വാഷിങ്ടണ്‍: തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ഇറാനെ പൂര്‍ണമായും തകര്‍ത്ത് കളയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ തകര്‍ക്കാനായി 1000 മിസൈലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
യു.എസ് പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ മുഴുവനായും തകര്‍ക്കാനുള്ള ഉത്തരവുകള്‍ നല്‍കി കഴിഞ്ഞിട്ടുണ്ടെന്നും സൈന്യം ഇതിനായി പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കന്‍ ഐക്യ നാടുകളിലെ നിലവിലെ പ്രസിഡന്റിനെ വധിക്കാന്‍ ഇറാന്‍ ഏതെങ്കിലും ശ്രമം നടത്തിയാല്‍ അവരെ തകര്‍ക്കാനായി ആയിരം മിസൈലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകള്‍ വേറെയും കുതിക്കും.
ഇതിനായുളള ഉത്തരവുകള്‍ നല്‍കി കഴിഞ്ഞു. ഇറാന്റെ എല്ലാ മേഖകളും തകര്‍ക്കാന്‍ സൈന്യം തയ്യാറാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തേക്കാണ് ഈ ഉത്തരവ്. ഇനി അത് നീട്ടാനും സാധ്യതയുണ്ട്,’ ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാന്‍ ഇത് വരെ കാണാത്തവിധം ബോംബിടുമെന്ന് ദി ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഈ പരാമര്‍ശം. ട്രംപിനെ വധിക്കാന്‍ ഇറാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ഇസ്രഈല്‍ യു.എസിന് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: 1,000 missiles ready; will destroy Iran if they try to kill me: Trump