അനന്തമായ ഭാവനയുടെ ലോകത്ത് കഴിയുന്നവരാണ് നമ്മുടെ കുഞ്ഞു കൂട്ടുകാര്‍. പച്ചയായ ഹൃദയത്തിന്റെ വിരലടയാളങ്ങളാണ് അവരുടെ സൃഷ്ടികള്‍. ക്ലാസ് മുറികളില്‍ പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ തയ്യാറാക്കുന്ന സൃഷ്ടികളില്‍ പ്രതിഭയുടെ മിന്നലാട്ടം കാണാം. നമ്മെ അതിശയിപ്പിക്കുന്ന സൃഷ്ടികള്‍. അവരുടെ കഥയിലും കവിതയിലും അനുഭവ, യാത്രാ വിവരണങ്ങളിലും ഡയരിക്കുറിപ്പുകളിലും ഭാവനയുടെ വസന്തം പൂത്തുലയുന്നുണ്ട്. എഴുത്തുകളില്‍, അവര്‍ പോലുമറിയാതെ കാവ്യാത്മകതയും ഭാവനയും വിരിയുന്ന കുറെയേറെ കൊച്ചു കൂട്ടുകാര്‍ ഓരോ വിദ്യാലയങ്ങളിലുമുണ്ട്. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികള്‍ ഈ പംക്തിയിലൂടെ വായിക്കാം.
കുട്ടിത്തത്തിന്റെ കുസൃതികളും ആകുലതകളും വികാരങ്ങളും അവരുടെ ഡയറിത്താളുകളില്‍ നിറയുന്നു. ക്ലാസ് മുറിയുടെ ഔദ്യോഗികതയോ പരസ്യപ്പെടുത്തലിന്റെ ആകുലതയോ അതിന്റെ ആത്മാര്‍ഥതയെ സ്വാധീനിക്കുന്നില്ല. സഹോദരന്റെ വേദനയില്‍ അവന് പങ്ക് ചേരുമ്പോള്‍ അവിടെ കാപട്യത്തിന്റെ മേമ്പൊടിയേല്ക്കുന്നില്ല. മഴയും കളിയും സ്കൂളിലെ അനുഭവങ്ങളും അവന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ എന്തെല്ലാം ചലനങ്ങളാണുണ്ടാക്കുന്നത്. പ്രകൃതിയാണ് അവനെ ഏറ്റവും സ്വാധീനിച്ചതെന്ന് അക്ഷരങ്ങള്‍ വിളിച്ച് പറയുന്നു. ക്ലാസ് മുറികളില്‍ പരസ്യമായി വായിച്ച് കുട്ടികളാല്‍ വിലയിരുത്തപ്പെട്ട ഡയറിക്കുറിപ്പുകള്‍ വായനക്കാരുമായി പങ്കുവെക്കട്ടെ.
കോഴിക്കോട് നരിക്കുനി പാറന്നൂര്‍
ജി.എം.എല്‍.പി സ്കൂള്‍
നാലാം ക്ലാസ് വിദ്യാര്‍ഥി
ഷഹീന് അഹമ്മദിന്റെതാണ്
ഈ ഡയരിക്കുറിപ്പുകള്
26-06-09
ഇന്ന് രാവിലത്തെ ഒരു മഴ.. പേടിച്ച്പോയി. ഭാഗ്യം സ്കൂളും മദ്രസയും ഇല്ല. പത്രമെടുക്കാന്‍ പോയി. ഒന്നാം പേജില്‍ പത്തില്‍ പരീക്ഷ നിര്ബന്ധമില്ലെന്ന വാര്‍ത്തയാണ് കണ്ടത്. അടുത്ത വീട്ടില്‍ പോയി ലുഡോ കളിച്ചു. ഒന്നില്‍ ഞാനും ഒന്നില്‍ അവനും ജയിച്ചു. ഉച്ചക്ക് പള്ളിയില്‍ പോയി. അനിയത്തി അമ്മായിയുടെ വീട്ടില്‍ പോയി വൈകീട്ട് തിരിച്ച് വന്നു. കരിമ്പ് കൊണ്ട് വന്നു. ഇന്നെനിക്ക് നെല്ലിക്ക കിട്ടി. രാത്രി പഠിച്ചു, എഴുതി, ചോറു തിന്നു, ഉറങ്ങി.
