അഹമ്മദാബാദ്: അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിനിടെ രക്ഷിതാക്കളില്ലാതെ അനധികൃതമായി രാജ്യത്തേക്ക് കടന്ന 1,389 ഇന്ത്യൻ കുട്ടികളെ യു.എസ് അധികൃതർ കസ്റ്റഡിയിലെടുത്തു.
യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. പിടിയിലായ കുട്ടികളെ ഇതുവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിട്ടില്ല.
അമേരിക്കയിൽ പരിശോധനയും നിയമനടപടികളും ശക്തമാക്കിയതോടെ ഒറ്റയ്ക്ക് എത്തുന്ന ഇന്ത്യൻ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023 സാമ്പത്തിക വർഷത്തിൽ 730 കുട്ടികളെയും 2024-ൽ 517 കുട്ടികളെയുമാണ് കസ്റ്റഡിയിലെടുത്തതെങ്കിൽ 2025-ൽ ഇത് 91 ആയും 2026-ൽ 51 ആയും താഴ്ന്നു. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസമായ 2026 ഒക്ടോബറിൽ രണ്ട് കുട്ടികളെ മാത്രമാണ് ഇത്തരത്തിൽ കണ്ടെത്തിയത്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ കാര്യത്തിലും സമാനമായ കുറവുണ്ടായിട്ടുണ്ട്. 2024-ൽ 1.1 ലക്ഷം കുട്ടികളെ രക്ഷിതാക്കളില്ലാതെ പിടികൂടിയ സ്ഥാനത്ത് 2026-ൽ അത് 9,190 ആയി കുറഞ്ഞു.
മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതി എളുപ്പമാക്കുന്നതിനായി മുൻകാലങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് അമേരിക്കയിലേക്ക് അയക്കുന്ന രീതി വ്യാപകമായിരുന്നു. എന്നാൽ, പിടിയിലാകുന്നവരെ ഉടനടി നാടുകടത്തുന്ന കർശന നിലപാട് അമേരിക്ക സ്വീകരിച്ചതോടെ ഈ പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
അതേസമയം, അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരിൽ ഇന്ത്യക്കാർ ഇപ്പോഴും മുൻനിരയിലാണ്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം 30,528 ഇന്ത്യക്കാരെയാണ് യു.എസ് അതിർത്തി രക്ഷാസേന തടഞ്ഞുവെച്ചത്. മെക്സിക്കോയ്ക്കും കാനഡയ്ക്കും പിന്നിലായി ഈ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
കർശന നടപടികൾ അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാർക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 2012-ൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഗുജറാത്തിലെ കാഡി സ്വദേശിയായ ഒരു വ്യവസായി തന്റെ 17 വയസുള്ള മകന്റെ അവസ്ഥ പങ്കുവെച്ചു.
12 വയസ്സുമുതൽ ടെക്സാസിൽ കഴിയുന്ന മകൻ, നാടുകടത്തപ്പെടുമോ എന്ന ഭയത്താൽ അഭയാർത്ഥിത്വ ഹിയറിങുകളിൽ പോലും പങ്കെടുക്കാതെ ഒളിവിൽ കഴിയുകയാണെന്നും, ഒരു ഗ്യാസ് സ്റ്റേഷനിൽ രഹസ്യമായി ജോലി ചെയ്താണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:1,389 Indian children who entered the US illegally are in custody.