മുറാദ് അഹ്മദ് ഇനിയും വരും, പാട്ടും പാടിക്കൊണ്ട്; ഗല്ലി ബോയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു
Entertainment
മുറാദ് അഹ്മദ് ഇനിയും വരും, പാട്ടും പാടിക്കൊണ്ട്; ഗല്ലി ബോയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു
ന്യൂസ് ഡെസ്‌ക്
Sunday, 10th March 2019, 1:18 pm

ന്യൂദല്‍ഹി: ബോളിവുഡ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു സോയാ അക്തറിന്റെ ഗല്ലി ബോയ്. സമൂഹത്തിലും വീട്ടിലും താന്‍ കാണുന്നതും നേരിടുന്നതുമായ അനീതികള്‍ക്കെതിരെ സംഗീതം ആയുധമാക്കുന്ന മുറാദിന്റെ കഥ പറയുന്ന ചിത്രത്തിലെ 18 പാട്ടുകളും ബോളിവുഡിന്റെ ചട്ടക്കൂടുകളെ പൊളിച്ചെറിയുന്നവയായിരുന്നു.

സാമ്പത്തിക വിജയവും മികച്ച നിരൂപക ശ്രദ്ധയും നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ചിത്രത്തിന്റെ സംവിധായിക സോയാ അക്തര്‍ അറിയിച്ചു. ഡെക്കാന്‍ ക്രോണിക്കളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോയ.

“എനിക്കും സഹ എഴുത്തുകാരി റീമ കാഗ്ട്ടിക്കും തോന്നുന്നത് രാജ്യത്തെ ഹിപ് ഹോപ് സംസ്‌കാരത്തെക്കുറിച്ച് പറാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്നാണ്. ഇതേ തീമില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുകയാണിപ്പോള്‍”- സോയ പറഞ്ഞു.

തന്റെ സഹോദരന്‍ ഫര്‍ഹാന്‍ അക്തര്‍ പുതിയ ചിത്രത്തിലും ഉണ്ടാവില്ലെന്ന് സോയ പറഞ്ഞു. ഫര്‍ഹാന്‍ ഇല്ലാത്ത സോയയുടെ ആദ്യത്തെ ചിത്രമായിരുന്നു ഗല്ലി ബോയ്. ഗല്ലി ബോയില്‍ ആലിയ ബട്ട്, കല്‍ക്കി കൊച്ച്‌ലിന്‍, സിദ്ധാന്ത് ചധുര്‍വേദി, വിജയ് റാസ് എന്നിവരും അഭിനയിച്ചിരുന്നു.  രണ്‍വീര്‍ സിങ്ങ് ആണ് മുറാദ് അഹ്മദിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഗല്ലി ബോയ് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇത്രയും ആഘോഷിക്കപ്പെട്ട ചിത്രം താന്‍ കണ്ടിട്ടില്ലെന്നായിരുന്നു ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയരക്ടര്‍ കാമെറോണ്‍ ബെയ്ലി ചിത്രം കണ്ടതിന് ശേഷം ട്വിറ്ററില്‍ പങ്കു വെച്ചത്. “നിറഞ്ഞ സദസ്സില്‍ ഗല്ലി ബോയുടെ വേള്‍ഡ് പ്രീമിയര്‍ കണ്ടു. 20+ വര്‍ഷങ്ങള്‍ക്കിടയില്‍ മേളയില്‍ വെച്ച് ഇത്രയും കയ്യടികള്‍ ഞാന്‍ കേട്ടിട്ടില്ല”- എന്നായിരുന്നു രണ്‍വീര്‍ സിങ്ങിന്റെ ചിത്രത്തോടൊപ്പം ബെയ്ലി ട്വീറ്റ് ചെയ്തത്.