27-06-09
ഇന്ന് ചീത്ത ദിവസമായിരുന്നു. ക്ലാസില്‍ ടീച്ചര്‍ വന്നില്ല. രാവിലെ മാഷ് വന്നു. പത്രത്തില്‍ പോപ്പ് സംഗീത ചക്രവര്‍ത്തി അന്തരിച്ച വാര്‍ത്ത വായിച്ചു. വാര്‍ത്താ ക്വിസ് ഉണ്ടായിരുന്നു. എനിക്ക് അഞ്ചില്‍ നാല് മാര്‍ക്ക് കിട്ടി. ഹെഡ് മാഷ് ഒരു ചോദ്യം തന്നു. ഉത്തരത്തോടടുത്തു വന്നു, പക്ഷെ കിട്ടിയില്ല.
28-06-09 – ഞായര്‍
ഇന്ന് മഴയത്തായിരുന്നു ഞാനും റാഷിഖും മദ്രസയില്‍ ഉസ്താദിന് ചായക്ക് പോയത്. ഇന്ന് സാലുവിന്റെ പുതിയ വീടിന്റെ തറ നനക്കുകയാണ്. മജ്മഅ് കോളജിലെ കിണറിലെ വെള്ളമാണ് എടുത്തത്. ഞാനും കുഞ്ഞോനും കൂടി നരിക്കുനിക്ക് പോയി സാധനം വാങ്ങി. രാത്രി എഴുതി, പഠിച്ചു, ഉറങ്ങി.
29-06-09- തിങ്കള്‍
ഇന്ന് രാവിലെ ഒരു മഴ പെയ്തു. സ്കൂളില്‍ പോകുമ്പോള്‍ കുട എടുക്കാന്‍ മറന്നു. ഇന്നത്തെ അസംബ്ലിയില്‍ മഴ പെയ്തു. പ്രതിജ്ഞ പറയുന്നതിന്റെ ഇടക്കാണ് മഴ പെയ്തത്. കാര്യം പറയാന്‍ സമയം കിട്ടിയിട്ടില്ല. ഉച്ചക്ക് മീറ്റിംങ് ഉണ്ടായിരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കണ്‍വീനര്‍ സിനാനും ജോയിന്റ് കണ്‍വീനര്‍ സഫ്വാനും. വൈകുന്നേരം സ്കൂള്‍ വിട്ടു.
30-06-09
ഇന്ന് നല്ല ദിവസമായിരുന്നു. സ്കൂട്ടറിന്മേലായിരുന്നു മദ്രസയിലേക്ക് വന്നത്. എത്തിയ ഉടന്‍ തമീം ചോദിച്ചു രൂപാ കൊണ്ടുവന്നിട്ടുണ്ടോയെന്ന്. ഞാന്‍ ഇല്ല എന്നു പറഞ്ഞു. രാവിലെ നല്ല മഴയുണ്ടായിരുന്നു. സ്കൂളില്‍ പുസ്തകം വില്ക്കുന്നവര് ഒരു മണിക്ക് വരുമെന്ന് പറഞ്ഞ് 3.15നാണ് വന്നത്. വൈകുന്നേരം നാസര്കാക്ക വന്നു. ഉമ്മയും അനിയത്തിയും അങ്ങ്* പോയി, രാത്രി വന്നു.
1.7.09
ഇന്ന് നല്ല മഴയായിരുന്നു. അനിയത്തി അങ്ങു പോയതിനാല്‍ മദ്രസയില്‍ വന്നില്ല. വണ്ടിയിലായിരുന്നു മദ്രസയിലേക്ക് വന്നത്. മദ്രസയിലെ തോട്ടില്‍ വെള്ളം നിറഞ്ഞു. ഇന്ന് രാവിലെ ഇറച്ചിക്കറിയും കപ്പയുമായിരുന്നു. ഡയറി വായിച്ചു. ഉച്ചക്ക് കടലക്കറി കൊണ്ട് വന്നിരുന്നു. ജാവിദിനും തങ്കവേലുവിനും സാബിത്തിനും സാഹിലിനും തല്ലുകിട്ടി. കുറിപ്പ് എഴുതി. വൈകുന്നേരം നല്ല മഴയായിരുന്നു.
