സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Football
‘ലോകത്തെ ഏറ്റവും നല്ല മാനേജര്‍ ക്ലബ്ബില്‍ തിരിച്ചെത്തി’; സിനദിന്‍ സിദാന്‍ വീണ്ടും റയല്‍മാഡ്രിഡ് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 12th March 2019 8:10am

 

മാഡ്രിഡ്: റയല്‍മാഡ്രിഡ് പരിശീലകനായ സിനദിന്‍ സിദാനെ വീണ്ടും നിയമിച്ചു. റയല്‍ പരിശീലക സ്ഥാനം രാജിവെച്ച് 10 മാസം കഴിയുമ്പോളാണ് ക്ലബ്ബ് അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നത്. 2022 വരെ ക്ലബ്ബില്‍ തുടരാമെന്നാണ് സിദാന്‍ റയല്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

‘ലോകത്തെ ഏറ്റവും നല്ല മാനേജര്‍ ക്ലബ്ബില്‍ തിരിച്ചെത്തി’ എന്നാണ് സിദാന്റെ പുനപ്രവേശത്തെ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീന പെരസ് വിശേഷിപ്പിച്ചത്.

നിലവിലെ പരിശീലകനായ സാന്റിയാഗോ സോളാരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് സിദാന്‍ മടങ്ങി എത്തിയിരിക്കുന്നത്. ചുമതലയേറ്റെടുത്ത് അഞ്ച് മാസം തികയുന്നതിന് മുമ്പ് തന്നെ സോളാരിയെ പുറത്താക്കുകയായിരുന്നു. റയലിന് തുടര്‍ച്ചയായ മൂന്നാം ചാപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ശേഷം കഴിഞ്ഞ മെയ് ലാണ് സിദാന്‍ റയല്‍ മാഡ്രിഡ് വിടുന്നത്.

സീസണില്‍ മോശം ഫോം തുടരുന്ന റയല്‍ ലാ ലീഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 12 പോയന്റ് പിറകിലായി മൂന്നാം സ്ഥാനത്താണ്.

ലാലീഗയില്‍ 12 മത്സരങ്ങളാണ് റയലിന് അവശേഷിക്കുന്നത്. അയാക്‌സിനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ റയല്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ബാഴ്‌സലോണയോട് തോറ്റിരുന്നു.

 

Advertisement