‍ കബാലിയുടെ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ജപ്പാനീസ്, ചൈനീസ് വേര്‍ഷനുകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ചിത്രത്തിന് ട്രെയ്‌ലര്‍ ഉണ്ടായില്ല
ഈ ചിത്രത്തിന് ട്രെയ്‌ലര്‍ ഉണ്ടായിരുന്നില്ല. മെയ് 1ന് പുറത്തിറങ്ങിയ ടീസറിനുശേഷം ട്രെയ്‌ലറിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ ട്രെയ്‌ലര്‍ വന്നില്ല. ഈ ചിത്രത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടി നിര്‍മാതാക്കള്‍ മനപൂര്‍വ്വം ട്രെയ്‌ലര്‍ ഒഴിവാക്കുകയായിരുന്നു എന്നാണറിയുന്നത്.
രജനികാന്തിന്റെ പതിവ് മാനറിസങ്ങളില്ല
പഞ്ച് ഡയലോഗുകളും സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ പ്രസ്താവനകളും ഈ ചിത്രത്തിലില്ല. രജനികാന്തിലെ നടന്‍ മാത്രമാണ് കബാലി.