04-07-09
ഇന്നലെ പല്ലുപറിച്ചതിനാല് ഡയറി എഴുതിയിട്ടില്ലായിരുന്നു. മഴത്തുള്ളിയുടെ ഒച്ചയായതിനാല് മദ്രസയില്‍ ഉസ്താദ് പറയുന്നത് കേട്ടില്ല. അറബി മാഷ് വാര്‍ത്താ ക്വിസ് നടത്തി. ഫസ്റ്റ് എനിക്കായിരുന്നു. ഉച്ചക്ക് ശേഷം സ്കൂളില്‍ പോയില്ലായിരുന്നു. കുട സ്കൂളില്‍ വെച്ച് മറന്നു പോയി. വൈകുന്നേരം ഉപ്പ ഒരു കുട വാങ്ങി.
05-07-09
ഇന്ന് രാവിലെ പുതിയ കുട ചൂടിയാണ് മദ്രസയിലേക്ക് പോയത്. ഉച്ചക്ക് ജംഷിക്കാക്കയും മുത്തുത്താത്തയും വന്നു. ഉച്ചക്ക് ബിരിയാണിയായിരുന്നു. വൈകുന്നേരം നല്ല മഴ. നരിക്കുനിയില്‍ പോയിരുന്നു. റോഡ് നിറയെ വെള്ളം. രാത്രിയും നല്ല മഴ.
07-07-09
ഇന്ന് നല്ല ദിവസമായിരുന്നു മദ്രസയിലേക്ക് ചായ കൊണ്ട് വരാന്‍ ഞാനും ആഷിഖുമായിരുന്നു. പുറത്ത് വിട്ടപ്പോള്‍ കടല ബിസ്കറ്റും കേക്കുമായിരുന്നു കഴിച്ചത്. ഉച്ചക്ക് സ്കൂളില്‍ നിന്നായിരുന്നു ചോറ്. സാബിത്തിനും തമീമിനും ഞാന്‍ കണക്ക് ചെയ്യാന്‍ കൊടുത്തു. തമീമിന്റെ കണക്ക് തെറ്റിയിരുന്നു. വൈകുന്നേരം പുറത്ത് പോയിരുന്നില്ല. സ്കൂള്‍ വിട്ടു. തിരിച്ചുവരുമ്പോള്‍ അനിയത്തി ചെളിയില്‍ വീണു. ഉമ്മ അങ്ങു പോയി.
08-07-09
ഇന്ന് നല്ല ദിവസമായിരുന്നു. മദ്രസ വിടുന്ന സമയത്ത തമീമും സാഹിലും ഭയങ്കര ഉച്ചത്തിലാണ് സ്വലാത്ത് ചൊല്ലിയത്. അവര്‍ക്ക് ഉസ്താദിനോട് ചീത്ത കേട്ടു. സ്കൂളില്‍ വെച്ച് തമീം പ്യൂണിന്റെ തലക്ക് ബെല്ലുകൊണ്ടടിച്ചു. ടീച്ചര്‍ ബെല്ലടിക്കല്‍ റിസ്വാനെ ഏല്പിച്ചു. ഉച്ചക്ക് സ്കൂളിന്റെ ഭൂപടം വരച്ചു. വൈകുന്നേരം സ്കൂള്‍ വിട്ടു. രാത്രി അദ്രൈമാന്ക്ക വന്നിരുന്നു. കളര്‍ കൊണ്ടു വന്നു.
10-07-09
ഇന്ന് വെള്ളിയാഴ്ചയാണ്. സ്കൂള്‍ ഇല്ല. രാവിലെ കളിക്കുടുക്കയില്‍ കളര്‍ ചെയ്തു. സപ്ലൈക്കോയില്‍ പോയി സാധനം വാങ്ങി. ബലൂണ്‍ തട്ടിക്കളിച്ചു. ഉച്ചക്ക് പള്ളിയില്‍ പോയി. വൈകുന്നേരം പന്ത് തട്ടിക്കളിച്ചു.
