എഡിറ്റര്‍
എഡിറ്റര്‍
ആഗസ്റ്റ് അവസാനം സുക്കര്‍ബര്‍ഗ്-പ്രിസില്ല ദമ്പതികള്‍ക്ക് ‘ആഗസ്റ്റ്’ അതിഥിയായി
എഡിറ്റര്‍
Monday 28th August 2017 11:48pm

മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ല ചാനും കാത്തിരുന്ന രണ്ടാമത്തെ അതിഥിയും എത്തി. അവള്‍ക്ക് അവര്‍ ഇട്ട പേര് ആണ് രസം. ആഗസ്റ്റെന്നാണ് സുക്കര്‍ബര്‍ഗ്ഗും പ്രിസില്ലയും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. ആദ്യ കുഞ്ഞുണ്ടായപ്പോള്‍ കത്തെഴുതിയതുപോലെ ഇത്തവണയും ദമ്പതികള്‍ കത്തെഴുതിയിട്ടുണ്ട്.

ആദ്യകുഞ്ഞ് പിറന്നപ്പോള്‍ അവള്‍ വളരാന്‍ പോകുന്ന ലോകത്തെക്കുറിച്ചാണ് കുഞ്ഞിന് വേണ്ടി സുക്കര്‍ബര്‍ഗ് കത്തെഴുതിയത്. ഇത്തവണ പക്ഷേ ശൈശവത്തിന്റെ മനോഹാരിതയാണ് കത്തിന്റെ ഉള്ളടക്കം. ‘ഈ ലോകത്തേക്ക് സ്വാഗതം. നീ ആരായിത്തീരുമെന്ന് ഓര്‍ത്ത് ഞാനും നിന്റെ അമ്മയും ആകാംക്ഷയിലാണ്’. എന്നു പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

‘നിന്റെ ചേച്ചി പിറന്നപ്പോള്‍ അവള്‍ വളരേണ്ടത് എങ്ങനെയുള്ള ലോകത്തിലായിരിക്കണമെന്നതിനെക്കുറിച്ചാണ്- ഇപ്പോള്‍ നീയും- ഞങ്ങളെഴുതിയത്. മികച്ച വിദ്യാഭ്യാസവും മഹത്തായ തുല്യതയും കുറഞ്ഞ രോഗങ്ങളുമൊക്കെയുള്ള ലോകമാകട്ടെ അതെന്നാണ് പ്രത്യാശ. ശാസ്ത്രവും സാങ്കേതികതയുമൊക്കെ വളരെയധികം വികസിച്ച നാടകീയത നിറഞ്ഞ ഒരു ലോകമായിരിക്കും അത്. ഞങ്ങളെക്കാള്‍ മികച്ച രീതിയില്‍ നിങ്ങള്‍ ജീവിക്കും. തെറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാര്‍ത്താ തലക്കെട്ടുകളാണ് ചുറ്റുമെങ്കിലും നല്ലതിന് വിജയമുണ്ടാവുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ തലമുറയെയും ഭാവിയെയും കുറിച്ച് പ്രത്യാശ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്’. കത്തില്‍ പറയുന്നു.


Also Read:  സ്ത്രീകളുടെ ചേലാകര്‍മ്മം; പി.കെ ഫിറോസിനും യൂത്ത് ലീഗിനുമെതിരെ സമസ്ത ഇ.കെ വിഭാഗം; വിമര്‍ശനം കനത്തപ്പോള്‍ യൂത്ത് ലീഗിനെ പ്രശംസിച്ച പോസ്റ്റ് വലിച്ച് മുനവ്വറലി തങ്ങള്‍


വളര്‍ച്ചെയക്കുറിച്ച് സംസാരിക്കുന്നതിനും അപ്പുറം നമുക്ക് കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കാം. ലോകം വളരെ ഗൗരവം നിറഞ്ഞ ഒരിടമായിരിക്കും. അതുകൊണ്ടാണ് വീടിന് വെളിയില്‍ പോവാനും കളിക്കാനും സമയം കണ്ടെത്തുക എന്നത് അത്രമേല്‍ പ്രധാനമാവുന്നതെന്നും കത്തില്‍ അവര്‍ പറയുന്നു.

കുട്ടിക്കാലം മാന്ത്രികമാണ്. ജിവിതത്തിലൊരിക്കലേ കുട്ടിയായിരിക്കാന്‍ പറ്റൂ. അതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള ആശങ്കകളെ മാറ്റിനിര്‍ത്തിയേക്കണം. ഈ ലോകം നിനക്ക് മികച്ചതാക്കാന്‍ ഞങ്ങളാലാവുന്നതൊക്കെ ഞങ്ങള്‍ ചെയ്തു തരും. ആഗസ്റ്റ്, ഞങ്ങള്‍ നിന്നെ വളരെയധികം സ്നേഹിക്കുന്നു. സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം നിനക്കായി ആശംസിക്കുന്നു. എന്നു പറഞ്ഞാണ് സുക്കറും പ്രിസില്ലയും കത്ത് അവസാനിപ്പിക്കുന്നത്.

Advertisement