ന്യൂദല്‍ഹി: യു.എസ് പുതിയ തീരുവ ചുമത്താന്‍ നീക്കം നടത്തവേ റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളും ഊര്‍ജ്ജ സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. രാജ്യത്തെ 140 കോടി വരുന്ന ജനങ്ങള്‍ക്ക് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന ബില്ലിന് യു.എസ് പ്രതിനിധി സഭ ഇന്ന് അംഗീകാരം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
വ്യാപാര-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ സംഭവവികാസങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഇന്ത്യന്‍ വ്യാപാര-വ്യവസായ സംഘടനകളുമായി ഇടപെടല്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
‘നേരത്തെ പലതവണ വ്യക്തമാക്കിയതുപോലെ, 140 കോടി വരുന്ന ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നു. വിവിധ ഉറവിടങ്ങളില്‍ നിന്ന് എണ്ണ ലഭ്യമാക്കിയും മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ചും എണ്ണ ഇറക്കുമതി തുടരും,’ പ്രസ്താവനയില്‍ പറയുന്നു.
‘ഉഭയകക്ഷി ബന്ധത്തെ മാത്രമല്ല, അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയെയും ഈ നടപടി എങ്ങനെ ബാധിക്കുമെന്ന കാര്യം ഇന്ത്യ വളരെ വ്യക്തമായിത്തന്നെ യു.എസ് പക്ഷത്തെ അറിയിച്ചിട്ടുണ്ട്,’ എന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള ഉറച്ച തീരുമാനവും ഇന്ത്യ യു.എസ് പക്ഷത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന നിയമ നിര്‍മാണത്തിന് ബുധനാഴ്ചയാണ് യു.എസ് പ്രതിനിധി സഭയുടെ അംഗീകാരം നല്‍കിയത്. ഇതോടെ ബില്ല് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിഗണനക്കെത്തും. ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും.
ബില്ല് പരിഗണിക്കുന്നതിന് പ്രതിനിധി സഭ ചൊവ്വാഴ്ച അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സഭ ബില്ല് പരിഗണിക്കുകയും 159നെതിരെ 262 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയും ചെയ്തു.
റഷ്യയുടെ ഊര്‍ജ്ജ മേഖല, വ്യക്തികള്‍, രഹസ്യ കപ്പല്‍ നിര (ഷാഡോ ഫ്ലീറ്റ്) എന്നിവയെ ലക്ഷ്യമിടുന്നതാണ് ‘ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്റ്റ് ഓഫ് 2026’ എന്ന പുതിയ നിയമ നിര്‍മാണം. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കാന്‍ ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളെ ഈ വ്യവസ്ഥ ബാധിക്കും.
ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഉപരോധങ്ങളില്‍ ഇളവ് നല്‍കാനുള്ള അധികാരം ഈ നിയമപ്രകാരം പ്രസിഡന്റിനുണ്ടായിരിക്കും. ഇന്ത്യയും യു.എസും പ്രാഥമിക വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് ഈ ബില്ല് വരുന്നത്.
റഷ്യന്‍ ക്രൂഡ് ഓയിലോ പ്രകൃതിവാതകമോ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍ക്കെതിരെയാണ് പുതിയ ബില്ല് പ്രകാരം ആദ്യ ഘട്ടത്തില്‍ നടപടിയുണ്ടാവുക. ചൈന, ഇന്ത്യ, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് ഇത്തരത്തില്‍ റഷ്യന്‍ എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങള്‍.
നിയമം പ്രാബല്യത്തില്‍ വരുന്ന തീയതിക്ക് മുന്‍പുള്ള 12 മാസത്തിനുള്ളിലെ എണ്ണ ഇറക്കുമതിയാണ് യു.എസ് ഇതിനായി കണക്കാക്കുന്നത്. ബില്ല് നിയമമായി 30 ദിവസത്തിന് ശേഷം അറിഞ്ഞുകൊണ്ട് റഷ്യന്‍ ക്രൂഡ് ഓയില്‍ പുതുതായി വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്താനും പുതിയ നിയമം പ്രകാരം ട്രംപിന് അധികാരം ലഭിക്കും.
Content Highlight: ‘1.4 billion people first’: India’s response to 100% US tariff threat over Russian oil