| Tuesday, 7th February 2012, 8:00 pm

കണ്ണൂര്‍ വിമാനത്താവളം ആദ്യഘട്ടം 2014 ല്‍ പൂര്‍ത്തിയാകും: മന്ത്രി കെ.ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവള പദ്ധതിയുടെ ആദ്യഘട്ടം 2014 ല്‍ പൂര്‍ത്തിയാകുമെന്നും 2015 ല്‍ ആദ്യ വിമാനം കണ്ണൂര്‍  വിമാനത്താവളത്തിലിറങ്ങുമെന്നും മന്ത്രി കെ. ബാബു പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് 645 ഏക്കര്‍ ഭൂമി സ്വന്തമാകുന്ന ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റണ്‍വേ നിര്‍മ്മാണത്തിന് ഏപ്രിലില്‍ ടെണ്ടര്‍ ക്ഷണിക്കും. പരിസ്ഥിതി പഠനം സെസ്സിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.  കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാരിന്റെ ഒരു ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമാണ്. അതിനാല്‍  മുന്‍ പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി, സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും, മന്ത്രി പറഞ്ഞു.

ധാരണാപത്രം ഒപ്പിട്ടതോടെ 26% ഓഹരി സര്‍ക്കാരിന് സ്വന്തമായി. 26%  ഓഹരിയ്ക്ക് അനുപാതികമായ സ്ഥലമാണ് സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കുക. ഈ ഉടമ്പടിയിലൂടെ 122 കോടി വില വരുന്ന 453 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിന് ലഭിക്കുക. എട്ട് കോടി വില വരുന്ന 192 ഏക്കര്‍ സ്ഥലം നേരത്തേ സര്‍ക്കാര്‍ കൈമാറിയിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നും 255 കോടി രൂപ കിന്‍ഫ്ര കടമെടുത്താണ് 1085 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. ഇതില്‍ 453 ഏക്കറാണിപ്പോള്‍ സര്‍ക്കാരിന്റെ ഓഹരിയായി വിമാനത്താവളത്തിന് നല്‍കുക. 619 ഏക്കര്‍ സ്ഥലം കണ്ണൂര്‍ വിമാനത്താവളത്തിന് കിന്‍ഫ്ര 60 വര്‍ഷത്തേയ്ക്ക് ഏക്കറിന് നൂറ് രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണയിലാണെന്ന് മന്ത്രി പറഞ്ഞു.

ആകെ 1000 കോടിയുടെ ഓഹരി മൂലധനമാണ് വിമാനത്താവളത്തിന്റേത്. ഇതില്‍ 500 കോടിയാണ് ആദ്യഘട്ടം സമാഹരിക്കുന്നത്. ശേഷിക്കുന്ന ഓഹരികളില്‍ 23% പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കും. രണ്ട് ശതമാനം ഓഹരികള്‍ കേരള സര്‍ക്കാര്‍ പ്രെമോട്ടു ചെയ്യുന്ന സിയാല്‍, ഇന്‍കല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കും. 49% ഓഹരികളാണ് സ്വകാര്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നതെന്നും  മന്ത്രി കെ. ബാബു പറഞ്ഞു.

സെക്രട്ടേറിയേറ്റിലുളള പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ടോം ജോസ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ രാംനാഥ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണല്‍ ഡയറക്ടര്‍ രാജശേഖര്‍ ഭാസ്‌ക്കരന്‍, ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ വിമല്‍ കുമാര്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍  പി.വി.ഷംസുദീന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ജോ വര്‍ഗീസ്, കാത്തലിക് സിറിയന്‍ ബാങ്ക് ചീഫ് മാനേജര്‍ ജേക്കബ് തോട്ടാന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. കണ്ണൂര്‍ വിമാനത്താവളം മാനേജിംഗ് ഡയറക്ടര്‍ വി.തുളസീദാസും പങ്കെടുത്തു.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more