ഒ.ടി.ടി റിലീസിന് പിന്നാലെ ബെത്‌ലഹേം കുടുംബ യൂണിറ്റിനെ കുറിച്ചും ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ നിരവധിയായ എഴുത്തുകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായി കഴിഞ്ഞു.
സിനിമയിലെ വിവിധ സീനുകളേയും കഥാപാത്രങ്ങളേയുമൊക്കെ ആഴത്തില്‍ പരിശോധിക്കുന്നവരും വിലയിരുത്തുന്നവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്.
മൊത്തത്തില്‍ പോസിറ്റീവ് റെസ്പോണ്‍സാണ് ഒ.ടി.ടിയിലും ബെത്ലഹേമിന് ലഭിക്കുന്നത്. ആഷ്‌ലി എന്ന കഥാപാത്രം ചെയ്ത മമിത ബൈജുവിന് വലിയ പ്രശംസ ലഭിക്കുകയും ആ കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ച് പലരും സോഷ്യല്‍മീഡിയയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആഷ്‌ലിയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് കൂടി നീളുകയാണ്. ആഷ്‌ലി എന്ന കഥാപാത്രത്തെ ചില ടിപ്പിക്കല്‍ സദാചാരവാദികള്‍ വിമര്‍ശനാത്മകമായി സമീപിച്ചതാണ് ചര്‍ച്ചയാകുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.
പലര്‍ക്കും തോന്നുന്നതുപോലെ അത്ര നിഷ്‌കളങ്കയായ പെണ്‍കുട്ടിയല്ല ആഷ്‌ലി എന്നാണ് ഈ സദാചാരവാദികളുടെ വായന. തന്നോട് സ്നേഹവും താത്പര്യവുമുള്ളവരുടെ പണവും വികാരങ്ങളും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കഥാപാത്രമായാണ് ആഷ്‌ലിയെ ഇക്കൂട്ടര്‍ വ്യാഖ്യാനിക്കുന്നത്.
പെട്ടെന്ന് പരിചയപ്പെട്ട ഗ്ലിക്‌സണ്‍ സിനിമയ്ക്ക് വിളിച്ചപ്പോള്‍ ആഷ്‌ലി കൂടെ പോകുന്ന രംഗമൊക്കെയാണ് ഈ വാദത്തിനായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് ഗ്ലിക്‌സനോട് പ്രണയമില്ലെന്ന് അറിയാമായിരുന്നിട്ടും അയാള്‍ വാങ്ങിനല്‍കിയ ‘1000 രൂപയോളം വിലവരുന്ന മൈസൂര്‍പാക്ക്’ കൂട്ടുകാരോടൊപ്പം പോയി കഴിക്കുന്നതും ജസ്റ്റിനോട് ബിരിയാണി ചോദിച്ച് വാങ്ങുന്ന രംഗവും ആഷ്‌ലിയുടെ ‘കണക്കുകൂട്ടലിന്റെ’ ഉദാഹരണമായി ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.
ലാപ്‌ടോപ്പ് നന്നാക്കാന്‍ കൊടുത്തതിന് ശേഷം തിരികെ വാങ്ങാന്‍ പോകുന്ന രംഗവും ഇതേ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സാധാരണയായി ആയിരം രൂപയെങ്കിലും ബില്‍ വരുമെന്ന് അറിയാമായിരുന്നിട്ടും ആഷ്‌ലി ലാപ്ടോപ്പ് തിരിച്ചുവാങ്ങാനായി പോകുമ്പോള്‍ കയ്യില്‍ കരുതിയിരിക്കുന്നത് 100 രൂപ മാത്രമാണ്. പെണ്‍കുട്ടിയായതിനാല്‍ ജസ്റ്റിന്‍ പണം വാങ്ങില്ലെന്ന കണക്കുകൂട്ടലിലാണ് ആഷ്‌ലി എത്തിയതെന്ന തരത്തിലാണ് ഈ രംഗത്തെയും ടിപ്പിക്കല്‍ മല്ലു സദാചാരപുരുഷുക്കള്‍ സമീപിക്കുന്നത്.
ഇതെല്ലാം ചേര്‍ത്തുവെച്ച് ആഷ്‌ലിയെ ‘ഗോള്‍ഡ് ഡിഗ്ഗര്‍’ (സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മറ്റൊരാളുടെ പണത്തെയോ സാമ്പത്തിക സൗകര്യങ്ങളെയോ ഉപയോഗിക്കുക) സ്വഭാവമുള്ള കഥാപാത്രമെന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ജസ്റ്റിനോട് ആഷ്‌ലിക്ക് തോന്നുന്ന അടുപ്പത്തിന് പിന്നിലും അയാളുടെ സാമ്പത്തിക സ്ഥിതിക്ക് പങ്കുണ്ടാകാമെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ ഒരു സ്ത്രീ കഥാപാത്രത്തിന്റെ ഇത്തരം ഇടപെടലുകളെ അടിസ്ഥാനമാക്കി അവളെ ‘ഗോള്‍ഡ് ഡിഗ്ഗര്‍’ എന്ന് വിശേഷിപ്പിക്കുന്നതിലെ സ്ത്രീവിരുദ്ധതയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube.
ഒരാളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നതും സമ്മാനം സ്വീകരിക്കുന്നതും സഹായം തേടുന്നതുമെല്ലാം സ്ത്രീയുടെ കാര്യത്തില്‍ മാത്രം ‘മുതലെടുപ്പ്’ എന്ന രീതിയില്‍ വായിക്കുന്നതിലെ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഗ്ലിക്‌സണ്‍ വാങ്ങിനല്‍കിയ മൈസൂര്‍പാക്ക് കഴിച്ചതും ജസ്റ്റിനോട് ബിരിയാണി ചോദിച്ചതുമെല്ലാം ആഷ്‌ലിയുടെ സ്വഭാവത്തിലെ സ്വാഭാവികതയാണെന്നും അതിന് ഇത്തരം ലേബലുകള്‍ നല്‍കുന്നത് കഥാപാത്രത്തെ ഒരു പ്രത്യേക മുന്‍വിധിയിലൂടെ മാത്രം കാണുന്നതുകൊണ്ടാണെന്നുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഉയരുന്ന മറുപടികള്‍.
ആഷ്‌ലി ആരുടെയും പണം തട്ടിയെടുക്കുകയോ, പണത്തിനായി ആരെയെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നതായി സിനിമ കാണിക്കുന്നില്ലെന്നും ഒരു സ്ത്രീ കഥാപാത്രത്തിന്റെ ചെറിയ ആവശ്യങ്ങള്‍ പോലും മുതലെടുപ്പായി വായിക്കുമ്പോള്‍, കഥാപാത്രത്തേക്കാള്‍ വായിക്കുന്നയാളുടെ കാഴ്ചപ്പാടാണ് അവിടെ കൂടുതല്‍ പ്രകടമാകുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Content Highlight: 1,000 Mysore Pak, Justin’s biryani’ Moralists accuse Ashley of exploitation