13-07-09
ഇന്ന് എനിക്ക് വളരെയധികം സന്തോഷം നിറഞ്ഞ ദിവസമായിരുന്നു. രാവിലെ അസംബ്ലിയുണ്ടായിരുന്നു. ഉച്ചക്ക് ചോറ് വീട്ടില്‍ നിന്നും കൊണ്ട് വന്നതായിരുന്നു. രാവിലെ കുറച്ച് മഴ പെയ്തിരുന്നു. വൈകുന്നേരം ഫിന എനിക്ക് കളര്‍ പേന തന്നു. ഉപ്പ കസേര കൊണ്ട് വന്നു. രാവിലത്തെക്കാള്‍ നല്ല മഴ. ഭാഗ്യം, മഴക്ക് മുമ്പ് പാഠപുസ്തകം വായിക്കാന്‍ കഴിഞ്ഞല്ലോ.
14-07-09
ഇന്ന് സ്കൂളില്‍ കുട്ടികളുടെ കണക്കെടുക്കുന്ന ദിവസമാണ്. ഷെല്‍ഫില്‍ രണ്ട് പൂച്ചക്കുട്ടികള്‍. അതിന്റെ അമ്മ ക്ലാസില്‍ കയറാന്‍ നോക്കുന്നുണ്ട്. ടീച്ചര്‍ അനുഭവക്കുറിപ്പ് വായിപ്പിച്ചു. മുളകും മാങ്ങയിഞ്ചിയുമായിരുന്നു കൊണ്ട് വന്നിരുന്നത്. ലൈബ്രറി കിട്ടി. ഞാന്‍ അത്ഭുതലോക രഹസ്യങ്ങള്‍ എന്ന പുസ്തകം എടുത്തു. നരിക്കുനിയില്‍ വെള്ളം. വൈകുന്നേരം പന്ത് കളിച്ചു.
15-07-09
ഇന്ന് അസംബ്ലിയുണ്ടായിരുന്നു. പുറത്ത് വിട്ടപ്പോള്‍ ചകിരി പെറുക്കി കോണിക്കൂട്ടിലിട്ടു. ഉച്ചക്ക് തെമീമിന് നെഞ്ചു വേദന. എന്നിട്ട് അവന്റെ ഇക്കാക്കയെ വിളിച്ച് കൊണ്ട് പോയി. ചെടി നട്ടു. ടെക്സ്റ്റില്‍ പാട്ടെഴുതാത്തതിനാല് ചിലര്‍ക്ക് അടികിട്ടി. സ്കൂള്‍ വിട്ടു.
16-07-09
ഇന്ന് ചീത്ത ദിവസമായിരുന്നു. ഇന്ന് രാവിലെ ഫിദ വീണു. ഭാഗ്യത്തിന് തോട്ടിലെത്തിയില്ല. മൂക്കില്‍ നിന്ന് ചോര വന്നിരുന്നു. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയി. ഇന്ന് ഉച്ചക്ക് മുളക് കൊണ്ട് വന്നിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടു. നരിക്കുനിയില്‍ പോയി. ഓടയില്‍ എന്റെ മുട്ടോളം വെള്ളമുണ്ട്.
17-07-09
ഇന്ന് അവധി ദിനമാണ്. ഇത്താത്തയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ട് പോയപ്പോള്‍ ഞാനും പോയി. ബാങ്കു കൊടുത്തപ്പോഴാണ് വീട്ടിലെത്തിയത്. വേഗം പള്ളിയില്‍ പോയി. ഭയങ്കര വെള്ളം. രാത്രി ഉപ്പ ബള്‍ബ് കൊണ്ട് വന്നു.
