കാശ്മീരില്‍ സൈന്യത്തിനെതിരെ ഉയരുന്ന ഏതൊരാരോപണവും രാജ്യത്തിന്റെ അഭിമാനപ്രശ്നമാണ്. സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ വൈകാരിക ദേശീയതയുടെ പേരില്‍ കണ്ണടക്കുകയാണ് രാഷ്ട്രം ചെയ്യുന്നത്. രാജ്യത്തിന്റെ അഭിമാന ബോധം തൊട്ടുണര്‍ത്തേണ്ട നിരവധി സംഭവങ്ങള്‍ താഴ്വരയില് അരങ്ങേറുന്നു. നിരപരാധികള്‍ പീഢിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാകുന്നു. സെന്യത്തിനും പാക് ഭീകരര്‍ക്കുമിടയില്‍ അസ്ഥിത്വം നഷ്ടപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന ജനതയായി മാറിയിരിക്കുന്നു കാശ്മീരികള്‍.
ഷോപ്പിയാനില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ആശ്വാസത്തിനിട നല്‍കുന്നില്ല. 18 വര്‍ഷം മുമ്പ് കുപ്വാര ജില്ലയിലെ കുനാന്‍ ഗ്രാമത്തില്‍ സൈന്യം നടത്തിയ കൂട്ട ബലാത്സംഗക്കേസിന് തുമ്പില്ലാതായത് പോലെ ഷോപ്പിയാന്‍ കൊലപാതകവും ഭരണകൂട-സൈനിക സഖ്യത്തിന്റെ ഉരുക്കുമുഷ്ടിയില്പ്പെട്ട് തെളിവില്ലാതെ കുഴിച്ച് മൂടപ്പെടുമെന്ന ഭീതി ഉയര്‍ത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിലേറെ താഴ്വരയെ പ്രക്ഷുബ്ധമാക്കിയ ഷോപിയാന്‍ സംഭവത്തില്‍ ഡി.എന്‍.എ പരിശോധനക്കയച്ച സാംപിളുകളില്‍ കൃത്രിമം നടന്നതായാണ് പുതിയ റിപോര്‍ട്ട്.
കഴിഞ്ഞ മെയ് 30നായിരുന്നു 22കാരി നിലോഫറിന്റെയും 17 വയസ്സുള്ള ഭര്‍തൃസഹോദരി ആസിയയുടെയും മൃതദേഹം ഷോപ്പിയാനിലെ വഴിയരികിലെ അരുവിയില്‍ കണ്ടത്. യുവതികളെ സൈന്യം ബലാല്‍സംഗം ചെയ്ത് കൊന്നതാണെന്ന് ആരോപണമുയര്‍ന്നു. യുവതികളുടെ മൃതദേഹങ്ങളില്‍ നിന്നെടുത്ത സാംപിളുകളല്ല കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനക്കായി അധികൃതര്‍ അയച്ചിരിക്കുന്നതെന്നാണു ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇക്കാര്യം ദി ഹിന്ദു പത്രം ചൊവ്വാഴ്ച തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
പരിശോധനക്കയച്ച ദ്രാവകത്തിന്റെ ഡി.എന്‍.എ, ഇരുവരുടെയും രക്തസാംപിളുകളുമായി യോജിക്കുന്നില്ലെന്നു കണ്ടെത്തിയതോടെയാണ് സാംപിള്‍ യുവതികളുടെതല്ലെന്ന് വ്യക്തമായത്. കുറ്റവാളികളെ രക്ഷിക്കുന്നതിന് മൃതദേഹങ്ങളില്‍ നിന്നു സാംപിളുകള്‍ എടുക്കുന്നതിനു പകരം മറ്റാരുടെയോ ശരീരഭാഗത്തു നിന്നു ദ്രവം ശേഖരിച്ചുവെന്നാണു സൂചന. മൃതദേഹങ്ങളില്‍ നിന്നു സാംപിളുകള്‍ എടുക്കാന്‍ താന്‍ ശ്രമിച്ചുവെങ്കിലും ശരീരം തണുത്തുറഞ്ഞതുകാരണം സാധിച്ചില്ലെന്ന് ഷോപിയാനിലെ ഡോക്ടര്‍ നാസിയാ ഹസന് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതേദിവസമാണ് യുവതികളുടെ സാംപിളുകള്‍ എന്ന പേരില്‍ ശ്രീനഗറിലെ ജമ്മുകശ്മീര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കു ദ്രവം പരിശോധനക്കയച്ചത്. സാംപിളുകള്‍ വേണ്ടരീതിയില്‍ സീല്‍ ചെയ്യാതിരുന്നതിനാല്‍ ലാബ് അധികൃതര്‍ അതു സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. യുവതികളുടെ കൊലപാതകത്തെ തുടര്‍ന്നു പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണസംഘത്തലവന്‍ ഫാറൂഖ് അഹ്മദാണ് പിന്നീട് സാംപിളുകള്‍ ന്യൂഡല്‍ഹിയിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചത്.കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഷോപ്പിയാനിലൂടെ കാശ്മീര്‍ താഴ്വരയില് ചരിത്രം ആവര്‍ത്തിക്കുകയാണ്. 1991 ഫെബ്രുവരി 23 ശനിയാഴ്ചയില്‍ താഴ്വരയെ ഞെട്ടിച്ച സൈനികാതിക്രമത്തിന്റെ തുടര്‍ച്ചയായാണ് അവര്‍ ഷോപ്പിയാനെ കാണുന്നത്. നീണ്ട 18 വര്‍ഷത്തിനിടയില്‍ പുറത്ത് വന്നതും അല്ലാത്തതുമായി നിരവധി പീഢന കഥകള്‍ അവര്‍ക്ക് പറയാനുണ്ട്. കുപ്വാര ജില്ലയിലെ കുനാന്‍ ഗ്രാമത്തിലായിരുന്നു 18 വര്‍ഷം മുമ്പ് സൈന്യം അഴിഞ്ഞാടിയത്. വീട്ടിലെ പുരുഷന്മാരെ ഒന്നടങ്കം അറസ്റ്റ് ചെയ്തു കൊണ്ട് പോയ സൈന്യം അന്നേക്കന്ന് രാത്രി വീടുകളിലെത്തി അവരുടെ അമ്മമാരെയും ഭാര്യമാരെയും മക്കളെയും കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ജമ്മു കാശ്മീരിലെ വിഘടനവാദത്തെ നേരിടാന്‍ ഇന്ത്യാ സര്‍ക്കാര്‍ കഠിനമായ ശ്രമങ്ങള്‍ തുടങ്ങിയ കാലമായിരുന്നു അത്. വസ്തുതകള്‍ പുറത്ത് വരാതിരിക്കാന്‍ സൈന്യവും സര്‍ക്കാറും ആവുന്നത്ര ശ്രമിച്ചു.
അത്തരമൊരു സംഭവമോ പരാതിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു സൈനിക നിലപാട്. പിന്നീട് കുപ്വാര ജില്ലാ മജിസ്ട്രേറ്റിനു മുമ്പില്‍ പരാതിയെത്തി.. രണ്ടു ദിവസത്തിനുശേഷം ഗ്രാമം സന്ദര്‍ശിച്ച ജില്ലാ മജിസ്ട്രേറ്റ് എസ്.എം. യാസിന് പട്ടളക്കാര്ക്കെതിരെ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കി.
ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്ട്ടുവന്നെങ്കിലും സൈനികാധികാരികള്‍ സംഭവം പൂര്‍ണമായും നിഷേധിച്ചു. ഒരു മാസത്തിനു ശേഷം ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഫ്തി ബഹാവുദ്ദീന്‍ ഫാറൂഖിയുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘം കുനാനിലെത്തി അന്വേഷിച്ചു. കേസില്‍ പോലീസ് നടപടിക്രമങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കി.
