വിദ്യാഭ്യാസ കാവിവത്കരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍
നേരത്തെ വിദ്യാലയങ്ങളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ അടുത്ത മാസം 13 മുതല്‍ “രാഷ്ട്ര ഋഷി”” എന്ന് അഭിസംബോധന ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. അടുത്ത മാസം അഞ്ചുമുതല്‍ ഉച്ചക്കഞ്ഞിക്കു മുമ്പ് നിര്‍ബന്ധമായും “ഭോജനമന്ത്രം” ചൊല്ലണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ആര്‍.എസ്.എസ് നടത്തുന്ന സരസ്വതി ശിശുമന്ദിരില്‍ വിദ്യാര്‍ഥികള്‍ ഉച്ച ഭക്ഷണത്തിന് മുമ്പായി ഇപ്പോള്‍ ഭോജനമന്ത്രം ചൊല്ലുന്നുണ്ട്. എന്നാല്‍, വിദ്യാഭ്യാസമന്ത്രി അര്‍ച്ചന ചിത്‌നിസിന്റെ പ്രഖ്യാപനത്തിനെതിരേ ന്യൂനപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട. ഭൗതിക സുഖങ്ങള്‍ ത്യജിച്ച് സന്ന്യാസജീവിതം നയിക്കുന്നവരെ സൂചിപ്പിക്കുന്ന ഋഷി എന്ന പദം ഉപയോഗിച്ച് അധ്യാപകരെ അഭിസംബോധന ചെയ്യുന്നത് യുക്തി രഹിതമാണെന്നു മധ്യപ്രദേശ് ആര്‍ച്ച് ബിഷപ് ലിയോ കോണെലിയോ അഭിപ്രായപ്പെട്ടു. വിശ്വാമിത്ര മഹര്‍ഷിയെപ്പോലുള്ളവരുമായി അധ്യാപകരെ ഉപമിക്കുന്നതു മുനിമാര്‍ക്ക് മാനക്കേടുണ്ടാക്കുന്നതാണെന്നും ഇത്തരം തലതിരിഞ്ഞ നയങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ മുസ്‌ലിം ടീച്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഔസാഫ് ഷമിരി ഖുര്‍റവും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. മതസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണിതെന്നു ന്യൂനപക്ഷ സംഘടനകള്‍ വിശേഷിപ്പിച്ചു.
ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്തുകൂട്ടുന്നതിനു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ പാഠപുസ്തകങ്ങളില്‍ കാവി വത്കരണത്തിനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ ശ്രമം ഏറെ വിവാദമായിരുന്നു.