18-07-09
ഇന്ന വളരെ സന്തോഷത്തോടെയാണ് മദ്രസയില്‍ പോയത്. അങ്ങ്് വെള്ളപ്പൊക്കം കാണാന്‍ പോകുന്നുണ്ട്. പുറപ്പെട്ടത് 10 മണിക്കാണ്. പടനിലം റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വന്നു. പോകുന്ന വഴി പല പറമ്പിലും വീടിലും വെള്ളം കയറിയത് കണ്ടു. ചെറൂപ്പയില്‍ നിന്ന് ഞാന്‍ ജലീസ് കാക്കയുടെ ഓട്ടോയില്‍ വന്നു. വണ്ടി വെള്ളമില്ലാത്ത സ്ഥലത്ത് വെച്ചു. റോഡാകെ വെള്ളം നടുവിലെത്തിയപ്പോള്‍ എന്നെ എടുത്തു. കുറ്റിക്കടവ് പാലം മുങ്ങിയിരിക്കുന്നു. വെള്ളത്തില്‍ നിന്ന് കുപ്പിയിലാക്കിയ പെരുമ്പാമ്പിനെ കണ്ടു. രാത്രി കറണ്ടില്ലായിരുന്നു.
19-07-09
ഇന്ന് ഉച്ചക്ക് നരിക്കുനിയില്‍ പോയി. ഏഴ് മണിക്ക് ഞാന്‍ തോട്ടില്‍ പോയി. സാനുവും സാലുവുമുണ്ടായിരുന്നു. റ്റിയൂബില്‍ കയറി കളിച്ചു. കണ്ണാമ്പലത്ത് പോയി. അവിടത്തെ വര്‍ക്ക് ഏരിയയില്‍ വെള്ളമെത്തി. ജംഷിക്കാക്ക പാത്രം കഴുകുന്നു. തിരിച്ച് പോരുമ്പോള്‍ മലയടുക്കി വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ ജംഷിക്കാക്ക ചെറൂപ്പ വരെ ആക്കിത്തന്നു. പിന്നെ കുന്ദമംഗലത്തേക്കുള്ള ബസില്‍ കയറി. പിന്നെ അവിടുന്ന് നരിക്കുനിയിലേക്കും. ഓടയില്‍ എന്റെ മുട്ടോളം വെള്ളമുണ്ടായിരുന്നു. രാത്രി പന്ത് കളിച്ചു.
22-07-09
ഇന്ന് മദ്രസയില്‍ ഫാത്തിഹ ഓതാന്‍ ഞാനായിരുന്നു, സ്വലാത്തിനും. ഇന്ന് കണക്ക് ചെയ്യാത്തവര്‍ക്ക് അടികിട്ടി. ഉച്ചക്ക് ചതുരമുണ്ടാക്കി, ഫിദ എനിക്ക് മയില്‍പീലി എട്ടെണ്ണം തന്നു. ഞാനത് സൂക്ഷിച്ചുവെച്ചു. വൈകുന്നേരം ഞാനൊഴികെ എല്ലാവരും മരിച്ചിടത്ത് പോയി. ഫുട്ബോള്‍ കളിച്ചു. മീന്‍ വാങ്ങി.
23-07-09
ഇന്ന് പത്രത്തില്‍ ഇന്നലെയുണ്ടായ സൂര്യഗ്രഹണത്തിന്റെ വാര്‍ത്തയായിരുന്നു ഒന്നാം പേജില്‍. തൃശൂരിലെ സൂര്യഗ്രഹണത്തിന്റെ ചിത്രം കാണാന്‍ നല്ല ഭംഗി. വാര്‍ത്ത എഴുതിയിരുന്നു. തമീമായിരുന്നു വായിച്ചത്. കേട്ടെഴുത്തും ക്വിസും ഉണ്ടായിരുന്നു. എനിക്ക് 10ല്‍ അഞ്ച് മാര്‍ക്ക് കിട്ടി.
24-07-09
ഇന്ന് പത്രത്തിലെ വാര്‍ത്ത എന്നെ ഞെട്ടിച്ചു. വൈകല്യമുള്ള കുട്ടികളെ ഗ്രഹണ സമയത്ത് പകുതിവരെ മണ്ണില്‍ കുഴിച്ചിടുക. പാവം. പിന്നെ ദിനോസറിന്റെ എല്ലു കണ്ടുപിടിക്കുന്നതും. പോരാട്ടത്തിന്റെ കഥകളും കണ്ടു. പള്ളിയില്‍ പോയി. വൈകുന്നേരം ചാന്ദ്രദിനത്തെക്കുറിച്ച് പഠിച്ചു. ഉമ്മ അങ്ങ് പോയിരുന്നു.