തൊട്ടു പിറ്റേന്ന് ഗ്രാമം സന്ദര്‍ശിച്ച ഡിവിഷണല്‍ കമ്മിഷണര്‍ വജാഅത്ത് ഹബീബുള്ളക്കും സംഭവം ബോധ്യപ്പെട്ടു. അന്വേഷണത്തിനു ചുമതലപ്പെടുത്തിയ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ദില്ബൗഗ് സിങ് ഏതാനും മാസം കഴിഞ്ഞ് അന്വേഷണം തുടങ്ങുകയോ, ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യാതെ കുപ് വാരയില്‍ നിന്ന് സ്ഥലം മാറിപ്പോയി. അങ്ങനെ ജമ്മുകാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ഒരു സൈനിക ബലാത്സംഗക്കേസ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയപ്പെട്ടു. സ്ത്രീകളുടെ നഷ്ടപ്പെട്ട അഭിമാനത്തിനും ഒഴുകിയ കണ്ണുനീരിനും ഭരണകൂടം ഒരു വിലയും കല്‍പ്പിച്ചില്ല.
എന്നാല്‍ സംഭവം അന്താരാഷ്ട്ര തലത്തില്‍ വിവാദമായപ്പോള്‍ മുഖം രക്ഷിക്കാന്‍ പ്രസ് കൗണ്‍സിലിനോട് അന്വേഷണം നടത്താന്‍ സൈന്യം അഭ്യര്‍ഥിച്ചു. തികച്ചും ഏകപക്ഷീയമായ റിപ്പോര്‍ട്ടായിരുന്നു സര്‍ക്കാറുമായി ഒട്ടി നില്ക്കുന്ന പ്രസ് കൗണ്‍സില്‍ നല്‍കിയത്. പീഢനത്തിനരയായ സ്ത്രീകള്‍ വസ്തുതകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും നിരത്തി പ്രസ് കൗണ്‍സിലിന് മുമ്പാകെ നടത്തിയ വിശദീകരണങ്ങള്‍ നിഷ്കരുണം അവഗണിക്കപ്പെട്ടു.
എന്നാല്‍ സംഭവത്തെയും പ്രസ്കൗണ്‍സിലിന്റെ അന്വേഷണത്തെയും 1992 ലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് വിമര്‍ശിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് എഷ്യാ വാച്ച് വിലയിരുത്തി. പ്രസ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടോടെ രാജ്യം സംഭവത്തെ അവഗണിച്ചു. കോടതിയില്‍ കുറ്റപ്പത്രം പോലുമെത്തിയില്ല. സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് ഡിവിഷണല്‍ കമ്മിഷര്‍ വജാഅത്ത് ഹബീബുള്ള ജോലിയില്‍ നിന്ന് രാജിവച്ചു. ഇപ്പോള്‍ ഷോപ്പിയാനിലും കുനാന്‍ മണക്കുന്നുണ്ട്. അതുകൊണ്ട് അതീവ ജാഗ്രതയിലാണ് ജനങ്ങള്‍. ഒരു മാസമായി അവര്‍ നിരന്തരം പ്രക്ഷോഭത്തിലാണ്. സമരത്തിനിടെ ചിലര്‍ക്ക് ജീവന് വരെ ത്യജിക്കേണ്ടി വന്നു. വൈകാരിക ദേശീയതക്ക് മുന്നില്‍ രാജ്യം അനീതിക്ക് കൂട്ടു നില്ക്കുമ്പോള് അതിര്വരമ്പിനപ്പുറത്ത് അത് മുതലെടുക്കാന്‍ ഭീകരവാദികള്‍ കരുതിയിരിക്കുന്നത് നമ്മുടെ ഭരണാധികാരികളെ അലോസരപ്പെടുത്താത്തതെന്തായിരിക്കും.