| Monday, 7th December 2015, 11:17 am

യു.ഡി.എഫില്‍ തുടരുന്നതിനെതിരെ ആര്‍.എസ്.പിയില്‍ ഒരു വിഭാഗം: ദേശീയ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ആര്‍.എസ്.പയില്‍ പൊട്ടിത്തെറി. യു.ഡി.എഫ് ബന്ധത്തിന്റെ പേരില്‍ ദേശീയ സമ്മേളനം ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ചു. സമ്മേളനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഇവര്‍ നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നുവെന്നും ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടും യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതാണ് പ്രതിഷേധത്തിനു കാരണം. 10 സംസ്ഥാന നേതാക്കള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കില്ല.

ബുധനാഴ്ച ദല്‍ഹിയിലാണ് ആര്‍.എസ്.പിയുടെ ദേശീയ സമ്മേളനം നടക്കുന്നത്. കൊല്ലത്തുനിന്നും 87 അംഗങ്ങളും തിരുവനന്തപുരത്തുനിന്നും 54 അംഗങ്ങളുമാണ് ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്. ഇതില്‍ കൊല്ലത്തുനിന്നുള്ള എട്ട് സംസ്ഥാന സമിതിയംഗങ്ങളും തിരുവനന്തപുരത്തുനിന്നുമുള്ള രണ്ട് അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

ആര്‍.വൈ.എഫിന്റെ സംസ്ഥാന കമ്മറ്റി അംഗങ്ങളും ആര്‍.എസ്.പിയുടെ കൊല്ലം ജില്ലാ കമ്മറ്റി അംഗങ്ങളും പ്രതിനിധികളാണ്. എന്നാല്‍ പാര്‍ട്ടി യു.ഡി.എഫില്‍ തുടരുന്ന സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു വിഭാഗം അറിയിച്ചിരിക്കുകയാണ്. ആര്‍.വൈ.എഫ് ദേശീയ സമിതി അംഗം വിഷ്ണുമോഹന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പ്ലാങ്കാട് ടിങ്കു, ബിജു ബാലകൃഷ്ണന്‍, ആര്‍.എസ്.പി ജില്ലാ കമ്മറ്റി അംഗം നാരായണപിള്ള, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് സമ്മേളനം ബഹിഷ്‌കരിക്കുന്നത്.

ആര്‍.എസ്.പിയുടെ കൊല്ലം ജില്ലാ കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും സമ്മേളന പ്രതിനിധികള്‍ ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യു.ഡി.എഫ് ബന്ധത്തെ വിമര്‍ശിച്ച എ. സോളമനെ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിനൊപ്പമാണ് ആര്‍.എസ്.പി. ദേശീയ സമ്മേളനത്തില്‍ കേരളത്തിലെ ആര്‍.എസ്.പി ഇടതുപക്ഷത്തേക്ക് തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രമേയം അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ കേരളത്തിലെ മുന്നണി മാറ്റത്തിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം നേടിയെടുക്കാനാണ് ആര്‍.എസ്.പി ഔദ്യോഗിക വിഭാഗത്തിന്റെ ശ്രമം.

We use cookies to give you the best possible experience. Learn more