3.08.09
ഇന്ന് സ്കൂളില്‍ അസംബ്ലിയുണ്ടായിരുന്നു. രാവിലെ ടീച്ചര്‍ ഓണം ഫെസ്റ്റ് എന്ന ഡിസ്ക് രണ്ടാം ഭാഗം തന്നു. പുറത്തുവിട്ടപ്പോള്‍ ബിസ്കറ്റ് തിന്നു. വൈകുന്നേരം മീന്‍ പിടിച്ചു. മൂന്നെണ്ണം കിട്ടി. രാത്രി ഉപ്പ എന്റെ ഫോട്ടോ കൊണ്ടുവന്നു. ഞാനത് മലയാളം പുസ്തകത്തില്‍ ഒട്ടിച്ചു.
4.08.09
ഇന്ന് എന്നോട് മദ്രസയില്‍ ഫാത്തിഹ കുറച്ച് തെറ്റിപ്പോയി. ഞാന്‍ ഒരു പെട്ടി വാങ്ങി. അതിനൊപ്പം കീശയില്‍ കുത്തുന്ന ഒരു ചിത്രം കിട്ടി. ഉച്ചക്ക് കടലക്കറിയായിരുന്നു. വൈകുന്നേരം ടീച്ചര്‍ പാട്ട് ചൊല്ലിച്ചു. വൈകുന്നേരം പപ്സ് തിന്നു. രാത്രി പാട്ടിന്റെ മുക്കാല്‍ വരി പഠിച്ചു.
5.08.09
ഇന്ന് ഞാന്‍ ക്ലാസില്‍ ഡയറി കൊണ്ട് വന്നില്ലായിരുന്നു. പുറത്ത് വിട്ടപ്പോള്‍ കഴിക്കാന്‍ കടലയായിരുന്നു കൊണ്ട് വന്നത്. ഉച്ചക്ക് ചോറ് സ്കൂളില്‍ നിന്നായിരുന്നു. കളിച്ചു. ഇന്ന് വൈകുന്നേരം മീന്‍ വാങ്ങാന്‍ പോയി. മത്തിയായിരുന്നു വാങ്ങിയത്. ഇന്നാണ് കൗമുദി ടീച്ചര്‍ മരണപ്പെട്ടത്. ഗാന്ധിജിക്ക് സ്വര്‍ണം ഊരിക്കൊടുത്ത കൗമുദിടീച്ചര്‍.
6.08.09
ഇന്ന് ഹിരോഷിമ ദിനമാണ്. അമേരിക്കക്കാര്‍ ഹിരോഷിമയില്‍ അണുബോംബിട്ട ദിവസം. ലോകത്ത് ഹൃദയമുള്ളവരെ മുഴുവന്‍ കരയിപ്പിച്ച ദിവസം. അത് ഓര്‍ക്കാന്‍ തന്നെ കഴിയുന്നില്ല. സ്കൂളിലേക്ക് നടക്കുമ്പോള്‍ അത് തന്നെയായിരുന്നു ചിന്ത.
7.08.09
ഇന്ന് വെള്ളിയാഴ്ച സ്കൂള്‍ ഇല്ല. മദ്രസയില്‍ നാളെയാണ് പരീക്ഷ. എനിക്ക് പേടിയായിരുന്നു. ഉച്ചക്ക് പള്ളിയില്‍ പോയി. പഠിച്ചുകഴിഞ്ഞപ്പോള്‍ പേടിയൊക്കെ മാറി. വൈകുന്നേരം ഫുട്ബോള്‍ കളിച്ചു. നിസ്കരിച്ച ശേഷം പരീക്ഷ എളുപ്പമാകണേയെന്ന് പ്രാര്‍ഥിച്ചു.
*അമ്മയുടെ വീട്.